Published:27 May 2022
ആര്‍ട്ട് സിനിമയിലെ കച്ചവട സിനിമയാണ് കൃഷാന്ത് സംവിധാനം ചെയ്ത ആവാസവ്യൂഹം. മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ആവാസവ്യൂഹം നേടുമ്പോള്‍ അത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് . പുതുവൈപ്പിനിലെ സര്‍ക്കാര്‍ ഇടപെടലിനെ ചോദ്യം ചെയ്യുന്ന സിനിമ ആയിട്ടും സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം സമ്മാനിക്കുമ്പോള്‍ ഈ ചിത്രം നേടുന്നത് വലിയ നേട്ടമാണ്. ഭരണകൂട ഭീകരതയ്ക്ക് നേരെയുള്ള വിരല്‍ ചൂണ്ടലാണ് ചിത്രം.
ഒരേ സമയം ഡോക്യുമെന്ററിയായും ഫിക്ഷനായും ഒരുക്കിയിരിക്കുന്ന ചിത്രം ഏത് സൂപ്പര്‍താര സിനിമയോടും കിടപിടിക്കുന്ന ഒന്നാണ്. പക്കാ തിയെറ്റര്‍ മെറ്റീരിയല്‍ കൂടിയായ സിനിമ പ്രകൃതിയോടുള്ള മനുഷ്യന്റെ മനോഭാവത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ വരാന്‍ പോകുന്നത് വലിയ ദുരന്തമാണെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. മാസ് മസാല സിനിമകളുടെ രീതിയില്‍ ഒരുക്കിയിരിക്കുന്ന സിനിമ മികച്ച രീതിയിലാണ് സംവിധായകന് കൃഷാന്ത് ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിലെ നായകനായ ജോയിയെ ചുറ്റി പറ്റിയാണ് കഥ വികസിക്കുന്നത്. രാഹുല്‍ രാജഗോപാലാണ് ഈ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇയാള്‍ കോഴിക്കോട് നിന്ന് പുതുവൈപ്പിനിലേക്ക് എത്തുന്നതോടെ കഥ മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കുകയാണ്. ദുര്‍ബലമായ ആവാസവ്യവസ്ഥയ്ക്കൊപ്പം മത്സ്യത്തൊഴിലാളികളുടെ ജീവിതവും ചിത്രം പിന്നീട് ചര്‍ച്ചയ്ക്ക് വയ്ക്കുന്നു
കഥയോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന ആവാസവ്യൂഹം സമകാലീന മാധ്യമങ്ങളുടെഇടപെടലിനെയും പരിഹസിക്കുന്നുണ്ട്.മതവൈരം ബാധിച്ച സമൂഹം ഏതെല്ലാം വിധത്തിലാണ് കാര്യങ്ങളെ സമീപിക്കുന്നതെന്നും പച്ചയായി വിവരിക്കുന്ന സിനിമ വംശനാശം വരുന്ന ജീവികള്‍ക്കൊപ്പം മാനവസമൂഹം നേരിടുന്ന വെല്ലുവിളികളും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.മനുഷ്യന്റെ സ്വാർത്ഥത പ്രകൃതിക്ക് മേൽ വരുത്തുന്ന ദുരന്തം എത്രമാത്രം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ചിത്രം വ്യക്തമാക്കുന്നുണ്ട്.
സിനിമയിലെ പരീക്ഷണങ്ങള്‍ക്ക് ഒരു പുതിയ തലം സമ്മാനിക്കുന്ന ചിത്രം കൂടിയാണ് ആവാസ്യവൂഹം. ഇരുപത്തിയാറാമത് അന്താരാഷ്ട്രചലച്ചിത്രമേളയില്‍ രണ്ട് പുരസ്കാരങ്ങള്‍ നേടിയ ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള സംസ്ഥാപുരസ്കാരവും ലഭിക്കുമ്പോള്‍ അത് അര്‍ഹതയ്ക്കുളള അംഗീകാരം കൂടിയാണ്.