Published:13 June 2022
ആലപ്പുഴ: 6 മണിക്കൂറിനിടെ 24 മുട്ടയിട്ട് വീട്ടുകാരെയും നാട്ടുകാരെയും അമ്പരിപ്പിച്ച് ചിന്നു കോഴി. ആലപ്പുഴ പുന്നപ്ര സ്വദേശി ബിജുകുമാറിന്റെ വീട്ടിലെ ബിവി 380 എന്ന സങ്കരയിനം കോഴിയാണ് മുട്ടകളിട്ട് പ്രശസ്തയായത്. ഇന്നലെ രാവിലെ 8.30നും ഉച്ചയ്ക്ക് 2.30നും ഇടയിലായിരുന്നു ചിന്നു എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന കോഴിയുടെ കൂട്ട മുട്ടയിടൽ.
ഇന്നലെ രാവിലെ ചിന്നു മിടന്തി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബിജുകുമാര്‍ തൈലം പുരട്ടി ഇതിനെ മറ്റ് കോഴികളിൽ നിന്ന് മാറ്റി നിർത്തി. എന്നാല്‍ കുറച്ച് കഴിഞ്ഞതോടെ കോഴി മുട്ടയിടാന്‍ തുടങ്ങി. അസാധാരണമായ ചിന്നുവിന്റെ മുട്ടയിടല്‍ വാര്‍ത്തയറിഞ്ഞ് നാട്ടുകാരും കാണാനെത്തി. ആളുകള്‍ തടിച്ചുകൊടുമ്പോഴും ചിന്നു മുട്ടയിട്ട് കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ചിന്നുവിന്റെ മുട്ടയിടല്‍ അവസാനിച്ചത്.
7 മാസം മുമ്പാണ് 8 മാസം പ്രായമുള്ള ചിന്നു ഉള്‍പ്പടെ 23 കോഴികളെ ബിജുകുമാര്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത് വാങ്ങിയത്. ഇത്രയും ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്രയും മുട്ടകള്‍ എങ്ങനെ കോഴി ഇട്ടു എന്ന് കണ്ടെത്തണമെങ്കില്‍ ശാസ്ത്രീയ പഠനം നടത്തേണ്ടിവരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ വർഷം ജൂണിലും ഇതുപ്പോലെ കോട്ടയത്ത് ഒരു കോഴി ഒറ്റ ദിവസം 11 മുട്ടകൾ ഇട്ടുകൊണ്ടുള്ള വാർത്ത വന്നിരുന്നു.