Published:28 May 2022
പാലക്കാട്: സിനിമാ മേഖലയിലെ പ്രവര്‍ത്തകര്‍ തമ്മിൽ ലോഡ്ജിൽ ഉണ്ടായ തർക്കത്തിൽ ജീവനക്കാരനു കഴുത്തില്‍ വെട്ടേറ്റു. വടകര നടക്കുതാഴ പുത്തൂര്‍ വലക്കേട്ടില് വീട്ടില്‍ സിജാറിന് (44) ആണു പരുക്കേറ്റത്. സിജാർ ഷൂട്ടിങ് ലൊക്കേഷനില്‍ ചായ വിതരണം ചെയ്യുന്ന ജോലിയാണ് ചെയ്തു വരുന്നത്. സംഭവത്തില്‍ സഹപ്രവര്ത്തകന് തിരുവനന്തപുരം നേമം ഉഷസ്സില്‍ പുരുഷോത്തമന് പിള്ളയെ (ഉത്തമന് - 60) ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ സ്വകാര്യ ലോഡ്ജിലാണു സംഭവം. ഷൂട്ടിങ് സ്ഥലത്തു നല്കുന്ന ചായയെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. സിജാറും പുരുഷോത്തമനും തമ്മില്‍ ചായ നല്‍കുന്നതുമായി ബന്ധപ്പെട്ടു വീണ്ടും തര്‍ക്കമുണ്ടായി. ആഘോഷം കഴിഞ്ഞു പുലര്‍ച്ചെ രണ്ടരയോടെ ഇരുവരും താമസിക്കുന്ന ലോഡ്ജിലെത്തി. അവിടെ വച്ചു വീണ്ടും വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനിടെ പുരുഷോത്തമന് പിള്ള കത്തി കൊണ്ടു സിജാറിന്റെ കഴുത്തില്‍ വെട്ടുകയുമായിരുന്നു.
വെട്ടേറ്റ സിജാര്‍ ഒന്നാം നിലയില്‍ നിന്നു താഴെയെത്തി ലോഡ്ജ് ജീവനക്കാരനോടു വിവരം പറഞ്ഞു. ജീവനക്കാരന് പൊലീസില്‍ വിവരം അറിയിച്ചു. സിജാര്‍ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.