Published:22 June 2022
ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മഹാരാഷ്ട്ര പിടിച്ചെടുക്കുക എന്നത് ബിജെപിയുടെ ചിരകാല അഭിലാഷമാണെന്ന് ജോൺബ്രിട്ടാസ് എംപി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അധികാരക്കളിയിലെ കച്ചവടരാഷ്ട്രീയത്തെ വിമർശിച്ച് എംപി രംഗത്ത് എത്തിയത്.
ഫെയ്സ്ബുക്ക് പോസ്റ്റ്
ജനപ്രതിനിധികൾ വിൽപ്പനച്ചരക്കാകുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ശിവസേനയുടെ പിളർപ്പിൽ തങ്ങൾക്ക് പങ്കില്ലെന്ന് ബിജെപി പറയുമ്പോഴും കേന്ദ്രഭരണ കക്ഷിയുടെ തട്ടകങ്ങളായ ഗുജറാത്ത്, ആസ്സാം ഒക്കെയാണ് വിമതർക്കുള്ള സുരക്ഷിത താവളം. മഹാരാഷ്ട്രയിലെ ഓപ്പറേഷൻ കമൽ (താമര) ആരംഭിച്ചിട്ട് കുറേക്കാലമായി. രാജ്യസഭ - എംഎൽസി തെരഞ്ഞെടുപ്പിൽ ഇതിന്റെ മിന്നലാട്ടങ്ങൾ കണ്ടതാണ്. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മഹാരാഷ്ട്ര പിടിച്ചെടുക്കുക എന്നത് ബിജെപിയുടെ ചിരകാല അഭിലാഷമാണ്.
എംഎൽഎമാരെ കൂട്ടത്തോടെ വിലയ്ക്ക് വാങ്ങിയാണ് ബിജെപി ഇന്ന് പല സംസ്ഥാനങ്ങളും ഭരിക്കുന്നത്. കോർപറേറ്റ് ലോകത്തെ രീതികളായ Take Over, Acquisition, Merger എന്നിവയൊക്കെ രാഷ്ട്രീയത്തിന്റെ പതിവ് പദ്ധതികളായി രൂപാന്തരപ്പെടുമ്പോൾ അർത്ഥമില്ലാതെ വരുന്നത് ജനാധിപത്യത്തിനാണ്. കക്ഷിരാഷ്ട്രീയത്തെ മുൻനിർത്തിയുള്ള പാർലമെന്ററി സമ്പ്രദായമാണല്ലോ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്.