Published:25 May 2022
കോട്ടയം: ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ
ജോസ് കെ മാണി എംപി. കേരള കോൺഗ്രസ് എമ്മിൻ്റെ നേതൃത്വത്തിൽ കർഷകർ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യം പരിഗണിക്കുവാൻ തയ്യാറായതിൽ സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും എംപി പറഞ്ഞു.കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗശല്യം കാരണം വലിയ പ്രതിസന്ധിയിലായ കർഷകർക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ നടപടി.
കേന്ദ്ര സർക്കാരിൻ്റെ പരിധിയിലുള്ള വിഷയമാണെങ്കിലും സംസ്ഥാന സർക്കാരിൻ്റെ അധികാര പരിധിക്കുള്ളിൽ നിന്നും ചെയ്യാവുന്നതിൻ്റെ പരമാവധി സർക്കാർ ചെയ്തിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. കൃഷിഭൂമിയിലേക്ക് കടന്നു കയറി കൃഷി നശിപ്പിക്കുന്ന വന്യ ജീവികളെ നിയന്ത്രിക്കാൻ നിയമഭേദഗതി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനും പാർലമെൻ്റിലും കേരള കോൺഗ്രസ് എം ഉന്നയിച്ചിരുന്നു. 1972 ലെ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്ന ആവശ്യത്തിൽ പാർട്ടി ഇപ്പോഴും ഉറച്ചു നിൽക്കുന്നു. കൃഷി നശിപ്പിക്കുന്ന വന്യ ജീവികളിൽ നിന്നും മനുഷ്യരെ രക്ഷിക്കാൻ ഇതു മാത്രമാണ് പോംവഴി.
സംസ്ഥാനത്തുടനീളം പാർട്ടിയും പോഷക സംഘടനകളും ഈ ആവശ്യം ഉന്നയിച്ച് നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. കേരള കോൺഗ്രസ് എം പാർട്ടിയുടെ എംഎൽഎമാരും ഈ വിഷയം നിയമസഭയിൽ സബ്മിഷനായും അടിയന്തര പ്രമേയമായും ഉന്നയിച്ചിരുന്നു. സംസ്ഥാന സർക്കാരിൻറെ പരിധിയിൽ നിന്നു കൊണ്ടുള്ള ഉത്തരവ് ശാശ്വതമായ പരിഹാരം അല്ലെങ്കിലും കർഷകർക്ക് ഇപ്പോഴുണ്ടാകുന്ന പ്രതിസന്ധി മറികടക്കാൻ ആശ്വാസം പകരുന്നതാണെന്നും ജോസ് കെ മാണി പറഞ്ഞു.