Published:23 June 2022
കേരളത്തിൽ വികസനപ്രവർത്തനങ്ങളുടെ പേരിൽ മരങ്ങൾ മുറിച്ച് മാറ്റുന്നത് പതിവാണ്. പലപ്പോഴും ദേശിയ പാതാ വികസനങ്ങളുടെ പേരിൽ പരിസ്ഥിതി വാദികൾ ഇടഞ്ഞിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ പുതിയൊരു മാതൃക തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റി. വിദേശരാജ്യങ്ങളിലേത് പോലെ മരങ്ങൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റി നട്ടു കൊണ്ടാണ് കൈയടി നേടുന്നത്. പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുഗതകുമാരി നട്ട പയസ്വിനി എന്ന മാവാണ് മുറിച്ച് മാറ്റാതെ സ്കൂൾ കോമ്പൗണ്ടിലേക്ക് മാറ്റിയത്.
സഹകരണമന്ത്രി വിഎൻ വാസവൻ ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ അഭിനന്ദിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതോടെ നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
വി എൻ വാസവന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി അഭിനന്ദനാര്‍ഹമായ പല മാതൃകകളും സൃഷ്ടിച്ചിട്ടുണ്ട്. അതിനേക്കാള്‍ ഉപരിയും മാതൃകാപരവും അനുകരണീയവുമായ പ്രവര്‍ത്തിയാണ് കഴിഞ്ഞ ദിവസം അവര്‍ ചെയ്തത്. കാസര്‍കോട് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മരങ്ങള്‍ മുറിച്ചു മാറ്റേണ്ട സാഹചര്യമുണ്ടായി. കരാറെടുത്ത ഊരാളുങ്കല്‍ സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നേറുമ്പോഴാണ് പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുഗതകുമാരി ടീച്ചര്‍ നട്ട് പയസ്വിനി എന്ന് പേരിട്ട മാവും മുറിച്ചു മാറ്റേണ്ടി വരുമെന്ന് വ്യക്തമായത്.
മുറിക്കാതിരിക്കാന്‍ വഴി തേടണമെന്ന ആവശ്യവും ഉയര്‍ന്നു. തുടര്‍ന്നാണ് ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് പയസ്വിനിയെ ഇളക്കിയെടുത്ത് അടുക്കത്ത് ബയല് യുപി സ്കൂള്‍ കോമ്പൗണ്ടിലേയ്ക്ക് മാറ്റി നട്ടത്. ആരവങ്ങളോടെയാണ് അപൂര്‍വ്വമായ ഈ കാഴ്ചയ്ക്ക് നാട്ടുകാര്‍ സാക്ഷികളായത്. പുഷ്പവൃഷ്ടിയോടെയും കവിതാലാപനത്തോടെയുമാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പയസ്വിനിയെ സ്കൂളിലേയ്ക്ക് സ്വീകരിച്ചത്.
ഇനി സ്കൂള്‍ മുറ്റത്ത് കൊച്ചുകൂട്ടുകാരുടെ ലാളനയില്‍ പയസ്വിനി പന്തലിക്കും, തണലും ഫലവും നല്കി കാലങ്ങളെ അതിജീവിക്കും. പ്രിയപ്പെട്ട ടീച്ചര്‍ ചന്ദ്രഗിരി പുഴയുടെ പേരാണ് ഈ മാവിനും നല്‍കിയത്. ദേശങ്ങള്ക്കാവശ്യമായ വിഭവങ്ങള്‍ പകര്‍ന്നു നല്കി കാലങ്ങളെ പിന്നിലാക്കി ഒഴുകി മുന്നേറുന്ന ചന്ദ്രഗിരിയെ പോലെ സ്കൂള്‍ മുറ്റത്ത് പയസ്വിനിയും തലയെടുപ്പോടെ മാതൃകയായി നില്ക്കും.
മരങ്ങളും പ്രകൃതിയും സംരക്ഷിച്ചു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജമായി പയസ്വിനി മാറുക തന്നെ ചെയ്യും. പയസ്വിനിയെ സംരക്ഷിക്കാന്‍ നേതൃത്വം നൽകിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കും രംഗത്തിറങ്ങിയ നാട്ടുകാര്‍ക്കും പരിരക്ഷിക്കാന്‍ തീരുമാനിച്ച സ്കൂള്‍ അധികൃതര്‍ക്കും അഭിനന്ദനങ്ങള്‍.