Published:07 June 2022
ന്യൂയോര്‍ക്ക്: ക്യാൻസർ ചികിത്സാ ചരിത്രത്തിലാദ്യമായി പരീക്ഷണ മരുന്ന് ഉപയോഗിച്ച മുഴുവൻ പേർക്കും രോഗത്തിൽ നിന്നു പൂർണ മുക്തി. ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലൊവാൻ കെറ്ററിങ് ക്യാൻസർ സെന്ററിൽ നിന്നാണു മനുഷ്യരാശിക്ക് പ്രതീക്ഷയുടെ കിരണങ്ങൾ നൽകുന്ന വാർത്ത. മലാശയ അർബുദം ബാധിച്ച 18 രോഗികൾക്ക് ഡോസ്റ്റാര്‍ലിമാബ് എന്ന മരുന്ന് പരീക്ഷണമായി നൽകിയിരുന്നു. ആറു മാസം ഇത് ഇപയോഗിച്ച രോഗികളിൽ നിന്ന് അര്‍ബുദകോശങ്ങള്‍ ഒന്നുപോലും അവശേഷിക്കാതെ അപ്രത്യക്ഷമായെന്നു ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മനുഷ്യ ശരീരത്തിലെ ആന്റിബോഡിക്ക് പകരം വയ്ക്കാവുന്ന തരത്തിൽ ലബോറട്ടറിയിൽ നിർമിച്ചെടുത്ത തന്മാത്രകളാണു ഡോസ്റ്റാർമിലാബ്. മുഴുവൻ രോഗികൾക്കും ഇതേ മരുന്നാണു നൽകിയതത്. ഓരോ മൂന്ന് ആഴ്ചകളിലുമായിരുന്നു ഡോസ് നിശ്ചയിച്ചത്. പിന്നീടു നടത്തിയ ശരീര പരിശോധനയിൽ ട്യൂമറുകൾ അപ്രത്യക്ഷമായി. എൻഡോസ്കോപ്പി, പൊസിട്രോൺ എമിഷൻ ടോമോഗ്രഫി (പിഇടി), എംആർഐ സ്കാനിങ്ങുകളിലും അർബുദ കോശങ്ങൾ ഇല്ലാതായെന്നാണു തെളിഞ്ഞത്. ക്യാൻസറിന്റെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു സംഭവം ആദ്യമെന്നു മെമ്മോറിയൽ സ്ലൊവാൻ കെറ്ററിങ് ക്യാൻസർ സെന്ററിലെ ഡോ. ലൂയിസ് എ ഡയസ് ജെ പറഞ്ഞു.
പരീക്ഷണത്തിനു വിധേയരായ രോഗികൾ നേരത്തേ, കുടലിന്റെയും മൂത്രാശയത്തിന്റെയും പ്രവർത്തനങ്ങളെ ബാധിക്കുന്നതും ലൈംഗികശേഷിയെ ബാധിച്ചേക്കാവുന്നതുമായ വിധത്തിലുള്ള കീമോതെറാപ്പി, റേഡിയേഷൻ ചികിത്സകൾക്കു വിധേയരായിരുന്നെന്നു ന്യൂയോർക്ക് ടൈംസ്. ചികിത്സയിലെ മറ്റൊരു ഘട്ടമെന്ന നിലയ്ക്കാണു രോഗികൾ ഇതിനെ സമീപിച്ചത്. എന്നാൽ, അവരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് രോഗം ഭേദമായി. ഇനിയൊരു ചികിത്സയുടെ ആവശ്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വൈദ്യശാസ്ത്ര രംഗത്ത് ഇതു വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നു കാലിഫോർണിയ യൂനിവേഴ്സിറ്റിയിലെ കോളോറെക്റ്റൽ ക്യാൻസർ സ്പെഷ്യലിസ്റ്റ് ഡോ. അലൻ പി. വെനൂക് പറഞ്ഞു. ചരിത്രത്തിൽ ഇതാദ്യമാണ്. പരീക്ഷണത്തിനു വിധേയരായ രോഗികളിൽ കാര്യമായ പാർശ്വഫലങ്ങളില്ലെന്നതും ശ്രദ്ധേയമെന്ന് അദ്ദേഹം. രോഗം ഭേദമായി എന്ന് അറിയിക്കുന്ന നിമിഷം രോഗികളുടെ കണ്ണുകൾ നിറഞ്ഞിരുന്നുവെന്ന് മെമ്മോറിയൽ സ്ലൊവാൻ കെറ്ററിങ് ക്യാൻസർ സെന്ററിലെ ഓങ്കോളജിസ്റ്റ് ഡോ. ആൻഡ്രിയ സെർസെക്ക്.