Published:24 May 2022
"മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട്....
ഒരു നിമിഷം പല മോഹം അതിൽ വിരിയും ചിരിയോടെ
മറുനിമിഷം മിഴിനീരിൻ കഥയായ് മാറും"
എസ് രമേശൻ നായർ, മോഹൻസിത്താര കൂട്ടുകെട്ടിൽ പിറന്ന മനോഹരമായ ഗാനം. അതെ ഒട്ടേറെ മായകൾ ഒളിപ്പിച്ചുവെച്ച ഒരു മാന്ത്രിക കൂടു തന്നെയാണ് മനുഷ്യമനസ്സ്. അതിനൊരു താളമുണ്ട്, വളരെ നേർത്തതും എന്നാൽ അതി സങ്കീർണവുമാണ് ആ താളം. മനസിന്റെ താളം തെറ്റിയ ഒരാൾ പിന്നീട് നിയന്ത്രണമില്ലാത്ത ഒരു ശരീരം മാത്രമാണ്. പല തരം മാനസിക പ്രശ്നങ്ങളിൽ അതിഗൗരവകരമായ രോഗാവസ്ഥയാണ് സ്കിസോഫ്രീനിയ അഥവാ ചിത്തഭ്രമം. ഒരാളുടെ ചിന്തകളെയും പ്രവര്‍ത്തികളെയും ഈ രോഗം കീഴ്മേല്‍ മറിക്കുന്നു. രോഗം ബാധിച്ചയാള്‍ യാഥാര്‍ഥ്യമേത് മിഥ്യയേത് എന്ന തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് മാറുന്നു.അതായത് തലച്ചോറിന്റെ ദൈനംദിന പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുകയും രോഗി ഒരുപാട് കാര്യങ്ങൾ സങ്കൽപ്പിക്കാനും ഭ്രമാത്മകമാക്കാനും തുടങ്ങുന്നു, ചിന്തകൾ യുക്തിരഹിതവും ക്രമരഹിതവുമാകുകയും ദൈനദിന കാര്യങ്ങൾ പോലും കൃത്യമായി ചെയ്യാൻ കഴിയതാകുന്ന അവസ്ഥയാണ് സ്കിസോഫ്രീനിയ.
ഈ രോഗത്തെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് എല്ലാ വർഷവും മെയ് 24-ന് ലോക സ്കീസോഫ്രീനിയ ദിനമായി ആചരിക്കുന്നത്. ഫ്രാൻസിലെ പ്രസിദ്ധ മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോ. ഫിലിപ്പി പൈനലിന്റെ ഓർമയ്ക്ക് വേണ്ടിയാണ് ലോക സ്കീസോഫ്രീനിയ ദിനം ആചരിക്കുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്ന രോഗികളുടെ ശുശ്രൂഷയുടെയും ചികിത്സയുടെയും കാര്യത്തിൽ വലിയ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.
കാരണങ്ങൾ
ശാരീരികവും മാനസികവുമായ പല കാരണങ്ങളും ഒരാളെ സ്കീസോഫ്രീനിയയിലേക്ക് നയിക്കാറുണ്ട്.
തലച്ചോറിലെ രാസപദാര്‍ത്ഥങ്ങളായ ഡോപാമൈന്‍ (dopamine) ഗ്ളൂട്ടമേറ്റ് (glutamate) എന്നിവയുടെ ഏറ്റക്കുറച്ചിലുകള്‍ ഈ രോഗത്തിനു കാരണമാകുന്നു.ചില കേസുകളിൽ പാരമ്പര്യം, ജന്മനാ തലച്ചോറിനേറ്റ ക്ഷതം, ഗര്‍ഭാവസ്ഥയില്‍ ബാധിച്ച വൈറസ് രോഗങ്ങള്‍, കുട്ടിക്കാലത്തെ ദുരനുഭവങ്ങള്‍ എന്നിവയൊക്കെ ഇതിന് കാരണങ്ങളാകാം. മാനസിക സംഘര്‍ഷങ്ങളും കുടുംബപ്രശ്നങ്ങളുമൊക്കെ അനുഭവിക്കുന്നത് ഈ രോഗാവസ്ഥയെ കൂടുതല്‍ വഷളാക്കും.
പ്രധാന ലക്ഷണങ്ങൾ
വിഭ്രാന്തി, മതിഭ്രമം, ക്രമരഹിതമായ ചിന്തകളും സംസാരവും, ചലന സംബന്ധമായ പ്രവർത്തനങ്ങളിലെയോ പെരുമാറ്റങ്ങളിലെയോ അസ്വാഭാവികതയും ക്രമരാഹിത്യവും, വൈകാരികമായ അസ്വസ്ഥതകൾ, സാധാരണ നിലയിലുള്ള പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിലെ ശേഷിക്കുറവ് തുടങ്ങിയവയാണ് സ്കീസോഫ്രീനിയയുടെ പ്രധാന രോഗലക്ഷണങ്ങൾ. കൗമാരപ്രായക്കാരിൽ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും അകന്നു നിൽക്കാനുള്ള പ്രവണത, പഠനത്തിൽ പിന്നോട്ട് പോകൽ, അസ്വസ്ഥമായ ഉറക്കം, വിഷാദാവസ്ഥ, ഉത്സാഹം ഇല്ലായ്മ തുടങ്ങിയ അവസ്ഥകളും സ്കീസോഫ്രീനിയയുടെ ലക്ഷണങ്ങൾ ആവാം.
ചികിത്സ ഉണ്ടോ?
വളരെ നേരത്തെ തിരിച്ചറിയുകയും കൃത്യമായി ചികിത്സ നൽകുകയും ചെയ്താൽ സ്കിസോഫ്രീനിയ ഭേദമാക്കാം. ഇതിനായി പ്രത്യേക തെറാപ്പികൾ ലഭ്യമാണ്. ഇലക്ട്രോകണ്വല്സീവ് തെറാപ്പിയും കൗണ്‍സെലിംഗ് പോലുള്ള ചികിത്സകളും ഈ അവസ്ഥയെ മറികടക്കാൻ ഫലപ്രദമാണ്. എന്നാൽ കുറഞ്ഞ കാലയളവിനുള്ളിൽ ഈ അവസ്ഥ മാറ്റിയെടുക്കുക പ്രയാസമാണ്. അതുകൊണ്ട് തന്നെ മിക്കവർക്കും ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കേണ്ടതായി വരും. എങ്കിൽ മാത്രമേ സാധാരണ ജീവിതത്തിലേയ്ക്ക് അവരെ തിരികെ കൊണ്ടുവരാൻ സാധിക്കൂ.
ചില കണക്കുകൾ
ലോകത്ത് 20 ദശലക്ഷത്തിൽപ്പരം ആളുകൾ ഈ രോഗാവസ്ഥയുടെ കടന്നു പോകുന്നുണ്ട്. കേരളത്തിൽ ഏകദേശം 3,30,000 പേർക്ക് ഈ രോഗമുള്ളതായി കണക്കാക്കപ്പെടുന്നു. 15-നും 30-നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിലും 25-നും 30-നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലുമാണ് കൂടുതലായി ഈ രോഗാവസ്ഥ കണ്ടുവരുന്നത്. സാധാരണയായി നൂറുപേരില്‍ ഒരാള്‍ക്ക് സ്കീസോഫ്രീനിയ കണ്ടുവരുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സ്കീസോഫ്രീനിയ ബാധിച്ച ആളുകളിൽ മൂന്നിൽ ഒരാൾക്കെങ്കിലും പൂർണ്ണമായും സുഖം പ്രാപിക്കാൻ സാധിക്കുമെന്നു ലോകാരോഗ്യ സംഘടന ചൂണ്ടി കാണിക്കുന്നു.
കരുതലാകാം ചേർത്ത് നിർത്താം..
സ്കിസോഫ്രീനിയ രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതില്‍ അവരെ പരിചരിക്കുന്നവര്‍ക്ക് വളരെ വലിയ പങ്കുണ്ട്. അവർക്ക് ഈ അസുഖത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഇത്തരക്കാർ പലപ്പോഴും ആത്മഹത്യാ പ്രവണത കാണിക്കാൻ സാധ്യതയുണ്ട്. കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും ഒഴിവാക്കി അവരെ ചേർത്ത് നിർത്തുകയാണ് വേണ്ടത്.കൃത്യ സമയത്ത് മരുന്നുകൾ കഴിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. നല്ല പ്രവർത്തികളെ അംഗീകരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് അവരെ ചേർത്തുനിർത്തുന്ന വരാകാം.
സ്കീസോഫ്രീനിയ ഒരു രോഗമാണ്, അല്ലാതെ ഈശ്വര ശാപം കൊണ്ടോ ദുർമന്ത്രവാദം കൊണ്ടോ വരുന്നതല്ല എന്ന ബോധ്യം ഉണ്ടാകട്ടെ . വിദഗ്ധരായ ഡോക്ടർമാരാണ് ഈ രോഗം ചികിത്സയ്ക്കേണ്ടത്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടനെ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. അതോടൊപ്പം താളംതെറ്റിയ ഈ മനസ്സുകളെ പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന എല്ലാ സുമനസ്സുകളെയും ഈ ദിനത്തിൽ നമുക്ക് നന്ദിയോടെ ഓർക്കാം. ലേഖകൻ: തൃക്കാക്കര ഭാരത മാതാ കോളേജിൽ സാമൂഹ്യ പ്രവർത്തന വിഭാഗം അസി. പ്രൊഫസർ