Published:04 July 2022
1990 ജൂലൈ 3 ചൊവ്വ. ഇറ്റലിയിലെ നേപ്പിള്‍സിലുള്ള സാന്‍പോളോ സ്റ്റേഡിയം. പതിനാലാം ലോകകപ്പ് സെമിഫൈനലില്‍ അതിഥേയരായ ഇറ്റലിയും അര്‍ജന്റീനയും ഏറ്റുമുട്ടുന്നു. ആര്‍ത്തിരമ്പുന്ന 59,978 കാണികള്‍. കളി കണാനെത്തിയ നേപ്പിള്‍സിലെ ഫുട്ബോള്‍ പ്രേമികള്‍ ധര്‍മസങ്കടത്തിലാണ് . ഒരുവശത്ത് സ്വന്തം രാജ്യം. മറുവശത്ത് നെപ്പോളിയുടെ സ്വന്തം ഡിഗോ മറഡോണ. ആവേശക്കൊടുമുടിയിലെത്തിയ ഗ്യാലറി പൊട്ടിത്തെറിക്കുന്നു. അതിനിടയില്‍ കണ്ണീരോടെ ഒരാള്‍ ഒരു കൈയില്‍ മത്സരത്തിന്റെ ടിക്കറ്റുമായി ആകാശത്തേക്ക് നോക്കി അലറിക്കരയുന്നു. ആവേശത്തില്‍ ടീമിനെ പ്രോത്സാഹിപ്പിക്കുമ്പോഴും അയാള്‍ മറ്റെന്തോ പിറുപിറുക്കുന്നു. കൗതുകം തോന്നിയ ഒരാള്‍ കാര്യം തെരക്കി. താനും ഭാര്യയും ഈ മത്സരം കാണാന്‍ ടിക്കറ്റ് എടുത്തിരുന്നതാണ്, എന്നാല്‍ അവള് മരിച്ചു പോയെന്ന് അയാള്‍ പറഞ്ഞു. ഭാര്യയോടുള്ള അടക്കാനാവാത്ത സ്നേഹമാണ് അയാള്‍ അവരുടെ ടിക്കറ്റ് ഉയര്‍ത്തി കാട്ടി പ്രകടിപ്പിക്കുന്നത്. കളി പാതി പിന്നിട്ടവേളയില്‍ അടുത്തിരുന്നയാള്‍ വീണ്ടും ചോദിച്ചു. സഹോദരാ, താങ്കളുടെ ഭാര്യ മരിച്ചിട്ട് എത്രദിവസമായി?. നല്ലവനായ ഭര്‍ത്താവിന്റെ മറുപടി ഇതായിരുന്നു. ""ഇന്നു രാവിലെ.... ഇപ്പോള്‍ ബന്ധുക്കള്‍ അവളുടെ സംസ്കാരം നടത്തുകയായിരിക്കും!''
ഇതു കഥയോ, യാഥാർഥ്യമോയെന്ന് ഇന്നും അറിയില്ല. ലോകകപ്പ് ഫുട്ബോള്‍ മത്സരം നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെക്കാലമായി പറയുന്ന സംഭവമാണിത്. സംഗതി സത്യമെന്നു തന്നെയാണ് ഇറ്റാലിയന്‍ മാധ്യമ പ്രവര്ത്തകന് ഒരു കുറിപ്പില്‍ പറയുന്നത്. ഏതായാലും ലോകകപ്പ് കാണാനുള്ള ടിക്കറ്റ് സ്വന്തമാക്കുകയെന്നത് കാല്‍പ്പന്ത് കളിയെ സ്നേഹിക്കുന്ന ഏതൊരാളുടെയും സ്വപ്നമാണ്. ആര്‍ത്തിരമ്പുന്ന ഗ്യാലറിയിലിരുന്ന് സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനെക്കാള്‍ വലിയ സന്തോഷം ഒരു ഫുട്ബോള്‍ പ്രേമിക്ക് വേറെയെന്തുണ്ട്?. ടിവിയില്‍ നാം കാണുന്നത് പന്ത് കൈയിലിരിക്കുന്ന താരത്തെ മാത്രമാണ്. ഫുട്ബോളിലെ പേരുകേട്ട പല ശൈലികളിലും കളിക്കാരുടെ വിന്യാസവും നീക്കവും കാണണമെങ്കില്‍ സ്റ്റേഡിയത്തില്‍ തന്നെ എത്തണമെന്ന് പ്രമുഖ സ്പോര്‍ട്സ് ലേഖകര്‍ പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്. അതിനാലാണ് പൊന്നുംവില കൊടുത്തും പലരും ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കാന്‍ മത്സരിക്കുന്നത്.
ടിക്കറ്റ് അഞ്ച് കാറ്റഗറിയിൽ
FIFA.com/ticket ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് വില്പന. അഞ്ച് കാറ്റഗറികളില്‍ ടിക്കറ്റ് ലഭ്യമാകും. ഖത്തര്‍ പൗരന്മാര്ക്കും ഈ രാജ്യത്ത് താമസ പെര്‍മിറ്റുള്ളവര്‍ക്കും പ്രത്യേക നിരക്ക് പ്രാബല്യത്തിലുണ്ട്. നാല് കാറ്റഗറിയില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. വ്യക്തിഗത മത്സര ടിക്കറ്റ് (ഐഎംടി), ടീമുകളുടെ ആരാധകര്‍ക്കുള്ള ടിക്കറ്റ് (എസ്ടി) മാനദണ്ഡ ആരാധക ടിക്കറ്റ് (സിഎസ്ടി), ഫോര്‍ സ്റ്റേഡിയം ടിക്കറ്റ് സീരിയസ് (എഫ്എസ്ടി). ഇതിന് പുറമേ അംഗപരിമിതര്‍ക്ക് പ്രത്യേകം ടിക്കറ്റുകളും ഇരിപ്പിടങ്ങളും ലഭ്യമാണ്. എട്ടു സ്റ്റേഡിയങ്ങളിലായി ആകെ 30 ലക്ഷം ടിക്കറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. പ്രാഥമികഘട്ട മത്സരങ്ങള്‍, പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമി ഫൈനല്‍, ലൂസേഴ്സ് ഫൈനല്‍, ഫൈനല്‍ എന്നിങ്ങനെ പ്രത്യേകം നിരക്കുകളും ബാധകമാണ്. പ്രാഥമിക ഘട്ടത്തില്‍ പ്രധാന ടീമുകളുടെ മത്സരങ്ങളില്‍ ടിക്കറ്റ് നിരക്ക് അല്പം കൂടുതലാണ്.
ആകെയുള്ള 30 ലക്ഷം ടിക്കറ്റുകളില്‍ 10 ലക്ഷം ടിക്കറ്റുകള്‍ അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷനും സ്പോണ്സര്മാക്കുമായി നീക്കിവച്ചു. ബാക്കി 20 ടിക്കറ്റാണ് വിറ്റഴിക്കപ്പെടുന്നത്. ഇതുവരെ നടന്ന രണ്ടുഘട്ട ടിക്കറ്റ് വില്പനയില് ഉദ്ദേശം 12 ലക്ഷം പേര് കളിനേരിട്ട് കാണാനുള്ള അവകാശം നേടി. ജൂലൈ അഞ്ച് മുതല്‍ ഓഗസ്റ്റ് 16 വരെ നടക്കുന്ന മൂന്നാംഘട്ട ടിക്കറ്റ് വില്പനയോടെ ബാക്കി ടിക്കറ്റുകളും കാണികളുടെ കൈകളിലെത്തും. ആദ്യ രണ്ടു ഘട്ടങ്ങളില്‍ അപേക്ഷകരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റ് വില്പന നടത്തിയത്. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ ആദ്യം ടിക്കറ്റ് ആവശ്യപ്പെടുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാകും ടിക്കറ്റ് നല്‍കുകയെന്ന് ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍ തവാദി അറിയിച്ചു.
ഇങ്ങനെയൊരു വിൽപന ഇതാദ്യം
ലോകകപ്പ് ചരിത്രത്തില്‍ ടിക്കറ്റ് വില്പനയില് സര്‍വകാല റെക്കോഡാണ് ഇത്തവണത്തേത്. ഇതുവരെ രണ്ടുഘട്ടങ്ങളിലായി വിറ്റ 12 ലക്ഷം ടിക്കറ്റുകള്‍ക്കായി ആകെ മൂന്നര കോടിയോളം പേരാണ് ഫിഫാ വെബ്സൈറ്റിലൂടെ അപേക്ഷ നല്‍കിയത്. 2018 റഷ്യന്‍ ലോകകപ്പില്‍ ടിക്കറ്റിനായി അപേക്ഷിച്ചവരെക്കാള് 385 % അധികം! ജനുവരി പകുതി മുതല്‍ ഫെബ്രുവരി ആദ്യം വരെ നടന്ന പ്രാഥമിക ഘട്ട ടിക്കറ്റ് വില്പനയില് 1.7 കോടി പേര് അപേക്ഷിച്ചു. ഏപ്രില്‍ ആദ്യവാരം ആരംഭിച്ച് അതേ മാസം 28 ന് അവസാനിച്ച രണ്ടാംഘട്ടത്തില്‍ രണ്ടു കോടിയോളം പേര് അപേക്ഷ നല്കി.
ഡിസംബര്‍ 18 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടം കാണാന്‍ 80,000 ഇരിപ്പിടങ്ങളില്‍ ഒന്ന് സ്വന്തമാക്കാന്‍ 30 ലക്ഷം പേര് ബുക്കിങ്ങിന് ശ്രമിച്ചു. 2018 ലെ റഷ്യന്‍ ലോകകപ്പിന്റെ ഫൈനല്‍ കാണാന്‍ 80,000 ഇരിപ്പിടങ്ങള്‍ക്ക് അപേക്ഷിച്ചത് മൂന്നുലക്ഷം പേര്. ഇത്തവണ ഇതിന്റെ പത്തിരട്ടിയോളം പേര് മൂന്നാംഘട്ട ടിക്കറ്റ് വില്പനയ്ക്ക് മുമ്പ് തന്നെ ശ്രമം നടത്തി. ഫൈനലിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 750 ഖത്തര്‍ റിയാലും (ഏകദേശം 16,000 രൂപ) കൂടിയ നിരക്ക് 5,850 ഖത്തര്‍ റിയാലും (ഏകദേശം1,26,000 രൂപ) ആണ്. ഇതൊന്നും ടിക്കറ്റ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരുപ്രശ്നമേയല്ല. പ്രാഥമിക ഘട്ടത്തില്‍ ഗ്രൂപ്പ് സിയില്‍ നവംബര്‍ 26 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അര്‍ജന്റീന - മെക്സിക്കോ മത്സരം കാണാനാണ് ഏറെപ്പേര്‍ ശ്രമിച്ചത്.
ലോകകപ്പ് ടിക്കറ്റ് നിരക്കിന്റെ കാര്യത്തില്‍ ഉദാരമായ സമീപനമാണ് ഖത്തര്‍ സ്വീകരിച്ചിരിക്കുന്നത്. 1990 ലെ ഇറ്റലി ലോകകപ്പിന് ശേഷം നടന്ന ഏഴ് ലോകകപ്പുകളെക്കാള്‍ കുറഞ്ഞ ടിക്കറ്റ് നിരക്കാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പ്രാഥമികഘട്ട മത്സരം കാണാന്‍ ശരാശരി 100- 150 റിയാല്‍ (ഏകദേശം 2200-3300 രൂപ) മുടക്ക് പ്രതീക്ഷിക്കാം. ഖത്തറില്‍ താമസവിസ ഉള്ളവര്‍ക്ക് വെറും 40 റിയാലിന് (ഏകദേശം 800 രൂപ) നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്. നവംബര്‍ 21 ന് അല്‍ബൈത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഖത്തര്‍ - ഇക്വഡോര്‍ ഉദ്ഘാടന മത്സരം കാണാന്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 200 ഖത്തര്‍ റിയാല്‍ (ഏകദേശം 4500 രൂപ).
അപേക്ഷകരിൽ ആറാം സ്ഥാനത്ത് ഇന്ത്യ
ലാറ്റിന്‍ അമെരിക്കയില്‍ നിന്നാണ് ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ. അര്‍ജന്റീന, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്. തൊട്ടുപിന്നാലെ ഇംഗ്ലണ്ട്, ഫ്രാന്‍സ്, മെക്സിക്കോ. ഇതിനു പിന്നില്‍ ടിക്കറ്റ് തേടിയവരുടെ കണക്കില്‍ ആറാംസ്ഥാനത്ത് ഇന്ത്യ. ലോകകപ്പില്‍ പങ്കെടുക്കാത്ത രാജ്യത്തു നിന്ന് ഏറ്റവും അധികം പേര് ഇത്തവണ ടിക്കറ്റിന് ശ്രമിച്ച രാജ്യമെന്ന ഖ്യാതി ഇതോടെ ഇന്ത്യയ്ക്കായി. ഖത്തറില്‍ താമസവിസയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരുണ്ട്. അവരുടെ കൂടി കണക്ക് പരിശോധിക്കുമ്പോള്‍ ഒരുപക്ഷേ നേരിട്ട് ലോകകപ്പ് കാണുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാംസ്ഥാനത്തെത്തിയാല് അത്ഭുതപ്പെടേണ്ട.
ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകുമ്പോഴും ആരാധകര്‍ക്ക് മതിയായ താമസ സൗകര്യം ഒരുക്കുവാനുള്ള അവസാന ഘട്ട തയാറെടുപ്പിലാണ് ഖത്തര്‍. ഹോട്ടല്‍ മുറികള്‍, അപ്പാര്‍ട്ട്മെന്റുകള്‍, മരുഭൂമിയിലെ കൂടാരങ്ങള്‍, ക്രൂയിസ് കപ്പലുകള്‍, അയല്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം താമസം ലഭ്യമാക്കാന്‍ സംഘാടക സമിതി ശ്രമിക്കുന്നു. 15 ദശലക്ഷത്തോളം പേര് നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ ഖത്തര്‍ സന്ദര്‍ശിക്കുമെന്നാണ് കണക്ക്.
ഇനിയും അവസരം, നാളെ മുതൽ
ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കാന്‍ ഇനിയും അവസരം ഉണ്ട്. മൂന്നാംഘട്ട ടിക്കറ്റ് വില്പന ആരംഭിക്കുന്ന ജൂലൈ അഞ്ചിന് തന്നെ ടിക്കറ്റ് ബുക്കിങ് ചെയ്യാം. ഫിഫാ വെബ്സൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ സ്ഥിരീകരണത്തിനായി അവരുടെ ഇ മെയ്ല് ലഭിക്കും. ടിക്കറ്റ് സ്വന്തമാക്കാന്‍ തീരുമാനിച്ചാല്‍ ഓണ്‍ലൈനായി പണം അടച്ച് കസേര ഉറപ്പാക്കുക. ഈ ഘട്ടത്തില്‍ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായതിനാല്‍ അവസാന ദിവസമായ ഓഗസ്റ്റ് 16 ന് മുമ്പ് വില്പന പൂര്‍ത്തിയാകാനുള്ള സാധ്യതയാണ് കാണുന്നത്. ഏതായാലും ചരിത്രത്തിലെ ആദ്യ ശൈത്യകാല ലോകകപ്പ് എല്ലാ മേഖലയിലും നേടിയെടുക്കുന്ന റിക്കോഡ് ടിക്കറ്റ് വില്പനയിലും സ്വന്തമാക്കിക്കഴിഞ്ഞു. അല്‍ബൈത്ത് സ്റ്റേഡിയത്തില്‍ നവംബര്‍ 21 ന് ഉരുളുന്ന പന്ത് ഡിസംബര്‍ 18 ന് ലുസൈല്‍ മൈതാനിയില്‍ നിശ്ചലമാകുന്നത് വരെ ഇനിയും ഏറെ അത്ഭുതങ്ങള്‍ക്കാണ് ഫുട്ബോള്‍ ലോകം കാത്തിരിക്കുന്നത്.
(ലേഖിക ദോഹ അല്‍തുമാമ ഒലീവ് ഇന്റര്‍ നാഷനൽ സ്കൂളിൽ അധ്യാപിക)