Published:22 June 2022
പാരിസ്: പാക്കിസ്ഥാന്റെ നാവികസേനയ്ക്കായി ചൈന നിർമിച്ചു നൽകിയ നാലു യുദ്ധക്കപ്പലുകളുടെ പ്രവർത്തനം സാങ്കേതിക വിദ്യയിലെ പാളിച്ചകൾ മൂലം പരാജയമായി. ലക്ഷ്യമിട്ട നേട്ടങ്ങളൊന്നുമില്ലാതെ ഇവ പ്രവർത്തിപ്പിക്കാൻ പാക് നാവിക സേന നിർബന്ധിതരാകുകയാണെന്ന് ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. 2009ൽ കമ്മിഷൻ ചെയ്ത ഫ്രിഗേറ്റ് വിഭാഗത്തിൽപ്പെട്ട എഫ് 22പി കപ്പലുകളാണ് പാക് നാവികസേനയ്ക്ക് പേടിസ്വപ്നമാകുന്നത്.
ശരിയായി മിസൈലുകൾ തൊടുത്തുവിടാൻ ഈ കപ്പലുകൾക്ക് കഴിയുന്നില്ലെന്നതാണു പ്രധാന പ്രശ്നം. നിർമാണത്തിലെ പാളിച്ചകൾക്കു പുറമേ തുടർ പരിപാലനത്തിൽ ചൈനീസ് കമ്പനി വരുത്തുന്ന വീഴ്ചകളും പാക്കിസ്ഥാനെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നു ജിയൊപൊളിറ്റിക്ക ഇൻഫൊയിൽ പ്രതിരോധ വിദഗ്ധനായ ഡി. വലേറിയോ ഫാബ്രി തയാറാക്കിയ റിപ്പോർട്ട് പറയുന്നു. നേരത്തേയും ചൈന നൽകിയ പടക്കപ്പലുകളും ജെഎഫ് 17 പോർവിമാനവും പ്രവർത്തനത്തിൽ വീഴ്ചകൾ കാണിച്ചിരുന്നു.
എൻജിനുകൾക്കും നിലവാരമില്ല
ഫ്രിഗേറ്റുകളുടെ പ്രധാന എൻജിനും നിലവാരമില്ലാത്തവയും സ്ഥിരം പ്രശ്നകാരണവുമെന്നും റിപ്പോർട്ടിൽ പറയുന്നു. നാലു ഡീസൽ എൻജിനുകളാണ് കപ്പലിൽ ഉപയോഗിച്ചിരിക്കുന്നത്. എൻജിന്റെ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ഉഷ്ണവായുവിന്റെ സാന്നിധ്യം മൂലം മൂന്നാമത്തേതും നാലാമത്തേതുമായ എൻജിനുകൾ ശരിയായി പ്രവർത്തിക്കുന്നില്ല. കപ്പലിലെ കൂളന്റ് സംവിധാനം തന്നെ നിലവാരമില്ലാത്തതാണെന്നും കപ്പലിലെ തോക്കുകളും മോശമാണെന്നും റിപ്പോർട്ടിലുണ്ട്. ചൈനയിൽ നിന്നു വാങ്ങിയ വിടി നാല് ടാങ്കുകളും 203 എംഎം പീരങ്കികളും നിലവാരമില്ലാത്തതാണെന്നു കഴിഞ്ഞ ഫെബ്രുവരിയിൽ പാക് സേന നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ജോർദാനും ബംഗ്ലാദേശും മുൻപേ പഠിച്ചു
ചൈനയിൽ നിന്ന് വാങ്ങിയ 6സിഎച്ച് 4ബി അൺമാൻഡ് കോംബാറ്റ് ഏരിയൽ വെഹിക്കിൾസ് (യുസിഎവി) നിലവാരമില്ലാത്തതെന്നു കണ്ടെത്തി ജോർദാൻ കരാറിൽ നിന്നു പിന്മാറിയത് അടുത്തിടെയാണ്. വ്യോമസേനയ്ക്കായി ബംഗ്ലാദേശ് വാങ്ങിയ നാൻചാങ് പിടി-6 പരിശീലന വിമാനങ്ങളും പ്രവർത്തനത്തിൽ പാളിച്ചകൾ കാണിച്ചു.
യുഎസും റഷ്യയുമടക്കം രാജ്യങ്ങളോട് ആയുധ വിൽപ്പനയിൽ മത്സരിക്കുന്നുണ്ടെങ്കിലും നിലവാര പരിശോധനയില്ലാതെയാണ് ചൈന പ്രതിരോധ സാമഗ്രികൾ വിൽക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചൈനയുടെ ആയുധങ്ങൾ സാങ്കേതികമായി മികവില്ലാത്തതു മാത്രമല്ല, ഇവ ഒരു യുദ്ധക്കളത്തിലും പരീക്ഷിച്ചിട്ടില്ല. യുഎസും റഷ്യയും സഖ്യകക്ഷികളും പരിശോധിച്ച് ഉറപ്പിച്ച സാമഗ്രികളാണ് വിൽക്കുന്നതെന്ന് ഹവായിയിലുള്ള ഡാനിയൽ കെ ഇനോയി ഏഷ്യാ പസഫിക് സെന്ററിലെ പ്രൊഫസറും പ്രതിരോധ വിദഗ്ധനുമായ അലക്സാണ്ടർ വുവിങ് പറയുന്നു.
വെറുതേയൊരു റഡാർ
ബഹുവിധ ആക്രമണ ഭീഷണി നേരിടുന്ന മേഖലയിലാണു പ്രവർത്തിക്കുന്നത് എന്നതിനാൽ അവയെ നേരിടാൻ ദീർഘദൂര ഭൂതല- ഭൂതല, ഭൂതല- വ്യോമ മിസൈലുകൾ കപ്പലിൽ ഘടിപ്പിക്കണമെന്നതായിരുന്നു പ്രധാന നിർദേശങ്ങളിലൊന്ന്. എന്നാൽ, ചൈനീസ് കമ്പനി നിർമിച്ച കപ്പലിലെ പ്രധാന മിസൈൽ സംവിധാനം തന്നെ പാളി. എഫ്എം 90 (എൻ) എന്ന ഈ മിസൈൽ സംവിധാനത്തിന്റെ ഇമേജിങ് ഉപകരണത്തിന് ലക്ഷ്യത്തെക്കുറിച്ചു കൃത്യമായ സൂചന നൽകാൻ കഴിയുന്നില്ല. അവ്യക്തമായ ഡിസ്പ്ലേയാണ് ഇതു നൽകുന്നത് എന്നതിനാൽ മിസൈൽ ലക്ഷ്യത്തിൽ നിന്ന് ഏറെ അകലെയാണു പതിക്കുന്നത്.
ആകാശത്തും പ്രതലത്തിലും ശത്രുവിന്റെ ആക്രമണസാധ്യതകൾ തെരഞ്ഞു കണ്ടെത്താൻ ഉപയോഗിക്കുന്ന സുപ്രധാന സെൻസറുകളുടെ സ്ഥാനത്ത് വികലമായ ഇൻഫ്രാറെഡ് സെൻസർ സംവിധാനവും എസ്ആർ 60 റഡാറുകളുമാണ് ചൈനീസ് കമ്പനി ഉപയോഗിച്ചത്. മിസൈൽ കണ്ടെത്തി പ്രതിരോധിക്കേണ്ടതും തൊടുക്കേണ്ടതുമായ സമയത്ത് രണ്ടു റഡാറുകളും പ്രവർത്തനരഹിതമാകുകയാണ്.
ചൈന നൽകിയത് നാലു കപ്പലുകൾ
അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും സുരക്ഷ ശക്തമാക്കുന്നതിനു പാക്കിസ്ഥാൻ ചൈന ഷിപ്ബിൽഡിങ് ട്രെയ്ഡിങ് കമ്പനിയിൽ നിന്നു വാങ്ങിയതാണ് നാലു കപ്പലുകൾ. മൂന്നെണ്ണം ചൈനയിൽ നിർമിച്ചു പാക്കിസ്ഥാന് കൈമാറി. നാലാമത്തേത് ചൈനീസ് കമ്പനിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് അവരുടെ മേൽനോട്ടത്തിൽ കറാച്ചി ഷിപ്യാർഡ് ആൻഡ് എൻജിനീയറിങ് വർക്സിൽ നിർമിച്ചു. 2005ൽ ഇരുരാജ്യങ്ങളും ഒപ്പുവച്ച 75 കോടി ഡോളറിന്റെ കരാർ പ്രകാരമായിരുന്നു എഫ് 22പി അഥവാ സുൾഫിക്കർ ക്ലാസ് കപ്പലുകളുടെ നിർമാണം. 2009നും 2013നും ഇടയ്ക്ക് നാലു കപ്പലുകളും കൈമാറി. സമുദ്രാതിർത്തിയിൽ നാവികസേനയുടെ വ്യോമ പ്രതിരോധം ശക്തമാക്കുക, പട്രോളിങ്, അനന്യ സാമ്പത്തിക മേഖലയുടെ സംരക്ഷണം തുടങ്ങി വിവിധ ഉദ്ദേശ്യങ്ങളുണ്ടായിരുന്നു കരാറിൽ.