Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
30
November 2022 - 4:44 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Interviews

Aparna Das, Exclusive Interview, Movie News, Entertainment

പൂജ സ്വീറ്റാണ് , നൈലയും ആയി വേഗം അടുത്തു ; സിനിമാ വിശേഷങ്ങളുമായി അപർണ ദാസ്

Published:20 July 2022

എന്‍റെയും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു അത്. അത് ഇത്ര പെട്ടെന്ന് സാധിക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നുമില്ല. ലോകമെമ്പാടും ആരാധകരുള്ള ഒരു വലിയ സ്റ്റാറിൻ്റെ കൂടെ അഭിനയിക്കുക എന്നത് തന്നെ വലിയ  ഭാഗ്യമല്ലേ. അതും എന്‍റെ മൂന്നാമത്തെ ചിത്രത്തില്‍ തന്നെ. ഇത്രത്തോളം ഉയരത്തില്‍ നില്‍ക്കുമ്പോഴും വിനയം കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് വിജയ്‌ സര്‍.

അപര്‍ണ്ണ ദാസ്‌ ഇപ്പോള്‍ വലിയ സന്തോഷത്തിലാണ്. ഞാന്‍ പ്രകാശനിലെ ചെറിയൊരു വേഷത്തില്‍ നിന്ന് മനോഹരത്തില്‍ വിനീത് ശ്രീനിവാസന്‍റെ നായികയായി തിളങ്ങി. പിന്നീട് ആരേയും അദ്ഭുതപ്പെടുത്തുന്ന അവസരമാണ് അപര്‍ണ്ണയെ തേടിയെത്തിയത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയുടെ കൂടെ ബീസ്റ്റില്‍ മുഴുനീള വേഷം. തന്‍റെ മൂന്നാമത്തെ ചിത്രത്തിലാണ് അപര്‍ണ്ണ ഈ നേട്ടം സ്വന്തമാക്കിയത്. തുടര്‍ന്ന് ഏറെ ശ്രദ്ധിക്കപെട്ട പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തില്‍ ഷറഫുദീന്‍റെ നായികായി. കൈ നിറയെ ചിത്രങ്ങളാണ് ഇപ്പോള്‍ അപര്‍ണ്ണയെ കാത്തിരിക്കുന്നത്. അപര്‍ണ്ണ ദാസ്‌ മെട്രോ വാര്‍ത്തയോട് തന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. 

എങ്ങനെ ആയിരുന്നു ബീസ്റ്റിലേയ്ക്കുള്ള കടന്നുവരവ്?

വളരെ അപ്രതീക്ഷിതമായിട്ടാണ് ബീസ്റ്റിലേക്കുള്ള അവസരം എന്നെ തേടി എത്തുന്നത്‌. ഒരു ദിവസം ബീസ്റ്റിന്‍റെ സംവിധായകന്‍ നെല്‍സന്‍ ദിലീപ് കുമാറിന്‍റെ അസോസിയേറ്റ് ആയ ഒരു പെണ്‍കുട്ടി എന്നെ വിളിച്ചു. കൊറോണ കത്തി നില്‍ക്കുന്ന സമയമായിരുന്നു അത്. വിജയ്‌ സാറിൻ്റെ ഒരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും ആ ചിത്രത്തില്‍ അഭിനയിക്കാന്‍ എനിക്ക് താല്‍പ്പര്യം ഉണ്ടോ എന്നും അവര്‍ ചോദിച്ചു. എങ്ങനെയോ എന്‍റെ ഫോട്ടോ കണ്ടിട്ടാണ് അവര്‍ എന്നെ വിളിച്ചത്. കുറച്ച് ഫോട്ടോസ് കൂടി അയക്കണം എന്ന് പറഞ്ഞു. എന്നെ ഇനി ആരെങ്കിലും വിളിച്ചു പറ്റിക്കുകയാണോ എന്ന് പോലും തോന്നി പോയി. എന്നാല്‍ വളരെ പ്രൊഫഷണല്‍ രീതിയിലുള്ള അവരുടെ സംസാരം കേട്ടപ്പോള്‍ പിന്നീട് എനിക്ക് വിശ്വാസമായി. അതിന് ശേഷം ഞാന്‍ ചെന്നൈയില്‍ പോയി സംവിധായകന്‍ നെല്‍സന്‍ ദിലീപ് കുമാറിനെ കാണുകയും കാമറ ടെസ്റ്റ് നടത്തുകയും ചെയ്തു. 

വിജയ്ക്കൊപ്പം അഭിനയിക്കുക എന്നത് ഏതൊരു നായികയുടെയും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണല്ലോ? എങ്ങനെ ആയിരുന്നു ആ അനുഭവം? 

തീര്‍ച്ചയായും. എന്‍റെയും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു അത്. അത് ഇത്ര പെട്ടെന്ന് സാധിക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നുമില്ല. ലോകമെമ്പാടും ആരാധകരുള്ള ഒരു വലിയ സ്റ്റാറിൻ്റെ കൂടെ അഭിനയിക്കുക എന്നത് തന്നെ വലിയ  ഭാഗ്യമല്ലേ. അതും എന്‍റെ മൂന്നാമത്തെ ചിത്രത്തില്‍ തന്നെ. ഇത്രത്തോളം ഉയരത്തില്‍ നില്‍ക്കുമ്പോഴും വിനയം കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് വിജയ്‌ സര്‍. അദ്ധേഹത്തെ കണ്ടതിന് ശേഷം എന്‍റെ ജീവിതത്തിലും ഞാനത് പകര്‍ത്താന്‍ ശ്രമിക്കാറുണ്ട്. എപ്പോഴും  വളരെ ശാന്തനായി ഇരിക്കാന്‍ ഇഷ്ട്ടപ്പെടുന്ന ആളാണ്‌ അദ്ദേഹം. ഷോട്ടിന്‍റെ ഇടവേളകളില്‍ കൂടുതല്‍ സമയവും ആരോടും അധികം സംസാരിക്കാതെ ശാന്തനായി ഇരിക്കുന്നതാണ് ഞാന്‍ അധികവും കണ്ടിട്ടുള്ളത്. എന്നാല്‍ കാമറക്ക് മുന്നിലെത്തുമ്പോള്‍ അദ്ദേഹം വേറൊരാള്‍ ആണ്. ശാന്തമായി ഇരിക്കുമ്പോള്‍ അദ്ദേഹം സംഭരിച്ച് വയ്ക്കുന്ന എനര്‍ജി എല്ലാം കാമറക്ക് മുന്നിലെത്തുമ്പോള്‍ പുറത്തെടുക്കും. 

പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തില്‍ ഷറഫുദീൻ്റെ നായിക ആയിരുന്നല്ലോ? ആ സിനിമയുടെ വിശേഷങ്ങള്‍ ? 

കഴിഞ്ഞ  ജൂണ്‍ 24നാണ് പ്രിയന്‍ ഓട്ടത്തിലാണ് റിലീസ് ചെയ്യുന്നത്.  ഇപ്പോഴും സിനിമ ചില തീയേറ്ററുകളിലൊക്കെ കളിക്കുന്നുണ്ട്. ഒരുപാട് പേര്‍ സിനിമ കണ്ട് നല്ല അഭിപ്രായം പറഞ്ഞു. കൊറോണക്ക് ശേഷം വലിയ ബഡ്ജറ്റിലുള്ള സിനിമകളാണ് കൂടുതലും പ്രേക്ഷകര്‍ തീയേറ്ററില്‍ പോയി കാണുന്നത്. ഓടിടി  സജീവമായതോട് കൂടി ചെറിയ സിനിമകള്‍ തീയേറ്ററില്‍ പോയി കാണാന്‍ പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ വലിയ താല്‍പ്പര്യമില്ല. ഇതിനിടയിലും വളരെ ചെറിയ സിനിമയായ പ്രിയന്‍ ഓട്ടത്തിലാണ് കുറേ ആളുകള്‍ എങ്കിലും തീയേറ്ററില്‍ പോയി കണ്ടത്തില്‍ സന്തോഷമുണ്ട്. പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിന്‍റെയും ബീസ്റ്റിന്‍റെയും ചിത്രീകരണം ഒരേസമയമാണ് നടന്നത്.  ഷറഫുദീന്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ പ്രിയദര്‍ശന്‍റെ ഭാര്യയുടെ വേഷത്തിലാണ് ഞാന്‍ എത്തുന്നത്. ഒരുപാട് അനുഭവപരിചയമുള്ള അഭിനേതാക്കളുടെ കൂടെ ആയിരുന്നു ഞാന്‍ അഭിനയിച്ചത്.

പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നൈല ഉഷ ആയിരുന്നല്ലോ?

നൈല ഉഷയുമായി എനിക്ക് കോമ്പിനേഷന്‍ സീനുകളൊന്നും ഉണ്ടായിരുന്നില്ല. സിനിമയുടെ പ്രമോഷന്‍ സമയത്താണ് ഞങ്ങൾ തമ്മില്‍ കാണുന്നത്. വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ തമ്മില്‍ അടുത്തു എന്ന് പറയാം. എന്‍റെ സീനിയര്‍ ആണെങ്കിലും നമ്മള്‍ ഒരേപോലെ ചിന്തിക്കുന്നവര്‍ ആണെന്ന് എനിക്ക് തോന്നി. രണ്ടോ മൂന്നോ ദിവസമാണ് ആകെ ഞങ്ങൾ നേരില്‍ കണ്ടിട്ടുള്ളത്. എന്നാല്‍  ഒരുപാടുവര്ഷത്തെ പരിചയം   ഉള്ളതുപോലെ ആയിരുന്നു ഞങ്ങളുടെ കൂട്ട് കൂടലുകള്‍. 

ബീസ്റ്റിലെ നായികയായ പൂജ ഹെഗ്ടെയുമായുള്ള അനുവം?

പൂജ വളരെ സ്വീറ്റ് ആയിട്ടുള്ള കുട്ടിയാണ്. എന്നോട് വലിയ ഇഷ്ട്ടമാണ്. ജോലിയോട് അവര്‍ കാണിക്കുന്ന പ്രൊഫഷണല്‍ സമീപനം നമ്മെ അദ്ഭുതപ്പെടുത്തും. സ്ക്രീനില്‍ കാണുന്നതുപോലെ നേരില്‍ കാണാനും അതീവ സുന്ദരിയാണ്. സൗത്ത് ഇന്ത്യയിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാളാണ് പൂജ. എന്നാല്‍ അതിന്‍റെ ഒരു തരത്തിലുള്ള അഹങ്കാരവും ഇല്ലാതെ എപ്പോഴും വളരെ കൂളായിട്ടാണ് പൂജ നമ്മളോട്  പെരുമാറുന്നത്.

ഞാന്‍ പ്രാകാശനിലെ വളരെ  ചെറിയ വേഷത്തില്‍ നിന്നും മനോഹരത്തിലെ നായികയിലേയ്ക്കുള്ള കടന്നുവരവ് എങ്ങനെ ആയിരുന്നു?

ശരിക്കും മനോഹരത്തിലേയ്ക്ക് എന്നെ വിളിക്കുന്നത്‌ ഒരു ചെറിയ വേഷം ചെയ്യാന്‍ തന്നെ ആയിരുന്നു. ക്ലയ്മാര്‍ക്സ് ഭാഗത്ത്‌ മാത്രം ഉള്ള സീനില്യ്ക്ക് ആണ് എന്നെ അവര്‍ വിളിച്ചത്. ആ സമയത്താണ് മറ്റൊരു സിനിമയില്‍ ഒരു മുഴുനീള വേഷം ചെയ്യാനായി എന്നെ വിളിക്കുന്നത്‌. എന്നാല്‍ വിനീത് ശ്രീനിവാസന്‍റെ സിനിമ ആയതുകൊണ്ട് തന്നെ എനിക്ക് വന്ന മുഴുനീള വേഷത്തെ വേണ്ടെന്ന് വച്ച് മനോഹരത്തിലെ ചെറിയ  വേഷത്തിന് ഞാന്‍ താല്‍പ്പര്യമുണ്ടെന്നു പറയുകയായിരുന്നു. അതിന് ശേഷം ഒരു ദിവസം മനോഹരത്തിലേക്ക് വീണ്ടും ഒരു ഓടിഷന്‍ ചെയ്തു. അതിന്ശേഷമാണ്‌ എന്നെ സിനിമയിലെ നായിക ആയി തെരഞ്ഞെടുത്ത വിവരം അവര്‍ എന്നോട് പറയുന്നത്.

ഇതുവരെ അഭിനയിച്ച സിനിമകളിലെ സംവിധായകരെക്കുറിച്ച്?

അഭിനയിക്കുമ്പോള്‍ ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും തരാത്ത വളരെ കൂള്‍ ആയിട്ടുള്ളവരായിരുന്നു എന്‍റെ സംവിധായകര്‍ എല്ലാം തന്നെ. സത്യന്‍ അന്തിക്കാട് സാറിന്‍റെ സിനിമയിലാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. നമ്മളെ ടെന്‍ഷന്‍ ഫ്രീ ആയി എങ്ങനെ കാമറക്ക് മുന്നില്‍ നിര്‍ത്താം എന്ന് സാറിന് കൃത്യമായി അറിയാം. വളരെ സ്വീറ്റ് ആയിട്ടാണ് നമ്മളോട് ഓരോ കാര്യവും പറഞ്ഞു തരുന്നത്. ബീസ്റ്റിൻ്റെ  സംവിധായകന്‍ നെല്‍സന്‍ സാറും വളരെ ശാന്തനായ വ്യക്തിയാണ്. ഒരു വിജയ്‌ ചിത്രത്തിന്‍റെ സംവിധായകന്‍ ആണെന്ന ഒരു തരത്തിലുള്ള അഹംഭാവവും അദ്ദേഹം കാണിച്ചിട്ടില്ല. അതുപോലെ തന്നെ സിമ്പിളായിട്ടുള്ള ആളാണ്‌ മനോഹരത്തിൻ്റെ സംവിധായകനായ അന്‍വര്‍ സാദിക്ക്. 

‘ബീസ്റ്റ്’ റിലീസ് സമയത്ത് വിജയുടെ റോള്‍സ് റോയിസ് കാറില്‍ കയറി ഒരു യാത്ര നടത്തിയല്ലോ?

എന്‍റെ ജന്മദിനമായിരുന്നു അന്ന്. ജീവിതത്തില്‍ ഇനി അതുപോലൊരു ജന്മദിനം ഉണ്ടാകുമോ എന്നറിയില്ല. ബീസ്റ്റിൻ്റെ സെറ്റില്‍ ആണ് എന്‍റെ ജന്മദിനം ഞാന്‍ ആഘോഷിച്ചത്. കേക്ക് മുറിച്ച സമയത്ത് വിജയ്‌ സാറും പൂജയും സംവിധായകന്‍ നെല്‍സന്‍ സാറുമൊക്കെ അടുത്തുണ്ടായിരുന്നു. ബീസ്റ്റിൻ്റെ മുഴുവന്‍ സാങ്കേതിക പ്രവര്‍ത്തകരും അപ്പോള്‍ ചുറ്റിലും കൂടി. കേക്കൊക്കെ മുറിച്ചതിനു ശേഷം ഞാനും പൂജയും സതീഷ്‌ എന്ന തമിഴ് നടനും കൂടി വിജയ്‌ സാറിന്‍റെ റോള്‍സ് റോയിസ് കാറില്‍ ഒരു റൈഡ് നടത്തി. വിജയ്‌ സാര്‍ തന്നെ ഡ്രൈവ് ചെയ്തു ചെന്നൈയിലെ ഏതൊക്കെയോ സ്ഥലങ്ങളിലൂടെ പോയി. ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയായിരുന്നു അത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top