"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്ത്തി മുഖ്യമന്ത്രി
Published:02 August 2022
ലോകത്തെ ഏറ്റവും വലിയ ഞവര പാടം പരിചയപ്പെടുത്തി മുൻ ധനമന്ത്രി ടി എം തോമസ് ഐസക്ക്. ചിറ്റൂരുള്ള 12 ഏക്കർ കൃഷ്ടിയിടമാണ് മന്ത്രി പരിചയപ്പെടുത്തിയത്. ടാർ റോഡിൽനിന്ന് കുറച്ചുദൂരം മുള്ളുവേലി കെട്ടിയ ചെമ്മൺ റോഡിലൂടെ നടന്നാലേ നാരായണൻ ഉണ്ണിയുടെ തറവാട്ടു വീട്ടിലും ഞവര പാടത്തും എത്തുകയുള്ളൂ.
ഫെയ്സ്ബുക്ക് പോസ്റ്റ്
ലോകത്തെ ഏറ്റവും വലിയ ഞവര പാടം സന്ദർശിച്ചു. ചിറ്റൂരാണ് ഈ 12 ഏക്കർ കൃഷിയിടം. ടാർ റോഡിൽനിന്ന് കുറച്ചുദൂരം മുള്ളുവേലി കെട്ടിയ ചെമ്മൺ റോഡിലൂടെ നടന്നാലേ നാരായണൻ ഉണ്ണിയുടെ തറവാട്ടു വീട്ടിലും ഞവര പാടത്തും എത്തുകയുള്ളൂ. കൃത്യം കൊച്ചി-മലബാർ അതിർത്തി. ടാറിട്ട റോഡ് കൊച്ചിയിലാണ്. ചെമ്മൺപാത മലബാറിലേതും. ഇപ്പോൾ രണ്ടും ഒരു പഞ്ചായത്തിലാണെങ്കിലും വ്യത്യാസം തുടരുന്നതു കൗതുകകരമായി തോന്നി.
പണ്ട് അമ്പലപ്പുഴയിൽ ഞങ്ങളുടെ കരപ്പാടത്ത് ഒരു കണ്ടം ഞവരയ്ക്ക് മാറ്റിവയ്ക്കുമായിരുന്നു. ഇന്നും ഒറ്റയ്ക്കും കൂട്ടായും കേരളത്തിൽ പല സ്ഥലങ്ങളിലും ഞവര കൃഷി ചെയ്യുന്നുണ്ട്. ഞവരയുടെ പോഷകഗുണവും മരുന്നുഗുണവും പ്രസിദ്ധമാണ്. ഉച്ചയ്ക്ക് ഞവര കഞ്ഞി, പുഴുക്ക്, കൊണ്ടാട്ടം, അച്ചാർ ആയിരുന്നു ഭക്ഷണം. ഉണ്ണിയും ഭാര്യ രമാദേവിയും മാത്രമാണ് ഇപ്പോൾ തറവാട്ടിൽ താമസം. രമാദേവി തന്നെ കഞ്ഞിയും കറികളും വിളമ്പിതന്നു. ഞവരയുടെ പ്രത്യേകത ചുവപ്പ് തവിട് വിട്ടുപോകില്ല എന്നതാണ്. അതുകൊണ്ട് അന്തർദേശീയമായി ചുവന്ന അരി എന്നാണ് പലരും വിളിക്കുന്നത്. പശിമയും കൂടുതലാണ്. മൂന്നിരട്ടി വേവുമുണ്ട്. അതുകൊണ്ട് ചോറിനു പറ്റുമെന്ന് അറിഞ്ഞുകൂട. പക്ഷേ കഞ്ഞിക്ക് ഒന്നാംതരം തന്നെ. സ്റ്റാർ ഹോട്ടലുകളിലും മറ്റും ഞവര കഞ്ഞി പ്രത്യേക വിഭവമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
നാരായണൻ ഉണ്ണിയും കോഴിക്കോട് കമ്പ്യൂട്ടർ വിൽപ്പനക്കാരൻ ആയിരുന്നു. 1995-ലാണ് തറവാട്ട് കൃഷി ഏറ്റെടുക്കുന്നത്. 1978 മുതൽ ഇവരുടെ പാടത്തും പറമ്പിലും കീടനാശിനികൾ ഉപയോഗിക്കാറില്ല. ജൈവവളത്തിലേക്ക് നീങ്ങി. 2003-ൽ ഓർഗാനിക് സർട്ടിഫിക്കേഷൻ ലഭിച്ചു. 2004-ൽ ജിഐ പദവിയും. 2008-ൽ ഉണ്ണിക്ക് പ്ലാന്റ് ജെനോം സേവ്യർ സർട്ടിഫിക്കേഷനും. ഇതുമൂലം ഇവിടുത്തെ നെല്ലും മറ്റും അന്തർദേശീയ ഓർഗാനിക് കമ്പോളത്തിൽ വിൽക്കാൻ കഴിയും.
എന്നാൽ പാലക്കാടൻ ഞവര ഒരു പ്രത്യേക ഇനമായി കാർഷിക സർവ്വകലാശാല കരുതുന്നില്ല. ഞവര കേരളത്തിൽ പല ഭാഗങ്ങളിലും കൃഷി ചെയ്തുകൊണ്ടിരുന്ന പാരമ്പര്യ വിത്താണ്. നാരായണൻ ഉണ്ണിയുടെ നിലപാട് വ്യത്യസ്തമാണെന്നു പറയേണ്ടതില്ലല്ലോ. ഇതിന്റെ ശാസ്ത്രീയത എന്തു തന്നെയായാലും കേരളത്തിലെ ഞവര കൃഷിയെ സംരക്ഷിച്ചതിലും പ്രോത്സാഹിപ്പിച്ചതിലും അദ്ദേഹത്തിനു വലിയ പങ്കുണ്ട്.
ഞവര കൃഷിക്ക് ഇപ്പോൾ ഒരു പുതുജീവൻ വന്നിട്ടുണ്ട്. ഉയർന്ന വില നൽകാൻ തയ്യാറുള്ള ഒരു ഉപഭോക്തൃ വിഭാഗമുണ്ട്. ഈ ഉയർന്ന മാർക്കറ്റ് ലക്ഷ്യമിട്ടാണ് ഉൽപ്പാദനം. ഞവര ഫൗണ്ടേഷൻ പ്രവർത്തിക്കുന്നുണ്ട്. നാരായണൻ ഉണ്ണിയാണു ചെയർമാൻ. സെമിനാറുകളും ബ്രാൻഡ് വളർത്തിയെടുക്കുന്നതിനുള്ള ആഘോഷങ്ങളും ഗവേഷണത്തിനും ഫൗണ്ടേഷൻ നേതൃത്വം നൽകുന്നു. നാരായണൻ ഉണ്ണി തന്നെ പ്രസ്ഥാനത്തിന്റെ നായകൻ. അതിനുള്ള ലോക അംഗീകാരവും അദ്ദേഹത്തിനുണ്ട്. ഏഷ്യാ പെസഫിക് രാജ്യങ്ങളിൽ ഒട്ടേറെ സെമിനാറുകളിലും ഫെസ്റ്റിവലുകളിലും പങ്കെടുത്ത് നമ്മുടെ ഞവരയ്ക്ക് അംഗീകാരം നേടിയിട്ടുണ്ട്. പാലക്കാടൻ മട്ടയ്ക്കെന്നപോലെ തന്നെ ഞവരയ്ക്കും ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ പദവി നേടിയിട്ടുണ്ട്.
നാരായണൻ ഉണ്ണി നൂതനായ വിപണന രീതികൾ കമ്പോളം കണ്ടെത്തുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ, ഫെസ്റ്റിവലുകൾ, സെമിനാറുകൾ തുടങ്ങിയവയെല്ലാം ഫലപ്രദമായി ഉപയോഗിച്ചു. ഓൺലൈൻ വിപണനമായിരുന്നു മുഖ്യം. പ്രീ-പാക്കേജ് അരിക്ക് ജി.എസ്.ടി വന്നതോടെ എന്തായിരിക്കും പ്രത്യാഘാതമെന്ന ആശങ്കയിലാണ്. നാരായണൻ ഉണ്ണിയെ സംബന്ധിച്ചിടത്തോളം തന്റെ പാടത്ത് ഉൽപ്പാദിപ്പിക്കുന്നതെല്ലാം വിറ്റഴിക്കാനുള്ള സ്ഥിരം കസ്റ്റേമേഴ്സ് ഉണ്ട്. പക്ഷേ, കേരളത്തിൽ ചിന്നിച്ചിതറി കിടക്കുന്ന ഫൗണ്ടേഷൻ അംഗങ്ങളായ മറ്റു കൃഷിക്കാരുടെ ഉൽപ്പന്ന വിപണനത്തെക്കുറിച്ച് ആശങ്കയേറെയാണ്.
പഴയ തറവാട് അതുപോലെ സംരക്ഷിച്ചിട്ടുണ്ട്. തൊടിയിലെ വൃക്ഷങ്ങളും. പുരയിടത്തിൽ കൃഷിയേക്കാളേറെ ജൈവവൈവിധ്യ ചെറുവനം സൃഷ്ടിക്കാനാണ് താൽപ്പര്യമെന്നു തോന്നുന്നു. പാടത്തെ കൃഷി പൂർണ്ണമായും അതിന്റെ ചിട്ടയനുസരിച്ച്. നിലമൊരുങ്ങി. പക്ഷേ കാലം തെറ്റിവന്ന മഴ ഞാറിൽ നല്ലൊരു പങ്കും നശിപ്പിച്ചുപോലും. ഒരുക്കിയ പാടത്ത് പന്നികൾ ഓടിയതിന്റെ കാൽപ്പാടുകൾ സുലഭമായിരുന്നു. ഞാറ് പറിച്ചു നട്ടിട്ടില്ലെങ്കിലും രണ്ട് മയിലുകൾ വന്നെത്തിക്കഴിഞ്ഞു. ഇത്തവണത്തെ കാലവർഷഗതി എന്തെന്ന് ആർക്ക് അറിയാം? ഇതിന്റെയൊക്കെ ആശങ്കയാണു കർഷകർക്കു പറയാനുള്ളത്.