Published:22 June 2022
അരൂർ: വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതി പൊലീസ് പിടിയിൽ. ആലപ്പുഴ പുന്നമട വാർഡ് കൊറ്റംകുളങ്ങരയിൽ വാടകയ്ക്ക് താമസിക്കുന്ന അരുൺ രാജ്(24) ആണ് പിടിയിലായത്. കഴിഞ്ഞ അഞ്ചാം തീയതി അരൂർ അമ്പലത്തിന് കിഴക്ക് മയൂരം റോഡിലൂടെ നടന്നുപോയ വയോധികയുടെ മാല സ്ക്കൂട്ടറിൽ എത്തി പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.
കുത്തിയതോട്,പട്ടണക്കാട് പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന നാല് മാലപൊട്ടിക്കൽ കേസുകളിലും ഇയാളാണ് പ്രതിയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇടറോഡ് കേന്ദ്രീകരിച്ച് ബൈക്കിലെത്തി നടന്നു പോകുന്ന സ്ത്രീകളുടെ മാല മോഷ്ടിച്ച് കടന്നുകളയുകയാണ് ഇയാളുടെ രീതി. തിരിച്ചറിയാതിരിക്കാൻ വണ്ടിയുടെ നമ്പർ പ്ലേറ്റ് മറച്ചുവച്ചാണ് മോഷണം നടത്തുന്നത്.
കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ തഴുപ്പ്,തുറവൂർ,ചമ്മനാട് ഭാഗത്തും മാല മോഷണം നടത്തിയിട്ടുണ്ടെന്നും വയലാർ പത്മാക്ഷി കവലയ്ക്ക് പടിഞ്ഞാറ് മാല പൊട്ടിക്കാൻ ശ്രമിച്ചതായും പ്രതി സമ്മതിച്ചിട്ടുണ്ട്. അരൂർ പോലീസും ചേർത്തല ഡി.വൈ.എസ്.പി സ്ക്വാഡ് അംഗങ്ങളും ചേർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.