Published:10 July 2022
2014 ൽ സംസ്ഥാന അവാർഡ് പ്രഖ്യാപനം കേട്ട എല്ലാരും ഒന്ന് ഞെട്ടി. മികച്ച നടൻ 'സുദേവ് നായർ' ആരാണ് ഇത് ?. അന്നത്തെ ദിവസം സോഷ്യൽ മീഡിയ ഏറെ അന്വേഷിച്ച പേരും ഇത് തന്നെയാണ്. തന്റെ ആദ്യ മലയാള സിനിമയിലൂടെ സംസ്ഥാന അവാർഡ് സ്വന്തമാക്കിയ ഈ മറുനാടൻ മലയാളി പയ്യനെ ചലച്ചിത്ര പ്രേമികൾ പതിയെ സ്വീകരിച്ചുതുടങ്ങി. പിന്നാലെ ഒരുപിടി നല്ല ചിത്രങ്ങളിൽ ക്യാരക്റ്റർ വേഷങ്ങിളിലും വില്ലൻ വേഷങ്ങളിലും തിളങ്ങി. കായകംകുളം കൊച്ചുണ്ണിയിലൂടെ സ്വാതിതിരുന്നാളായി അവൻ തിരശീലയിൽ എത്തി. ഇപ്പോൾ സ്വാതിതിരുന്നാൾ എന്ന് കേട്ടാൽ മലയാളിയുടെ ഉറപ്പായും മനസിൽ തെളിയുന്നത് ഈ മുഖമായിരിക്കും. ഈ വർഷം തിയറ്ററിൽ ഹിറ്റായ മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിൽ വില്ലനായെത്തി ഞെട്ടിച്ചു. അതിൽ മൈക്കളപ്പനായി എത്തിയ മമ്മൂക്ക പറയുന്ന പോലെ " ബോംബെക്കാരാണ് ജാവോന്ന് പറയണം'. പക്ഷേ, മലയാളികൾ ഈ മുംബൈക്കാരനോട് പറഞ്ഞത് "ആവോ' എന്നാണ്. സിബിഐ 5 ലും മികച്ച പ്രകടനം നടത്തി വെള്ളിത്തിരയിലെത്തുന്ന പുതു ചിത്രങ്ങൾക്ക് കാത്തിരിക്കുന്ന സുദേവ് നായർ മെട്രൊ വാർത്തയോട് സംസാരിക്കുന്നു.
ഞാൻ മുംബൈക്കാരൻ
മുംബൈയിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ രണ്ടാം തലമുറക്കാരനാണ് ഞാൻ. അച്ഛന് ഇവിടെയാണ് ജനിച്ചത്. അമ്മയുടെ കുടുംബം പിന്നീട് ഇങ്ങോട്ട് വന്ന് ഇവിടെ സ്ഥിര താമസമാക്കുകയായിരുന്നു. തീര്‍ച്ചയായും ഒരു സാധാരണ മധ്യവര്‍ഗ കുടുംബമായിരുന്നു ഞങ്ങളുടേത്. ഞാനും അനിയനും മുംബൈയിലെ ഏറ്റവും മികച്ച സ്കൂളുകളിലൊന്നായ താനെയിലെ സിംഗാനിയ സ്കൂളിലാണ് പഠിച്ചത്. പഠിക്കുമ്പോൾ തന്നെ എനിക്ക് കമ്പം സ്പോര്‍ടിസിലും ഡാന്‍സിലും നാടകങ്ങളിലുമായിരുന്നു. സ്കൂളില്‍ വച്ച് തന്നെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ പാഠ്യേതര പ്രവർത്തനങ്ങളിൽ അവരേക്കാള്‍ മികവ് പ്രകടിപ്പിക്കുന്നുണ്ടെന്ന് മനസിലാക്കിയെടുത്തു. പിന്നാലെ ഉപരിപഠനത്തിനായി നാഗ്പൂര്‍ ഐഐടിയില്‍ എത്തി. അവിടെ എന്‍ജിനീയറിങ്ങ് ബ്രയിനുമായി പഠനത്തിനെത്തിയ സഹപാഠികളെ കണ്ടപ്പോള്‍ ഇത് എനിക്ക് പറ്റിയ പണിയല്ലെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ പഠനത്തിനപ്പുറമുള്ള മറ്റ് പ്രവർത്തനങ്ങളെല്ലാം എനിക്ക് എളുപ്പമായിരുന്നു. ഡാന്‍സ്, ആക്റ്റിങ്ങ്, സ്റ്റേജ് പെര്ഫോമിങ്ങുമെല്ലാം എനിക്ക് സ്വാഭാവികമായി വഴങ്ങിത്തരുന്നുണ്ടായിരുന്നു. അവിടെ വച്ച് തന്നെ ഞാന്‍ ആ തീരുമാനമെടുത്തു. ഗ്രാജുവേഷന് ശേഷം നാട്ടില്‍ മുംബൈയില്‍ തിരിച്ചെത്തി ഞാന്‍ എന്റെ വഴി തെരഞ്ഞടുത്തു. പഠനത്തിന് പിന്നാലെ ഞാന്‍ പൂനെയിലെ എഫ്റ്റിഐയില് ഞാന്‍ അഭിനയം പഠിക്കാന്‍ ആരംഭിച്ചു. പിന്നീട് കുറച്ചുനാൾ മോഡലിങ്ങിലേക്ക് തിരിഞ്ഞപ്പോള്‍ ചില ടിവി പരസ്യങ്ങളില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചു.
മലയാളത്തിൽ ആദ്യ അവാര്‍ഡ്
2014 ൽ "മൈ ലൈഫ് പാർട്ടണർ' അതൊരു ചെറിയ ചിത്രമായിരുന്നു. കൃത്യമായി റിലീസൊന്നും നടന്നില്ലെന്നാണ് എന്റെ അറിവ്. അതുകൊണ്ട് തന്നെ ആ സമയത്ത് അവാര്‍ഡിനെ കുറിച്ചൊന്നും ചിന്തിച്ചിട്ട് പോലുമില്ല. അവാര്‍ഡ് പ്രഖ്യാപിച്ച ദിവസമാണ് ഞാന്‍ സിനിമയെ കുറിച്ച് പിന്നീട് ആലോചിക്കുന്നത്. അന്ന് നിർത്താതെ തുടരുന്ന ഫോണ്‍ വിളികളിൽ നിന്നാണ് അവാര്‍ഡ് ലഭിച്ചന്നൊക്കെ അറിയുന്നത്. "എന്ത് അവാര്‍ഡ്' എന്നാണ് ഞാന്‍ ആദ്യം എന്നോട് തന്നെ ചോദിച്ചത്. കേരള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചെന്ന് പിന്നീടാണ് എനിക്ക് മനസിലാകുന്നത്. കുറച്ചധികം സിനിമകളില്‍ അഭിനയിച്ചാല്‍ നടനെ പെട്ടന്ന് തിരിച്ചറിയണമെന്നില്ല. എന്നാല്‍ ഒരു അവാര്‍ഡ് ലഭിച്ചാല്‍ ആ നടന് സുപരിചിതനാകുമെന്ന് അതോടെ ഞാന്‍ മനസിലാക്കി.
മലയാളം നൽകിയ പിന്തുണ
ഞാന്‍ സിനിമയിലേക്ക് വന്ന പുതിയൊരാളായിരുന്നു. സിനിമയില്‍ എനിക്ക് അറിയാവുന്ന ആരുതന്നെ ഇല്ലായിരുന്നു. എങ്കിലും മലയാളം ഫിലി ഇന്‍ഡസ്ട്രിയില്‍ നിന്ന് എനിക്ക് ഏറ്റവും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് മമ്മൂക്ക, ഈ നിമിഷത്തില്‍ പോലും എനിക്ക് നല്കുന്ന പിന്തുണ വളരെ വലുതാണ്. ആരോടും എന്നെ കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പറയുന്നു. അവസരങ്ങള്‍ തരുന്നു, അങ്ങനെ സിനിമയോടുള്ള എന്റെ പാഷനെ അടുത്തറിഞ്ഞയാളാണ് മമ്മൂക്ക. കൂടാതെ സംവിധായകരും സഹതാരങ്ങളില്‍ നിന്നും നല്ല ഊര്‍ജമാണ് ലഭിക്കുന്നത്. അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ ഞാന്‍ വലിയ ഹീറോയാണന്നോ, എനിക്ക് ലീഡ് റോള്‍ വേണമെന്നോ എന്നുള്ള ചിന്തയൊന്നുമില്ലായിരുന്നു. അതിന് ഇനിയും കുറേ സമയമെടുക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ഞാന്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്.
കണ്ണുകള്‍ കഥ പറയുന്നു
എന്റെ അഭിപ്രായത്തില്‍ ഒരു അഭിനേതാവിന് വേണ്ടെ ഏറ്റവും വലിയ പ്രത്യേകത അഭിനയിക്കാതിരിക്കുക എന്നാതാണ്. അതുകൊണ്ടാണ്, മനസിലുള്ളത് എന്താണ് കണ്ണുകളിലൂടെ പറയേണ്ടിവരുന്നത്. അല്ലാതെ അത് അഭിനയിച്ച് കാണിക്കാന്‍ ശ്രമിച്ചാല്‍ അത് ഫേക്ക് ആണെന്ന് പ്രേക്ഷകര്‍ക്ക് മനസിലാകും. അതുകൊണ്ട് മുഖത്തെ ഭാവങ്ങളിലൂടെ നമ്മുടെ ഇമോഷന്‍സ് പ്രേക്ഷകരില്‍ എത്തിക്കുകയെന്ന് പ്രത്യേക കഴിവ് തന്നെയാണ്. ഫഹദ് ഫാസിൽ അതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.
ആക്റ്റർ ഒരു ഉപകരണം മാത്രം
സംവിധായകന് ഏടുക്കേണ്ട സീനിന് അനുസൃതമായി ഒരു ഫ്രെയിം സെറ്റ് ചെയ്ത് വയ്ക്കുന്നു. അവിടെ ഒരു ആക്റ്റര്ക്ക് അത് സ്ക്രൂ ചെയ്ത് ഉറപ്പിക്കുകയെന്ന ചെറിയ ഉത്തരവാദിത്തം മാത്രമാണുള്ളത്. അമല്‍ നീരദ് സിനിമയില്‍ ഞാന്‍ കണ്ട പ്രത്യേകതയും അത് തന്നെയാണ്. അദ്ദേഹത്തിന്റെ ഫ്രെയിമിങ്ങ് സൂപ്പറാണ്, ലൈറ്റിങ്ങ് കൃത്യമാണ്. ആ സീനില്‍ ഒരു ആക്റ്റര്ക്ക് വെറുതെ നിന്നാല്‍ പോലും അത് മികച്ച ഇംപാക്റ്റുണ്ടാക്കും.
കായംകുളം കൊച്ചുണ്ണിയിൽ സ്വാതിതിരുന്നാളായി ഞാൻ അഭിനയിച്ചപ്പോള്‍. സത്യം പറഞ്ഞാല്‍ സെറ്റില്‍ എത്തുന്നത് വരെ ഞാന്‍ ചെയ്യേണ്ട ക്യാരക്റ്റര്‍ എന്താണെന്നു പോലും അറിയില്ലായിരുന്നു. അവിടെയെത്തി മേക്കപ്പ് ഒക്കെ കഴിഞ്ഞ് ഞാന്‍ സീന്‍ എടുക്കുന്നതിന് മുന്‍പ് കുറച്ച് സമയം സെറ്റിലൂടെ നടന്നപ്പോള്‍ ഞാന്‍ മനസിലാക്കി, എന്താണ് ക്യാരക്റ്റര്‍ എന്ന്. എനിക്ക് നേരിയ രീതിയിലുള്ള കേട്ടറിവ് മാത്രമാണുണ്ടായിരുന്നത്. അദ്ദേഹത്തെ കുറിച്ച് ചെറിയ രീതിയിലുള്ള ഒരു റിസേര്‍ച്ചിന് പോലും എനിക്ക് അവസരം കിട്ടിയിരുന്നില്ല. ഞാൻ അപ്പോൾ സെറ്റിൽ ഉള്ളവരോട് ചോദിച്ചു, സ്വാതിതിരുന്നാളായി എന്നെ പ്രേക്ഷകർ അംഗീകരിക്കുമോ?. മുഖവും എന്റെ ആകാരവടിവും, പിന്നെ കോസ്റ്റ്യൂം കൃത്യതയുള്ള ഡയറക്ഷനും കൂടി ചേര്‍ന്നപ്പോള്‍ എനിക്ക് കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ലഭിച്ചത്. ഡയറക്റ്റ് പ്രേക്ഷകരോട് പറയാനുള്ള അവരിലേക്ക് എത്തിക്കുന്ന ഒരു ടൂള്‍ മാത്രമാണ് ആക്റ്റർ.
സൗഹൃദം കുറവ്
ഞാൻ അത്രയ്ക്ക് സോഷ്യലൈസ് ചെയ്യുന്നയാളല്ല. അതുകൊണ്ട് തന്നെ സുഹൃത്ത് വലയങ്ങൾ കുറവാണ്. പാർട്ടികൾക്ക് പങ്കെടുക്കുക, ഔട്ടിങ്ങ് പോകുക അങ്ങനെയുള്ള പരിപാടികൾ വളരെ കുറവ്. രാവിലെ എഴുന്നേറ്റാൽ എഴുത്താണ് പ്രാധാന പരുപാടി. വൈകിട്ട് അഞ്ചോ ആറോ മണിക്കൂർ നീളുന്ന ഡാൻസ് ഉൾപ്പെടെയുള്ള വർക്കൗട്ട്. അത് വർഷങ്ങളായുള്ള ദിനചര്യയുടെ ഭാഗമാണ്. ഒരു ദിവസം പോലും അതിന് മുടക്കം വരാറില്ല. അങ്ങനെയുണ്ടായാൽ ചിലപ്പോഴൊക്കെ എനിക്ക് എന്നെ തന്നെ നഷ്ടമാകാൻ സാധ്യതയുണ്ട്. സൗഹൃദവലയം കുറവായതിനാൽ നീ പ്രായമാകുമ്പോൾ എന്താകുമെന്ന് ചിലരൊക്കെ ചോദിക്കാറുണ്ട്. അതൊക്കെ അപ്പോൾ നോക്കാമെന്നാണ് എന്റെ അഭിപ്രായം.
"തൃശൂർ പൂരം' നോർത്ത് ഇന്ത്യയിലും ഹിറ്റ്
ജയേട്ടന്റെ "തൃശൂർപൂരം' നോർത്ത് ഇന്ത്യയിലെ ആളുകൾക്കിടയിൽ പോലും ശ്രദ്ധനേടിയിട്ടുണ്ട്. ഉത്തർപ്രദേശിൽ ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയി. ഞാൻ താമസിച്ചിരുന്ന ഹോട്ടലിലെ എല്ലാ സ്റ്റാഫിനും എന്നെ അറിയാം. കാരണം തൃശൂർ പൂരമായിരുന്നു. മുംബൈയിലെ റസ്റ്റോറന്റിൽ പോയപ്പോഴും അവിടുത്തെ സ്റ്റാഫ് എന്നോടൊപ്പം സെൽഫിയെടുക്കാൻ വന്നു. ഞാൻ അവരോട് ചോദിച്ചു നിങ്ങൾ എങ്ങനെയാണ് എന്നെ അറിയുന്നത്. അവർ യൂട്യൂബിൽ തൃശൂർ പൂരം കണ്ടിരുന്നെന്ന് എന്നോട് പറഞ്ഞു. എങ്ങനെയാണ് ചിത്രം അവർക്കിടയിൽ ഇത്രയും പ്രചാരം നേടിയതെന്ന് എനിക്ക് അറിയില്ല.
സിനിമയെ പറ്റി ഏറ്റവും കൂടുതൽ മികച്ച റിവ്യൂ കിട്ടിയിരുന്നു. ഞാൻ ജീവതത്തിൽ ഏറ്റവും തകർന്ന് നിന്നപ്പോഴാണ് ഈ സിനിമ ചെയ്തത്. രണ്ട് വർഷം മുൻപ് എനിക്ക് ഒരു ബ്രേക്ക് അപ്പ് ഉണ്ടായി. ഒത്തിരി ഹൃദയവേദനയോടെയാണ് ഞാൻ ഈ സെറ്റിൽ എത്തുന്നത്. എങ്ങനെയാണ് ഈ ചിത്രം പൂർത്തിയാക്കിയതെന്ന് എനിക്ക് അറിയില്ല. എന്നാലും ക്യാമറ ഓൺ ആയാൽ ഞാൻ എന്റെ പ്രഫഷനെ ബഹുമാനിക്കുന്നു. സംവിധായകൻ ആവശ്യപ്പെടുന്നതിന്റെ 100 ശതമാനം കൊടുക്കാൻ ഞാൻ സന്നദ്ധനാണ്.
സോഷ്യൽ മീഡിയ വലിയ ലോകം
സോഷ്യൽ മീഡിയയുടെ ലോകം സിനിമാ പ്രേമികൾക്ക് അനന്തര സാധ്യതകളാണ് തുറന്നിട്ടത്. ഫെസ്റ്റിവല്ലുകളിൽ മാത്രം പ്രദർശിപ്പിച്ചിരുന്ന അന്യഭാഷ ചിത്രങ്ങൾ നമ്മുടെ അടുത്തെത്തിയെന്നതും പ്രത്യേകതയാണ്. എന്നാൽ ഇതെല്ലാം തന്നെ ഒരു ടൈംപാസിന് വേണ്ടിയുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു. സിനിമയുടെ തിയറ്റർ എക്സ്പീരിയൻസ് അത് വേറെ തന്നെയാണ്. അതിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല. എന്നാൽ ഒരു ആക്റ്ററിന് ഒടിടി പ്ലാറ്റ് ഫോം സമ്മാനിക്കുന്ന വിസിബിലിറ്റി വളരെ വലുതാണ്. ചെറിയ സിനിമകൾക്ക് പോലും വളരെ വലിയ ഓഡിയൻസ് ലഭിക്കും.
ഇഷ്ടം നോൺ ഫിക്ഷൻ ബുക്കുകൾ
നോൺ ഫിക്ഷൻ ബുക്കുളാണ് വായിക്കാൻ താത്പര്യം. ഇപ്പോൾ ഞാൻ വായിച്ചുകൊണ്ടിരിക്കുന്നത് ജോർഡൻ പീറ്റേഴ്സണിന്റെ ബുക്കുകളാണ്. അദ്ദേഹം ഒരു കനേഡിയൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് പക്ഷേ, മികച്ച ഫിലോസഫറുമാണ്. അദ്ദേഹത്തിന്റെ വർക്കുകളും ബുക്കുകളും വായിക്കുന്നുണ്ട്. കൂടാതെ ജോസഫ് കാംപെൽ, റിച്ചാർഡ് ഡോക്കിൻസ്. സൈക്കോ ത്രില്ലറുകൾ ഒരു ആക്റ്റർ എന്ന രീതിയിൽ ചെയ്യാൻ എനിക്ക് താത്പര്യമുണ്ട്. പക്ഷേ, ഞാൻ എഴുതുന്നത് ഏറെയും കോമഡിയാണ്. എന്റെ മേഖല അതാണെന്ന് ഞാൻ വിശ്വസിക്കുന്നു.
വഴക്ക് വരുന്നു
കൊത്ത്, പത്തൊൻപതാം നൂറ്റാണ്ട്, എന്നിവയ്ക്ക് ശേഷം എനിക്ക് വളരെ രസകമായി തോന്നിയ ഒരു ചിത്രമാണ് "വഴക്ക്'. "എസ്. ദുർഗ'യ്ക്കും "കയറ്റ'ത്തിനും ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടൊവിനോയാണ് നായകൻ. എനിക്ക് വളരെ ഇഷ്ടപ്പെട്ട സംവിധായകനാണ് അദ്ദേഹം. വളരെ വലിയ ഷോട്ടുകളാണ് അദ്ദേഹം ഈ ചിത്രത്തിന് വേണ്ടി എടുത്തിട്ടുള്ളത്. ഏതാണ്ട് 16 മിനിറ്റ് ദൈർഘ്യമുള്ള ഷോട്ടുകൾ പോലുമുണ്ട് ചിത്രത്തിൽ. കൊത്തിൽ ഒരു ഗസ്റ്റ് അപ്പിയറൻസ് മാത്രമാണ് പൊലീസായാണ് അഭിനയിക്കുന്നത്. സിബിഐ 5 ലും ഞാൻ ഒരു പൊലീസുകാരനായിരുന്നു. വരാനുള്ള രണ്ട് മൂന്ന് ചിത്രങ്ങളിൽ പൊലീസായാണ് വേഷം ലഭിച്ചിരിക്കുന്നത്.
ആദ്യ സിനിമയിൽ തന്നെ അഭിനയ കുലപതികൾ നിറഞ്ഞ മലയാള സിനിമയിൽ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം, പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയത്തിലുള്ള ബിരുദം, വെള്ളാരം കല്ലുകൾ പോലുള്ള കണ്ണുകളിലൂടെയുള്ള അഭിനയ വൈഭവം, ആയോധന കലകളിലും നൃത്തത്തിലും ഉള്ള പ്രാവീണ്യം, മലയാളിയുടെ പുരുഷ സൗന്ദര്യ സങ്കൽപ്പങ്ങളെ പുനർവിചിന്തനത്തിന് വിധേയമാക്കുന്ന സൗകുമാര്യം എന്നിങ്ങനെ സുദേവ് എന്ന ഈ യുവനടനെ സംവിധായകരുടെ പ്രിയപ്പെട്ടവനാക്കാനുള്ള ഗുണങ്ങൾ ഒട്ടേറെ. മലയാള സിനിമയുടെ ഭാവിയെ അടയാളപ്പെടുത്തുന്നവരിലൊരാളാകും സുദേവ് എന്നത് നിശ്ചയം.
സംവിധായകനാകാൻ ഉടനില്ല
ഇപ്പോൾ ഡയറക്ഷനെ കുറിച്ച് ഒന്നും ആലോചിക്കുന്നില്ല. 2015 ൽ ഒരു വെബ് സീരിസ് എഴുതി ഡയറക്റ്റ് ചെയ്തിരുന്നു. ഞാൻ ഇപ്പോൾ ഒരു പ്രൊജക്റ്റ് എഴുതിക്കൊണ്ടിരിക്കുകയാണ്. കുറച്ച് വർഷങ്ങൾക്ക് ശേഷം അത് സംഭവിച്ചേക്കാം. എനിക്ക് ആക്ഷൻ കോമഡി ചിത്രങ്ങളാണ് ഏറെ ഇഷ്ടം. ജാക്കിച്ചാൻ സിനിമകളെ പോലെ നല്ലൊരു ആക്ഷൻ കോമഡി ചിത്രം ഇന്ത്യയിൽ അങ്ങനെ സംഭവിച്ചിട്ടില്ല. ആക്ഷനും കോമഡിയും വഴങ്ങുന്ന ഒരു ആക്റ്ററെ ഇന്ത്യയിൽ കണ്ടെത്തുകയെന്നതാണ് വലിയ പ്രതിസന്ധിയാണ്. അങ്ങനെ ഒരു ആക്റ്ററാകാൻ ഞാനും ശ്രമിക്കുന്നുണ്ട്. കോമഡി എനിക്ക് വഴങ്ങുമെന്ന് വിശ്വസിക്കുന്നു. ഞാൻ സംവിധാനം ചെയ്ത വെബ് സീരീസിൽ കോമഡി കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. മലയാളത്തിൽ എനിക്ക് കോമഡി വഴങ്ങുമെന്ന് ഞാൻ കരുതുന്നില്ല. അതിന് പറ്റിയ ഒരു ബോഡിയല്ല എന്റേത്. പ്രത്യേകിച്ച് എന്റെ കണ്ണുകൾ.