Published:26 May 2022
ഭൂവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗിലെ പതിനൊന്നാം മത്സരവും ജയിച്ച് ഗോകുലം കേരള കിരീടം ഉയര്‍ത്തി. സേതു എഫ് സിയെ നേരിടുമ്പോള്‍ ഒരു സമനില മതിയായിരുന്നു ഗോകുലം കേരളക്ക് കിരീടം ഉറപ്പിക്കാന്‍. പക്ഷെ സമനിലക്കായി കളിക്കാതെ അറ്റാക്ക് ചെയ്തു കളിച്ച ഗോകുലം കേരള 3-1ന്റെ വിജയം സ്വന്തമാക്കി. തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ പോയ ശേഷമായുരുന്നു ഗോകുലത്തിന്റെ വിജയം. നേരത്തെ ഐലീഗ് കിരീടം ഗോകുലം സ്വന്തമാക്കിയിരുന്നു.
മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റിൽ തന്നെ സേതു എഫ് സി ഗോകുലത്തെ ഞെട്ടിച്ച് കൊണ്ട് ഗോള്‍ നേടി. രേണു റാണിയുടെ ഹെഡറാണ് അവര്‍ക്ക് ലീഡ് നല്‍കിയത്. പത്ത് മിനുട്ടുകള്‍ക്ക് അകം തിരിച്ചടിക്കാന്‍ ഗോകുലത്തിനായി. 12ാം മിനിറ്റില്‍ ആയിരുന്നു ഗോകുലത്തിന്റെ സമനില ഗോള്‍. എല്‍ ഷദായിയെ വീഴ്ത്തിയതിന് കിട്ടിയ പെനാള്‍ട്ടി ആശാലത ദേവി ലക്ഷ്യത്തില്‍ എത്തിച്ചു.
33ാം മിനുട്ടില്‍ എല്‍ഷദായിയിലൂടെ ഗോകുലം ലീഡ് എടുത്തു. മനീഷയുടെ പാസില്‍ നിന്നായിരുന്നു എല്‍ ഷദായിയുദെ ഗോള്‍. എല്‍ ഷദായിയുടെ ഇരുപതാം ഗോളായിരുന്നു ഇത്. പിന്നാലെ 40ാം മിനുട്ടില്‍ മനീഷ കല്യാണും കൂടെ ഗോള്‍ നേടിയതോടെ ഗോകുലത്തിന്റെ കിരീടം അടുത്ത് എത്തി. മനീഷയുടെ 14ാം ഗോളായിരുന്നു ഇത്. 11 മത്സരത്തില്‍ നിന്ന് 33 പോയിന്റുമായാണ് ഗോകുലം ഒന്നാമത് ഫിനിഷ് ചെയ്തത്. 30 പോയിന്റുമായി സേതു എഫ് സി രണ്ടാമത് ഫിനിഷ് ചെയ്തു. 11 മത്സരങ്ങളില്‍ നിന്ന് 66 ഗോളുകള്‍ അടിച്ച ഗോകുലം നാല് ഗോള്‍ മാത്രമാണ് വഴങ്ങിയത്. ഇത് ഗോകുലം കേരളയുടെ രണ്ടാം ഇന്ത്യന്‍ വനിതാ ലീഗ് കിരീടമാണ്. ഈ കിരീട നേട്ടത്തോടെ അടുത്ത ഏഷ്യന്‍ ക്ലബ് ചാംപ്യന്‍ഷിപ്പില്‍ കളിക്കാനും ഗോകുലത്തിനാകും.