"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്ത്തി മുഖ്യമന്ത്രി
Published:21 June 2022
എരുമേലി : ഭാരതാംബയ്ക്ക് ആനന്ദമേകാൻ പ്രകൃതീശ്വരി അനുഗ്രഹിച്ചവൾ. വെൺകുറിഞ്ഞി എസ്എൻഡിപി സ്കൂളിലെ കായികാധ്യാപിക എസ്. റെജി ടീച്ചർ. ചുരുങ്ങിയ കാലത്തിനുള്ളിൽ ഈ പിന്നാക്ക മേഖലയിലെ സ്കൂളിൽ നിന്ന് ഇരുപത്തി മൂന്നു സംസ്ഥാന ജേതാക്കളെയും മൂന്നു ദേശീയ യോഗ താരങ്ങളെയുമാണ് ടീച്ചർ വാർത്തെടുത്തത്. ഇന്ന് ലോകം എട്ടാമത് രാജ്യാന്തര യേഗാദിനമാചരിക്കുമ്പോൾ ടീച്ചറിനും കുട്ടികൾക്കും ആഹ്ലാദം.
ആത്മസമർപ്പണമാണ് ടീച്ചറുടെ കുട്ടികൾ വളരെ വേഗം വിജയസോപാനത്തിലെത്താൻ കാരണമായതിന്റെ അടിവളം. 2016ലാണ് ടീച്ചർ വെൺകുറിഞ്ഞി സ്കൂളിൽ കായികാധ്യാപികയായി എത്തിയത്. ഉൾനാടൻ പ്രദേശമായ ഇവിടെ പഠിക്കാനെത്തുന്നതിൽ ഭൂരിഭാഗവും പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളാണ്. അവരെ പരിശീലിപ്പിച്ചെടുക്കാൻ എത്ര കഷ്ടത സഹിക്കാനും മാതൃസഹജമായ വാത്സല്യത്തോടെ ടീച്ചർ തയാറായപ്പോൾ സഹപ്രവർത്തകരൊന്നടങ്കം കരുത്തായി കൂടെ നിന്നു.
ടീച്ചർ പറയുന്നു: ""കുട്ടികൾക്ക് അവസരങ്ങൾ കിട്ടുന്നില്ല ഇവിടെ. അവർക്കു കഴിവില്ലാഞ്ഞല്ല, എന്തു ചെയ്യണമെന്ന് അവർക്കറിയില്ല. കഷ്ടപ്പെട്ടു ജീവിക്കുന്നവർക്ക് വിജയസാധ്യത കൂടുതൽ കിട്ടുന്ന ഒന്നാണ് യോഗ. കാരണം അത് കഷ്ടങ്ങൾ സഹിച്ച് നേടേണ്ടതാണ്. സ്പോർട്സ് യോഗയിലേക്കു വരുമ്പോൾ മാക്സിമം ഇഫർട്ട് എടുത്തേ ചെയ്യാനാകൂ. തുടങ്ങുമ്പോൾ എല്ലാം വേദനയിലാണ്, വേദന അനുഭവിക്കുന്നിടത്തേ നീ പൊങ്ങാവൂ എന്നാണു ഞാൻ പറയുന്നത്. അത്യാവശ്യം വേദന അറിഞ്ഞു വളരുന്ന കുട്ടികൾക്കേ അതാവൂ. ഇവർ മലയോരത്ത് ചാടിയോടി, ഇത്തിരി കഷ്ടപ്പാടൊക്കെ അറിഞ്ഞു ജീവിക്കുന്നവരാണ്.
ദേശീയ ചാംപ്യൻ രേവതി ഇപ്പോൾ ഒറ്റയ്ക്ക് എല്ലാം ചെയ്യാൻ പ്രാപ്തയായി. അവൾ ആദ്യം നാഷണൽസിൽ പോയത് ഏഴിൽ പഠിക്കുമ്പോഴാണ്. അന്നു കരഞ്ഞുകൊണ്ടു പോയ കുട്ടിയാണവൾ. ഇപ്പോൾ രേവതിക്ക് ധാരാളം സ്പോൺസർമാർ വരുന്നുണ്ട്. പക്ഷേ, അവളുടെ ഒപ്പം പങ്കെടുത്ത മറ്റു പതിനാലു കുട്ടികളുണ്ട്. അവൾക്ക് ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ ഞാനാ സന്തോഷം പ്രകടിപ്പിച്ചില്ല. കിട്ടാത്ത ബാക്കി പതിനാലു കുട്ടികൾക്കും വിഷമമുണ്ടാകാൻ പാടില്ലല്ലോ. അവളോട് പിന്നീടു ഞാനത് പറഞ്ഞു കൊടുത്തു.
പന്തളത്തെ വീട്ടിൽ നിന്ന് ആറു മണിക്കെങ്കിലും ഇറങ്ങിയാൽ മാത്രമേ ബസ് മാറിക്കയറി ഏഴേകാലാകുമ്പോഴേക്കും സ്കൂളിലെത്താനാകൂ. അതൊരു പരിമിതിയാണെനിക്ക്. ഈ സ്കൂളിൽ പഠിപ്പിക്കാനേ ഇഷ്ടമുള്ളു, കാരണം ഇവിടുത്തെ അധ്യാപകരുടെ നിർലോഭമായ സഹകരണവും ഗ്രാമീണരായ കുട്ടികളുടെ നിഷ്കളങ്കമായ കഠിനാധ്വാന തൽപരതയും. സ്പോർട്സിൽ ഞാൻ അധ്വാനിക്കുന്നതു പോലെ തന്നെ സ്കൂളിന്റെ നൂറു ശതമാനം വിജയത്തിനായി ആത്മാർഥമായി പ്രവർത്തിക്കുന്നവരാണ് മറ്റെല്ലാ അധ്യാപകരും. അതാണെന്റെ ഏറ്റവും വലിയ ഭാഗ്യവും''.