Published:19 June 2022
ബംഗളൂരു: ചിന്നിസ്വാമിയിൽ മഴ പെരിയ സ്വഭാവം പുറത്തെടുത്തതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ട്വൻറി 20 പരമ്പരയിലെ അവസാന മത്സരം മുടങ്ങി. ഇതോടെ പരമ്പര സമനിലയിലായി. ആദ്യ രണ്ട് മത്സരങ്ങൾ ദക്ഷിണാഫ്രിക്കയും തുടർന്നുള്ള രണ്ട് മത്സരങ്ങൾ ഇന്ത്യയും ജയിച്ചിരുന്നു.ഇതോടെ 2-2ന് പരമ്പര ഇരു ടീമുകളും പങ്കിട്ടു. തുടക്കത്തില്‍ മഴമൂലം വൈകിയാരംഭിച്ച മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് 3.3 ഓവറില്‍ 28-2 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വീണ്ടും മഴയെത്തിയത്.
പിന്നീട് മത്സരം പുനരംരാഭിക്കാന്‍ കഴിഞ്ഞില്ല. മഴയ്ക്ക് മുമ്പ് ഓപ്പണര്‍മാരായ ഇഷാന് കിഷനെയും റുതുരാജ് ഗെയ്ക്വാദിനെയും പുറത്താക്കി സന്ദര്‍ശകര്‍ മേധാവിത്വം നേടി . റിഷഭ് പന്തും(1*) ശ്രേയസ് അയ്യരുമാണ്(0*) ക്രീസില്‍. രാത്രി ഏഴിന് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴമൂലം 7.50നാണ് ആരംഭിച്ചത്. മത്സരം ഇരു ടീമിനും 19 ഓവര്‍ വീതമായി ചുരുക്കുകയും ചെയ്തു. ഫൈനലിന് സമാനമായ അഞ്ചാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഓവറില്‍ കേശവ് മഹാരാജിനെ തുടര്‍ച്ചയായി രണ്ട് സിക്സറിന് പറത്തിയാണ് ഇഷാന് കിഷന് തുടങ്ങിയത്.
എന്നാല്‍ രണ്ടാം ഓവറില്‍ എന്‍ഗിഡി സ്ലോ ബോളില്‍ ഇഷാനെ(7 പന്തില്‍ 15) ബൌള്‍ഡാക്കി. നാലാം ഓവറില്‍ പന്തെടുത്തപ്പോള്‍ റുതുരാജ് ഗെയ്ക്വാദിനെയും(12 പന്തില്‍ 10) എന്‍ഗിഡി പുറത്താക്കി. ഇന്ത്യ 3.3 ഓവറില്‍ 28-2 എന്ന നിലയിലുള്ളപ്പോഴാണ് വീണ്ടും മഴയെത്തിയത്. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന് കേശവ് മഹാരാജ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങള്‍ പ്രോട്ടീസിന്റെ പ്ലേയിംഗ് ഇലവനിലുണ്ട്.
സ്ഥിരം നായകന് തെംബാ ബാവുമ ഇന്നലെ കളിച്ചില്ല. തബ്രൈസ് ഷംസിയും മാര്‍ക്കോ യാന്സന് എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ട്രിസ്റ്റണ്‍ സ്റ്റബ്സ്, റീസാ ഹെന്‍ഡ്രിക്സ്, കാഗിസോ റബാഡ എന്നിവര്‍ ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമില്ലായിരുന്നു