Published:24 June 2022
കോട്ടയം: മണർകാട് പള്ളിക്ക് സമീപം പച്ചക്കറിക്കടയിലുണ്ടായ വൻ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന കൊച്ച് എന്ന വ്യക്തിയുടെ പച്ചക്കറി വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഷോർട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കോട്ടയം, പാമ്പാടി എന്നിവിടങ്ങളിൽ നിന്നുമുള്ള അഗ്നിരക്ഷാസേനയുടെ 4 യൂണിറ്റുകൾ എത്തി ഒരു മണിക്കൂർ കൊണ്ടാണ് തീ അണച്ചത്. പച്ചക്കറിയോടൊപ്പം പലചരക്ക് സാധനങ്ങളും കടയിൽ ഉണ്ടായിരുന്നു. രാത്രിയായിരുന്നതും കടയുടെ ഷട്ടർ അടഞ്ഞ് കിടന്നതും അഗ്നിബാധയുണ്ടായത് പുറത്തറിയാൻ വൈകി. പുക ഉയരുന്നത് കണ്ട നാട്ടുകാർ മണർകാട് പൊലീസിന് വിവരം നൽകി. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ഷട്ടറുകൾ പൊളിച്ചു മാറ്റിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കടയിലുണ്ടായിരുന്ന ഏകദേശം എല്ലാ വസ്തുക്കളും കത്തി നശിച്ചു.