Published:21 June 2022
മൈസൂരു: എട്ടാം അന്താരാഷ്ട്ര യോഗാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മൈസൂർ കൊട്ടാരവളപ്പിലെ വിശാലമായ മൈതാനിയിൽ യോഗാഭ്യാസം പരിശീലിക്കും. 3000 വിഐപികളും 12000 പൊതുജനങ്ങളുമടക്കം 15,000 പേരാണു പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുന്നത്. ആറരയ്ക്കാണു പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗാഭ്യാസം. കൊവിഡ് മൂലം രണ്ടു വർഷമായി ഓൺലൈനിലായിരുന്നു യോഗ ദിനാചരണം.
തറയിൽ വിരിച്ച പച്ചപ്പരവതാനിക്കു മുകളിൽ നീല നിറത്തിലുള്ള യോഗ മാറ്റുകൾ വിരിച്ചതടക്കം കൊട്ടാരവളപ്പിൽ തയാറെടുപ്പുകളെല്ലാം പൂർത്തിയായി. വിഐപികൾക്ക് ഇവിടേക്കു വരാനുള്ള വഴികളിൽ ചുവന്ന പരവതാനിയാണു വിരിച്ചിട്ടുള്ളത്.
പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളവർ പുലർച്ചെ മൂന്നിന് എത്തണം. അഞ്ചരയ്ക്ക് കൊട്ടാരത്തിന്റെ കവാടം അടയ്ക്കും. ദസറ ഉത്സവത്തിനു സമാനമായാണ് മൈസൂർ നഗരത്തെ ഒരുക്കിയിട്ടുള്ളത്. 79 രാജ്യങ്ങളും യുഎന്നും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.