Published:27 May 2022
കോട്ടയം: അടഞ്ഞു കിടക്കുന്ന ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ 3 ദിവസമായി കുടുങ്ങിക്കിടന്ന പ്രാവിനെ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു. കോട്ടയം ലോഗോസ് ജങ്ഷനിലുള്ള മൗണ്ട് ഫോർട്ട് ഫ്ലാറ്റിൻ്റെ നാലാം നിലയിലെ ബാൽക്കണിയിൽ പക്ഷികളുടെ ശല്യമൊഴിവാക്കാൻ സ്ഥാപിച്ച വലയിലാണ് മൂന്ന് ദിവസം മുമ്പ് പ്രാവ് കുടുങ്ങിയത്.
ദുബായിൽ താമസിക്കുന്ന എറണാകുളം സ്വദേശിയുടെ അടച്ചിട്ടിരിക്കുന്ന ഫ്ലാറ്റിൻ്റെ ബാൽക്കണിയിലായിരുന്നു സംഭവം. എസി യുടെ കംപ്രസറിൽ പ്രാവ് കൂടു വയ്ക്കുന്നത് തടയാൻ സ്ഥാപിച്ച വലയിലാണ് പ്രാവ് കുടുങ്ങിയത്. ഇത് ശ്രദ്ധയിൽപെട്ട ലോഗോസ് ജങ്ഷനിലെ സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്ന അതുൽ പി.ബാബുവാണ് സംഭവം അഗ്നിരക്ഷാസേന അധികൃതരെ അറിയിച്ചത്. ഉച്ചക്ക് 12.45 ഓടെ അഗ്നിരക്ഷാസേന അധികൃതരെത്തി ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് പ്രാവിനെ രക്ഷിച്ചത്. ഫ്ലാറ്റ് അടഞ്ഞു കിടക്കുന്നതിനാൽ അഗ്നിരക്ഷാസേനക്ക് പ്രാവിന്റെ അടുത്തെത്താൻ ഏറെ പണിപ്പെടേണ്ടി വന്നു.
കയറും തോട്ടിയും ഉൾപ്പെടെ മറ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ എത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. കോട്ടയം യൂണിറ്റിലെ ഫയർ ആൻ്റ് റസ്ക്യൂ ഓഫീസറായ നിജിൽ കുമാറാണ് ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ എത്തി അവിടെ നിന്നും കയറിൽ തൂങ്ങി ഇറങ്ങി നാലാം നിലയിൽ എത്തി പ്രാവിനെ വലയിൽ നിന്ന് രക്ഷിച്ചത്. പിന്നീട് കയറിൽ തൂങ്ങി തന്നെ ഇദ്ദേഹം താഴെ ഇറങ്ങുകയായിരുന്നു. ഈ പ്രാവിനൊപ്പം മറ്റൊരു പ്രാവ് കുടുങ്ങിയിരുന്നുവെങ്കിലും 2 ദിവസം മുമ്പ് അത് ചത്ത് താഴെ വീണിരുന്നുവെന്ന് ഫ്ലാറ്റിൽ താമസിക്കുന്നവർ പറഞ്ഞു.