Published:24 May 2022
ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ സൗത്താഫ്രിക്കന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്സ് വീണ്ടും ഐപിഎല്ലിലേക്ക്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ വിരമിച്ചതിനാലാണ് എബിഡിയെ ആര്‍സിബി കുപ്പായത്തില്‍ കാണാതിരുന്നത്. അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ താന്‍ ആര്സിബിയോടൊപ്പമുണ്ടായിരിക്കുന്ന് ഡിവില്ലിയേഴ്സ് വെളിപ്പെടുത്തി. 2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ കളിച്ചിട്ടുള്ള താരമാണ് എബി ഡിവില്ലിയേഴ്സ്.
ഡല്‍ഹി ക്യാപ്പിറ്റല്‍സിലൂടെയാണ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) അദ്ദേഹം തുടങ്ങിയതെങ്കിലും ആര്‍സിബിയിലേക്കു ചേക്കേറിയതോടെയാണ് മറ്റൊരു ലെവലിലേക്കുയര്ന്നത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഉറ്റസുഹൃത്തും ആര്‍സിബിയിലെ മുന്‍ ടീമംഗവുമായ വിരാട് കോഹ്ലി എബിഡിയുടെ മടങ്ങിവരവിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ എബിഡിയും ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. യുവി സ്പോര്‍ട്ടിനോടു സംസാരിക്കവെയായിരുന്നു സൗത്താഫ്രിക്കന്‍ ഇതിഹാസം ഇക്കാര്യം പറഞ്ഞത്. വിരാട് ഇതേക്കുറിച്ച് സ്ഥിരീകരിച്ചതില്‍ എനിക്കു സന്തോഷമുണ്ട്. സത്യസന്ധമായി പറയുകയാണെങ്കില്‍ ഞങ്ങള്‍ ഒന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഞാന്‍ തീര്‍ച്ചയായും അടുത്ത വര്‍ഷത്തെ ഐപിഎല്ലിലുണ്ടാവും. എന്റെ രണ്ടാമത്തെ വീട്ടിലേക്കു മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നു. ചിന്നസ്വാമിയില്‍ നിറഞ്ഞു കവിഞ്ഞ കാണികള്‍ക്കു മുന്നില്‍ മല്‍സരം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മടങ്ങി വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,
അതിനായി കാത്തിരിക്കുകയാണെന്നും എബിഡി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി മൂന്നു സീസണുകളില്‍ മാത്രമേ എബി ഡിവില്ലിയേഴ്സ് കളിച്ചിട്ടുള്ളൂ. ശേഷിച്ച സീസണുകള്‍ മുഴുവന്‍ അദ്ദേഹം ആര്‍സിബിയുടെ ഭാഗമായിരുന്നു. 2011ല്‍ ആര്സിബിയിലെത്ത്ിയ ശേഷം എബിഡിയും ഫ്രാഞ്ചൈസിയും വേര്‍പിരിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണ് വരെ അദ്ദേഹത്തെ ആര്‍സിബി കൈവിടാതെ നിലനിര്‍ത്തുകയായിരുന്നു. 11 സീസണുകളാണ് ഡിവില്ലിയേഴ്സ് ബാംഗ്ലൂരിനായി കളിച്ചത്.