Published:23 June 2022
തിരുവനന്തപുരം: ഗൾഫ് മേഖലയിലെയും ഇന്ത്യയിലെയും മുൻനിര ആരോഗ്യവേനദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ തിരുവനന്തപുരത്ത് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി പ്രഖ്യാപിച്ചു. അഞ്ഞൂറ് കോടി രൂപയാണ് പദ്ധതിക്കായുള്ള നിക്ഷേപം. 5.76 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ആശുപത്രിയിൽ
550 കിടക്കകളും, ഇന്റഗ്രേറ്റഡ് അഡ്വാൻസ്ഡ് ഹെൽത്ത് കെയർ സൗകര്യങ്ങളുമുള്ള ആശുപത്രിയാണ് തലസ്ഥാന ജില്ലയിൽ ആസ്റ്റർ നിർമ്മിക്കുക.
ആശുപത്രിയുടെ പ്രവർത്തനം 2026 സാമ്പത്തിക വർഷത്തിൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ 350 കിടക്കകളായിരിക്കും പ്രവർത്തനക്ഷമമാകുക.കൂടാതെ ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള മൾട്ടി ലെവൽ കാർ പാർക്കിംഗ് സൗകര്യവുമുണ്ടാകും. ആസ്റ്റർ ഗ്രൂപ്പ് നിലവിൽ എണ്ണായിരത്തിലധികം പേർക്കാണ് കേരളത്തിൽ തൊഴിൽനൽകുന്നത്. ആസ്റ്റർ ക്യാപിറ്റൽ പ്രവർത്തനം ആരംഭിക്കുന്നതോടെ 2000 പേർക്കുകൂടി കൂടുതലായി ജോലി ലഭ്യമാകും.
കാർഡിയാക് സയൻസസ്, ഓർഗൻ ട്രാൻസ്പ്ലാൻറ്, ന്യൂറോ സയൻസസ്, ഓർത്തോപീഡിക്സ്, ഓങ്കോളജി, യൂറോളജി ആൻഡ് നെഫ്രോളജി, ഗ്യാസ്ട്രോ സയൻസസ്, വുമൺ ആൻഡ് ചൈൽഡ് വെൽനസ് തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് പ്രത്യേക മികവിന്റെ കേന്ദ്രങ്ങൾ ആശുപത്രിയിലുണ്ടാകും. ഹൈ ഡിപൻഡൻസി യൂണിറ്റുകൾ,എൻഐസിയു, പിഐസിയു, ട്രാൻസ്പ്ലാൻറ് ഐസിയു, ഡേ-കെയർ സപ്പോർട്ട്, 24 മണിക്കൂർ ട്രോമ ആൻഡ് എമർജൻസി റെസ്പോൺസ് ഉൾപ്പടെയുള്ള സേവനങ്ങൾ ഉറപ്പാക്കുന്ന ഒപിഡി, ഐപിഡി, ഐസിയു സൗകര്യങ്ങൾക്ക് പുറമെ റോബോട്ടിക്സ്, ന്യൂ ജനറേഷൻ സിസ്റ്റംസ് എന്നിവയും ക്രമേണ അവതരിപ്പിക്കും.
തിരുവനന്തപുരത്തെ ജനങ്ങൾക്ക് ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന നൂതനവും സമഗ്രവുമായ സംവിധാനങ്ങളാണ് ആസ്റ്റർ ക്യാപിറ്റലിൽ വിഭാവനം ചെയ്തിരിക്കുന്നതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. തലസ്ഥാന നഗരിയിൽ ഗുണനിലവാരമുള്ള ആരോഗ്യ പരിപാലനം ജനങ്ങൾക്ക് ലഭ്യമാക്കുക എന്നത് ആസ്റ്ററിന്റെ ദീർഘകാല സ്വപ്നമാണ്. കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിലേക്ക് തിരുവനന്തപുരത്ത് നിന്ന് ധാരാളം പേർ എത്തുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങളുടെ സേവനം അവരുടെ വീട്ടുപടിക്കൽ എത്തിക്കേണ്ടതും, കൂടുതൽ എളുപ്പമാക്കേണ്ടതും ആസ്റ്ററിന്റെ കടമയായാണ് കരുതുന്നത്. രാജ്യത്ത് 4500 കിടക്കകളുള്ള ശൃംഖലയുടെ സേവനത്തെ ഇത് കൂടുതൽ ദൃഢമാക്കും. ആഗോള നിലവാരമുള്ള സൗകര്യങ്ങൾ ലഭ്യമാക്കി വിദേശത്തുനിന്ന് അടക്കമുള്ള മെഡിക്കൽ പ്രൊഫഷണലുകളെയും രോഗികളെയും സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനും രാജ്യത്തെ മികച്ച ആരോഗ്യ സംരക്ഷണ കേന്ദ്രമായി ആസ്റ്റർ ക്യാപിറ്റൽ മാറുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.
ആസ്റ്റർ ഗ്രൂപ്പിന്റെ തിരുവനന്തപുരത്തേക്കുള്ള ചുവടുവയ്പ്പ് വലിയ സന്തോഷത്തോടെയും ആകാംക്ഷയോടെയുമാണ് നോക്കിക്കാണുന്നതെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് കേരള & ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു. കേരളം ആസ്റ്ററിന്റെ തറവാട് ആണ് എന്നതിലുപരി അസ്വാഭാവികവും വെല്ലുവിളി നിറഞ്ഞതുമായ ആരോഗ്യ പ്രശ്നങ്ങളെ വളരെ വിദഗ്ധമായി നേരിടാനും മനസ്സിലാക്കാനും സഹായിക്കുന്ന ഇടം കൂടിയാണ്. ആരോഗ്യ സംരക്ഷണത്തിൽ ആഗോള നിലവാരം പുലർത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഉത്തമ ബോധ്യമുള്ള സ്ഥാപനമാണ് ആസ്റ്റർ ഗ്രൂപ്പ്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ചത് തന്നെ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള പരിപൂർണ ശ്രമം ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടാകും.
അത്യാധുനിക സാങ്കേതികവിദ്യ, കൃത്യതയുള്ള രോഗനിർണയം, നിലവാരമുള്ള ചികിത്സയും മികച്ച ചികിത്സാനുഭവവും നൽകുന്ന കേന്ദ്രമായിരിക്കും ആസ്റ്റർ ക്യാപിറ്റലെന്നും ഫർഹാൻ യാസിൻ വ്യക്തമാക്കി. 15 ആശുപത്രികൾ, 11 ക്ലിനിക്കുകൾ, 131 ഫാർമസികൾ, 114 ലാബുകൾ, പിഇസികൾ എന്നിവയുള്ള ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ രാജ്യത്ത് മിതമായ നിരക്കിൽ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുന്ന സ്ഥാപനമാണ്. ആസ്റ്റർ ഗ്രൂപ്പിന്റെ കേരളത്തിലെ ഏഴാമത്തെ ആശുപത്രിയായിരിക്കും തിരുവനന്തപുരത്തേത്.
കേരളം, കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ സാന്നിധ്യമുള്ള കമ്പനി സാധാരണക്കാർക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങളും, നൂതന ക്ലിനിക്കൽ നടപടിക്രമങ്ങളും, കുറ്റമറ്റ പ്രവർത്തനരീതികളും അടങ്ങിയ ലോകോത്തര നിലവാരത്തിലുള്ള സേവനമാണ് നൽകുന്നത്. എല്ലാവരേയും ഉൾക്കൊള്ളുന്നതും വിട്ടുവീഴ്ചയില്ലാത്തതും ഫലപ്രദവുമായ ആരോഗ്യ പരിപാലനമെന്ന ആസ്റ്ററിന്റെ സ്ഥാപിത ലക്ഷ്യത്തെ കൂടുതൽ ശക്തമാക്കുന്ന പദ്ധതിയായിരിക്കും തിരുവനന്തപുരത്തേത്. ഡയഗ്നോസ്റ്റിക്, ഫാർമസ്യൂട്ടിക്കൽ സേവനങ്ങൾക്കായി ഏകീകൃത യൂണിറ്റുകൾ നൽകുന്നതിന്റെ പ്രയോജനം പരമാവധി പ്രയോജനപ്പെടുത്താനാണ് ആസ്റ്റർ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.