Published:20 June 2022
നീലാകാശത്തിനു കീഴില്‍ പേര്‍ഷ്യന്‍ ഉള്ക്കലിന്റെ തീരത്ത് ചന്ദ്രക്കലപോലെ അർധവൃത്താകൃതിയില്‍ നീണ്ടുകിടക്കുന്ന ഏഴര കിലോമീറ്റര്‍ മനോഹരമായ പ്രൊമനൈഡ്. അസ്തമയ സൂര്യന്റെ കിരണങ്ങളേറ്റ് നീലജലാശയത്തിൽ ചുവപ്പ് രാശി പടര്‍ന്നിരിക്കുന്നു. ചെറിയ ഓളങ്ങള്‍ തീരത്തെ കല്ലുകളെ തഴുകി കടന്നുപോകുന്നു. മറുകരയില്‍ ആകാശം തൊടുംപോലെ കെട്ടിടങ്ങള്‍. തീരത്ത് നങ്കൂരമിട്ടിരിക്കുന്ന നൗകകള്‍ ഓളപ്പരപ്പില്‍ ആടിയുലയുന്നു. ഖത്തറിന്റെ ദേശീയപതാക നൗകകളില്‍ പാറിക്കളിക്കുന്നു. പ്രൊമനൈഡിലൂടെ നടന്നു നീങ്ങുകയാണ് സ്വദേശികളും വിദേശികളുമായ നിരവധി പേർ. 2018 മേയ് മാസത്തിലെ ഒരു സായാഹ്നം. ഞാന്‍ ആദ്യമായി ദോഹ കോർണീഷ് തീരത്തെ അടുത്തറിഞ്ഞ ആ ദിനം ഇന്നും മായാതെ മനസിലുണ്ട്. 50,000 വര്‍ഷം മുമ്പ് മനുഷ്യവാസം ആരംഭിച്ച ഈ മധ്യേഷ്യൻ രാജ്യത്തിന്റെ ലാന്‍ഡ്മാര്‍ക്കുകളില്‍ ഏറ്റവും മനോഹരവും പ്രാധാന്യമേറിയതുമാണ് ദോഹ കോർണീഷ്.
ഖത്തര്‍ 2022 ന് യോഗ്യത നേടിയ എല്ലാ രാജ്യങ്ങളുടെയും പതാകകള്‍ ഔദ്യോഗികമായി ഉയര്ത്തപ്പെട്ടിരിക്കുന്നതും ഈ സുന്ദര ഭൂമികയിലാണ്. കാല്‍പ്പന്തിന്റെ ലോകപ്പോരാട്ടത്തിനെത്തുന്ന ഓരോ രാജ്യത്തിന്റെയും പ്രതിനിധികള്‍ അഭിമാനത്തോടെ വാനിലുയര്‍ത്തിയ ദേശീയപതാകകൾ കടൽക്കാറ്റിൽ പാറിപ്പറക്കുന്നു. തൊട്ടടുത്ത് തന്നെ ലോകകപ്പ് എംബ്ലത്തിന്റെ ബൃഹത്തായ നിർമിതിയില്‍ സോക്കര്‍ ആരവം വിളിച്ചറിയിച്ച് ഖത്തര്‍ 2022 കൗണ്‍ഡൗണ്‍ ക്ലോക്ക്. ലോകകപ്പ് കാലത്ത് ഖത്തറിലെത്തുന്ന ഏതൊരാള്‍ക്കും ദോഹ കോർണീഷ് നല്‍കുന്നത് വത്യസ്ത അനുഭവമായിരിക്കും.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ വിജനമായ ഒരു മരുഭൂപ്രദേശമായിരുന്നു ദോഹ കോർണീഷ്. ഷെറാട്ടണ്‍ ഹോട്ടലായിരുന്നു ഏക കെട്ടിടം. 2006 ലെ ഏഷ്യന്‍ ഗെയിംസിന് വേദിയായ ഖത്തര്‍ ഈ പ്രദേശത്തെ അതിമനോഹര തീരമാക്കി മാറ്റി. ഇന്ന് ഖത്തര്‍ ദേശീയ ദിനാഘോഷം, കായികദിനം അടക്കം എല്ലാ പ്രധാന ആഘോഷങ്ങളുടെയും വേദിയാണ് കോർണീഷ്. കഴിഞ്ഞ വര്‍ഷം ഫിഫ നടത്തിയ അറബ് കപ്പ് ഫുട്ബോളിന്റെ പ്രധാന ആഘോഷങ്ങള്‍ നടന്നതും ഈ തീരത്താണ്.
കടലോരത്ത് പ്രൊമനൈഡിനോട് ചേര്‍ന്ന് അതിവിശാലമായ പുല്‍മേടുകള്‍ സജ്ജീകരിച്ചിരിക്കുന്നു. അറേബ്യന്‍ മരുഭൂമിയുടെ പ്രതീകമായ ഈന്തപ്പനകള്‍ കൃത്യമായ അകലത്തില്‍ മനോഹരമായി പരിപാലിക്കപ്പെടുന്ന പുല്‍ത്തകിടി. രാത്രികാലത്ത് നിയോണ്‍ വെളിച്ചത്തില്‍ അത്യാകര്‍ഷകമാണ് ഇവിടം. പ്രധാന ആഘോഷ സമയങ്ങളില്‍ ഇവിടെ നടക്കുന്ന വെടിക്കെട്ടിന്റെ രാത്രിക്കാഴ്ച നല്കുന്ന അനുഭൂതി വർണനാതീതമാണ്.
കോർണീഷിന്റെ തെക്കേ അറ്റത്ത് നിലകൊള്ളുന്ന മ്യൂസിയം ഒഫ് ഇസ്ലാമിക് ആര്‍ട്ട് അറേബ്യന്‍ പൈതൃകത്തിന്റെ കഥകള്‍ വിളിച്ചോതുന്നു. 48,000 ചതുരശ്രയടി വിസ്തൃതിയില്‍ തയാറാക്കപ്പെട്ടിരിക്കുന്ന ഈ മ്യൂസിയത്തില്‍ അറേബ്യന്‍ സംസ്കാരത്തിന്റെ വളര്‍ച്ചയും ചരിത്രവും വിവരിക്കുന്നു. ഈന്തപ്പനകള്‍ അതിരിടുന്ന കല്ലുപാകിയ വഴിയുടെ മധ്യത്തില്‍ കനാല്പോലെ നീണ്ടുപോകുന്ന ജലധാരക്കള്ക്കിടയിലൂടെ സഞ്ചരിച്ച് ഇവിടെയെത്തുമ്പോള്‍ നടുത്തളത്തില്‍ വൃത്താകൃതിയില്‍ അതിബൃഹത്തായ മറ്റൊരു ജലധാര.
തുര്‍ക്കി കമ്പനിയായ ബൈതൂര്‍ ആണ് മ്യൂസിയം രൂപകല്പന ചെയ്തത്. കടലിലേക്ക് ഇറങ്ങിക്കിടക്കുന്നതു പോലെയുള്ള ഈ നിർമിതിക്ക് അരികിയില്‍ ദൗ നൗകള് കിടക്കുന്ന കാഴ്ച മനോഹരമായ കാന്വ്യാസില് വരച്ച ചിത്രം പോലെ സുന്ദരം. സായംസന്ധ്യയില്‍ ഈ വെള്ളമന്ദിരത്തിലേക്ക് സൂര്യപ്രഭ പതിക്കുമ്പോള്‍ ആ പശ്ചാത്തലത്തില്‍ ഒരു സെല്‍ഫിയെടുക്കാതെ മടങ്ങാന്‍ ആര്‍ക്കും കഴിയില്ല. മ്യൂസിയത്തിന്റെ വിശാലമായ അകത്തളത്തില്‍ ബള്‍ബുകളുടെ പ്രകാശവിന്യാസം അനുഭവമാണ്. ചിത്രപ്പണികളോടു കൂടിയ പാത്രങ്ങള്‍, ശിൽപങ്ങള്, പവിഴമുത്തുകള്‍ കോര്‍ത്തിണക്കിയ ആഭരണങ്ങള്‍ ചരിത്ര രേഖകളുമെല്ലാം നമ്മെ ഹഠാദാകര്‍ഷിക്കും.
ജാപ്പനീസ് സാങ്കേതിക വിദ്യ ലോകത്ത് കൃത്രിമ മുത്തുകള്‍ സമ്മാനിക്കുന്നതിനു മുമ്പ് പവിഴമുത്തുകള്‍ തേടി കടലിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടിരുന്ന ഖത്തറികള്‍ ലോകത്തിന് സമ്മാനിച്ചത് അപൂര്‍വ പേള്‍ ശേഖരങ്ങളാണ്. ആയിരക്കണക്കിന് ചിപ്പികളിൽ നിന്നും വിലപിടിച്ച മുത്തുകള്‍ തെരഞ്ഞു കണ്ടെത്തിയിരുന്ന കാലത്തിന്റെ ഓർമപ്പെടുത്തലുമായി പവിഴമുത്ത് അടങ്ങിയ കക്കയുടെ മാതൃകയിലുള്ള ജലധാര. 1939 ല്‍ പെട്രോളിയം കണ്ടെത്തുന്നതിനു മുമ്പ് ഈ ഭൂമികയുടെ പ്രധാന ആകര്‍ഷണം പവിഴത്തുരുത്തുകളായിരുന്നു. പാരമ്പര്യത്തിന്റെ ഓർമപ്പെടുത്തലുകള് ഒരു സമൂഹത്തിന് തങ്ങളുടെ പൂര്‍വികരിലേക്കുള്ള തിരിച്ചുപോക്കാണ്. അതേ, ഇത് ലോകത്തിനു മുന്നില്‍ ഖത്തര്‍ അനാവരണം ചെയ്തിരിക്കുന്നു.
ഇവിടെ നിന്ന് 500 മീറ്റര്‍ അകലെ ഉള്‍ക്കടലിലേക്ക് ഇറങ്ങി നില്ക്കുന്നതു പോലെയുള്ള പ്രദേശത്ത് 2022 ലോകകപ്പിന്റെ കൗണ്ട്ഡൗൺ ക്ലോക്കും രാജ്യങ്ങളുടെ പതാകയും കാണാം. ലോകകപ്പ് കിക്കോഫിന് കൃത്യം ഒരു വര്‍ഷം മുമ്പ് 2021 നവംബര്‍ 21 നാണ് കൗണ്ട്ഡൗണ്‍ ക്ലോക്ക് സ്ഥാപിച്ചത്. കൈയിൽ ചുറ്റുന്ന സ്ട്രാപ്പ് പോലെ, ക്ലോക്കിനെ ബന്ധിപ്പിച്ച് ഒരു വലിയ വെള്ളിനിറമാര്‍ന്ന വളയം. അതിനുള്ളില്‍ ചുവന്ന പ്രതലത്തില്‍ ഖത്തര്‍ ലോകകപ്പ് ലോഗോ.
ലോകകപ്പിന് തയാറെടുക്കുന്ന എട്ട് സ്റ്റേഡിയങ്ങളെ സൂചിപ്പിക്കുന്ന എട്ട് എന്ന സംഖ്യയുടെ മാതൃകയിലുള്ള ലോഗോ. മരുഭൂമിയിലെ മണ്‍കൂനകളുടെ അലയൊലികളും പ്രതിഫലിക്കുന്നു. ക്ലോക്ക് ഉറപ്പിച്ചിരിക്കുന്ന ബൃഹത്തായ വളയത്തിനുള്ളിലൂടെ ചുവന്ന ലോഗോയുടെ വശങ്ങളിലൂടെ മറുതീരത്തെ കെട്ടിടങ്ങളും കടലും കാണാം. രാത്രിയില്‍ ചുവന്ന ബള്‍ബുകള്‍ പ്രകാശിക്കുമ്പോള്‍ ഈ നാഴികമണി കൂടുതല്‍ മനോഹരം.
ലോകകപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം നവംബര്‍ 15 മുതല്‍ 17 വരെ നടന്ന "അല്‍ വതന്‍' സൈനികാഭ്യസങ്ങളുടെ പ്രധാന വേദിയും ദോഹ കോർണീഷ് ആയിരുന്നു. ലോകകപ്പ് നടക്കുമ്പോള്‍ ഉണ്ടാകുന്ന എല്ലാ സുരക്ഷാ ഭീഷണികളേയും എങ്ങനെ ചെറുക്കാം എന്ന് മുന്‍കൂട്ടി പരിശീലിക്കുകയായിരുന്നു "അല്‍ വതന്‍' ലക്ഷ്യം. പഴുതടച്ച സുരക്ഷ ഒരുക്കത്തിനുള്ള തയാറെടുപ്പില്‍ ഖത്തറിലെ എല്ലാ സേനകകളും ഇതിനു മുമ്പ് ലോകകപ്പ് നടത്തിയിട്ടുള്ള രാജ്യങ്ങളുടെ സേനകളും പങ്കെടുത്തു.
മനോഹരമായ കോർണീഷിലേക്ക് എത്തിച്ചേരുവാന്‍ ഏറ്റവും സുഗമം മെട്രൊ റെയ്ൽ ആണ്. റെഡ് റെയ്ല്‍വേ ലൈനില്‍ കോർണീഷ്, അല്‍ബിദാ, വെസ്റ്റ് ബേ മൂന്ന് സ്റ്റേഷനുകള്‍ വഴി ഇവിടെയെത്താം. കാഴ്ചകളുടെ മായാ പ്രപഞ്ചത്തിലൂടെ ഉള്‍ക്കടലിനെ തഴുകി വരുന്ന കാറ്റേറ്റ് നടക്കാം. ലോകകപ്പ് സമയത്ത് വലിയ ആഘോഷങ്ങളും നിശാപരിപാടികളും വെടിക്കെട്ടും എല്ലാം ഈ തീരത്ത് പ്രതീക്ഷിക്കാം. ലോകകപ്പ് കാലത്ത് ഖത്തറിലെത്തുന്നവര്‍ ഒരിക്കലും ഇവിടം വിട്ടുകളയരുത്. ലുസൈല്‍ എന്ന ഖത്തറിന്റെ പുതുനഗരം സജ്ജമാണെങ്കിലും ഖത്തറിന്റെ സാംസ്കാരിക - ഭരണ - വിനോദ സഞ്ചാരത്തിന്റെ സിരാകേന്ദ്രം ഇന്നും ദോഹ കോർണീഷ് തന്നെയാണ്. ഇവിടെയെത്തുന്ന ഓരോ മലയാളിയും തീര്‍ച്ചയായും വയലാറിന്റെ ഈ വരികള്‍ മനസില്‍ ഉരുവിടും. ""ഈ മനോഹര തീരത്ത് തരുമോ... ഇനിയൊരു ജന്മംകൂടി..''
(ലേഖിക ഖത്തറിൽ ദോഹ അല്‍തുമാമയിലെ ഒലീവ് ഇന്റര്‍ നാഷണല്‍ സ്കൂള്‍ അധ്യാപിക)