Published:25 May 2022
കോട്ടയം: മൂന്നുമാസത്തിനുള്ളിൽ കോട്ടയത്ത് 400 കെ.വി. സബ് സ്റ്റേഷൻ കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഏറ്റുമാനൂർ 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരുവർഷത്തിനുള്ളിൽ ആഭ്യന്തര വൈദ്യുതി ഉത്പാദനശേഷിയിൽ 173 മെഗാവാട്ടിന്റെ വർധനയുണ്ടാക്കാനായി. ഒരുവർഷം കൊണ്ട് 12 സബ് സ്റ്റേഷനുകൾ പൂർത്തീകരിച്ചു. ഇതിൽ നാലെണ്ണം 220 കെ.വി സബ് സ്റ്റേഷനുകളാണ്. ഉപഭോക്തൃസേവനം മെച്ചപ്പെടുത്താനും അപകടരഹിതമായ അന്തരീക്ഷം സംജാതമാക്കാനുമാണ് ശ്രമം. ഇതിനായി നൂതന സംവിധാനങ്ങൾ ഉപയോഗിക്കും. ഉപയോക്താക്കൾക്ക് ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. കെഎസ്ഇബിക്ക് 1466 കോടിയുടെ പ്രവർത്തനലാഭമുണ്ടാക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ഏറ്റുമാനൂർ വ്യാപാര ഭവനിൽ നടന്ന പൊതുസമ്മേളനത്തിൽ സഹകരണ രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ആറു വർഷമായി പ്രഖ്യാപിത പവർകട്ട് ഉണ്ടാവാത്ത സംസ്ഥാനമാണ് കേരളമെന്നും കൽക്കരി ക്ഷാമം മൂലം ഇന്ത്യയിലെ പലയിടങ്ങളിലും മണിക്കൂറുകൾ നീണ്ട വൈദ്യുതി മുടക്കം നേരിട്ടപ്പോഴാണ് ഈ നേട്ടമെന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, കെഎസ്ഇബി സ്വതന്ത്ര ഡയറക്റ്റർ അഡ്വ. വി. മുരുകദാസ്, അതിരമ്പുഴ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കെഎസ്ഇബി ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ ഡോ.ബി അശോക്, നഗരസഭാംഗങ്ങളായ ഇ.എസ് ബിജു, വി.എസ് വിശ്വനാഥൻ, രശ്മി ശ്യാം, ട്രാൻസ് ഗ്രിഡ് ചീഫ് എഞ്ചിനീയർ എസ്. രാജൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കെഎസ്ഇബി ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്റ്റർ രാജൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
ട്രാൻസ് ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയുടെ വർധിച്ചു വരുന്ന വൈദ്യുതാവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഏറ്റുമാനൂരിൽ നിലവിലുണ്ടായിരുന്ന 66 കെവി സബ് സ്റ്റേഷനെ നവീകരിച്ച് ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ 220 കെ.വി. ജി.ഐ.എസ് സബ് സ്റ്റേഷനായി ഉയർത്തിയത്. സബ്സ്റ്റേഷനും അനുബന്ധ പ്രസരണലൈനും നിലവിൽ വരുന്നതോടെ ഏറ്റുമാനൂർ സബ്സ്റ്റേഷന്റെ സ്ഥാപിത ശേഷി ഉയരുന്നതോടൊപ്പം വൈക്കം, കുറവിലങ്ങാട്, പാലാ, ഗാന്ധിനഗർ, കോട്ടയം എന്നീ സബ്സ്റ്റേഷനുകളിലേക്ക് വ്യത്യസ്ത സ്രോതസുകളിൽ നിന്ന് 110 കെ.വി. വോൾട്ടേജിൽ വൈദ്യുതി എത്തിക്കാൻ സാധിക്കും. ഉപഭോക്താക്കൾക്ക് ഇടതടവില്ലാതെ കൂടുതൽ മെച്ചപ്പെട്ട വോൾട്ടേജിൽ വൈദ്യുതി ലഭ്യമാകും.