Published:27 May 2022
അഹമ്മദാബാദ് : അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ ജോസ് ബട്ലറുടെ സെഞ്ചറി (106 നോട്ടൗട്ട്) മികവിൽ രാജസ്ഥാൻ റോയൽസ് ഐപിഎൽ ഫൈനലിൽ പ്രവേശിച്ചു.
സ്കോർ: ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ്: 20 ഓവറിൽ 8 വിക്കറ്റിന് 157 റൺസ്; രാജസ്ഥാൻ റോയൽസ് 18.1 ഓവറിൽ 3 വിക്കറ്റിന് 161 റൺസ്.158 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഓപ്പണർമാരായ യശസ്വി ജെയ്സ്വാളും ജോസ് ബട്ലറും ഉജ്ജ്വല തുടക്കമാണ് നൽകിയത്. 27 പന്തിൽ അർധസെഞ്ചറി കൂട്ടുകെട്ട് തികച്ചു. രണ്ടാം ഓവർ ചെയ്യാനെത്തിയ ജോഷ് ഹെയ്സൽവുഡ് ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. കൂറ്റനാടിക്ക് ശ്രമിച്ച യശസ്വി ജയ്സ്വാൾ (21) പുറത്ത്. മറുവശത്ത് ബട്ലർ ബാംഗ്ലൂർ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. 23 പന്തിൽ അർധസെഞ്ചറി പൂർത്തിയാക്കി. മൂന്നാമതെത്തിയ സഞ്ജു സാംസണും മികച്ച രീതിയിൽ തുടങ്ങി. സാംസണും ബട്ലറും ചേർന്ന് രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും വാനിന്ദു ഹസരങ്കയ്ക്ക് വീണ്ടും വിക്കറ്റ് സമ്മാനിച്ച് രാജസ്ഥാൻ നായകൻ മടങ്ങി. എന്നാൽ മത്സരത്തിലേക്ക് തിരികെയെത്താൻ കിണഞ്ഞു ശ്രമിച്ച ആർസിബിയെ നിഷ്പ്രഭമാക്കി ബട്ലർ ആഞ്ഞടിച്ചുകൊണ്ടേയിരുന്നു.
അതേസമയം റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 8 വിക്കറ്റ്നഷ്ടത്തില്‍ 157 റണ്‍സെടുത്തു. 58 റണ്‍സ് നേടിയ രജത് പട്ടീദാറാണ് വീണ്ടും ബാംഗ്ലൂര്‍ നിരയില്‍ തിളങ്ങിയത്. 42 ബോളില്‍ നാലു ബൗണ്ടറിയും മൂന്നു സികസറും താരം നേടി. ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി (25), ഗ്ലെന്‍ മാക്സ്വെല് (24), ഷഹബാസ് അഹമ്മദ് (12*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.