Published:21 June 2022
കൊച്ചി: കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും ഏറെ ആശ്വാസം പകർന്ന് കമ്പോള ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിന് ശമനമാകുന്നു. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെയും ലോഹങ്ങളുടെയും വില നേരിയ തോതിൽ കുറഞ്ഞുതുടങ്ങിയതോടെ നാണയപ്പെരുപ്പ ഭീഷണി പ്രതീക്ഷിച്ചതിലും നേരത്തെ ഒഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. അതേസമയം ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ ലോകമൊട്ടാകെയുള്ള വിപണികൾ വൻ മാന്ദ്യത്തിലേക്ക് നീങ്ങാനുള്ള സാധ്യതയും ഏറുകയാണ്.
ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സകലമാന സാധനങ്ങളുടെയും വില കുതിച്ചുയർന്നതിനൊപ്പം വിപണിയിലെ പണലഭ്യത നിയന്ത്രിക്കാൻ വിവിധ കേന്ദ്രബാങ്കുകൾ തുടർച്ചയായി പലിശ നിരക്ക് കൂടി വർധിപ്പിച്ചതോടെ ഉപഭോഗം കുത്തനെ കുറയുന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ഭീഷണി. സ്റ്റീൽ, അലുമിനിയം, കോപ്പർ, കൽക്കരി തുടങ്ങിയവയുടെ ആഗോള ഉപഭോഗം കുറയുകയാണെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതോടെ ഈ ഉത്പന്നങ്ങളുടെ വിലയും താഴുകയാണ്. ഇരുമ്പയിരിനും അലുമിനിയത്തിനും ചില സ്റ്റീൽ ഉത്പന്നങ്ങൾക്കും കയറ്റുമതി ഡ്യൂട്ടി ഈടാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതും വില കുറയാൻ കാരണമായി.
ആഗോള സാമ്പത്തിക വളർച്ച നടപ്പുവർഷത്തിൽ പ്രതീക്ഷിച്ചതിലും 1.75 ശതമാനം കുറവായിരിക്കുമെന്നാണ് പുതിയ വിലയിരുത്തൽ. കുതിച്ചുയരുന്ന നാണയപ്പെരുപ്പം നേരിടാൻ കേന്ദ്രബാങ്കുകൾ സ്വീകരിക്കുന്ന നടപടികൾ മൂലം ലോഹങ്ങളുടെ ഉപഭോഗത്തിൽ ഈ വർഷം 20 ശതമാനത്തിലധികം ഇടിവുണ്ടായേക്കും. ഇതിനാൽ ക്രൂഡോയിൽ വില അടുത്ത നാലു മാസത്തിനുള്ളിൽ ബാരലിന് 60 ഡോളറിലേക്ക് താഴാനാണ് സാധ്യതയെന്ന് ആഗോള ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
നാണയപ്പെരുപ്പത്തിനെതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായി കേന്ദസർക്കാർ ചില ഉത്പന്നങ്ങൾക്ക് കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയതും റിസർവ് ബാങ്ക് രണ്ട് തവണയായി മുഖ്യ പലിശ നിരക്ക് 0.9 ശതമാനം ഉയർത്തിയതും വിപണിയിൽ ഉപഭോഗം ഗണ്യമായി കുറയാനും ലഭ്യത കൂടാനും ഇടയാക്കുകയാണ്. അതിനാൽ പല കോർപറേറ്റ് ഗ്രൂപ്പുകളും മാന്ദ്യം മുന്നിൽ കണ്ടുള്ള നടപടികൾക്ക് തുടക്കമിട്ടിട്ടുണ്ട്. മാന്ദ്യകാലത്തിന്റെ സൂചനകൾ ശക്തമായതോടെ ഇന്നലെ ഇന്ത്യൻ ഓഹരി വിപണിയിൽ മെറ്റൽ കമ്പനികളുടെ ഓഹരികൾ കനത്ത തകർച്ച നേരിട്ടു. പ്രമുഖ ഖനന കമ്പനിയായ വേദാന്തയുടെ ഓഹരി വില 11.5 ശതമാനം കുറഞ്ഞ് 234 രൂപയിലെത്തി. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, സെയിൽ, ജിൻഡാൽ സ്റ്റീൽ എന്നിവയുടെ ഓഹരി വിലകൾ അഞ്ച് ശതമാനം ഇടിവാണ് നേരിട്ടത്. ഉത്തരേന്ത്യയിൽ കാലവർഷം മെച്ചപ്പെട്ടതോടെ ഭക്ഷ്യ ഉത്പനങ്ങളുടെ ഉത്പാദനം ഗണ്യമായി ഉയരാനുള്ള സാഹചര്യവും വിലക്കയറ്റ ഭീഷണി ഒഴിവാക്കുകയാണ്.