"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്ത്തി മുഖ്യമന്ത്രി
Published:05 August 2022
വായ്പാ പലിശ നിരക്കിൽ റിസർവ് ബാങ്ക് വീണ്ടും വർധന വരുത്തിയിരിക്കുകയാണ്. വാണിജ്യ ബാങ്കുകൾക്ക് ആർബിഐ നൽകുന്ന ഹ്രസ്വകാല വായ്പ (റിപ്പോ)യുടെ പലിശ അര ശതമാനമാണു കുട്ടിയത്. ഇതോടെ റിപ്പോ നിരക്ക് 5.40 ശതമാനമായി ഉയർന്നിരിക്കുകയാണ്. നാണയപ്പെരുപ്പം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തിൽ കേന്ദ്ര ബാങ്ക് സ്വീകരിക്കുന്ന നടപടികളുടെ തുടർച്ചയാണിത്. കൊവിഡ് കാലത്തിനു തൊട്ടു മുൻപ് 5.15 ശതമാനമായിരുന്നു റിപ്പോ നിരക്ക്. കൊവിഡ് കാലത്തു പ്രവർത്തനങ്ങൾ മന്ദീഭവിച്ചപ്പോൾ കരകയറാനുള്ള സഹായം എന്ന നിലയിൽ നിരക്ക് കുറച്ചിരുന്നു. 2020 മാർച്ചിൽ 4.40 ശതമാനമാക്കി. അതേവർഷം മേയിൽ നാലു ശതമാനമായും കുറച്ചു.
കുറഞ്ഞ പലിശയ്ക്ക് കേന്ദ്ര ബാങ്ക് ഫണ്ട് നൽകുമ്പോൾ വാണിജ്യ ബാങ്കുകളുടെ പലിശ നിരക്കും കുറയും. അതു വായ്പകളെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക പ്രവർത്തനങ്ങൾ സജീവമാകുകയും ചെയ്യും. കൊവിഡ് മാന്ദ്യത്തിൽ നിന്ന് സാമ്പത്തിക വ്യവസ്ഥ കരകയറാൻ ശ്രമിക്കുമ്പോൾ ഉയർന്ന നാണയപ്പെരുപ്പത്തിന്റെ ഭീഷണിയും തെളിഞ്ഞിരുന്നു. ഇതു കണക്കിലെടുത്താണ് 2022 മേയിൽ നിരക്ക് വീണ്ടും 4.40 ശതമാനമാക്കിയത്. ജൂണിൽ അത് 4.90 ശതമാനമാക്കി, ഇപ്പോൾ 5.40 ശതമാനവും.
അതായത് മൂന്നു മാസം കൊണ്ട് 1.40 ശതമാനം വർധനയാണു വരുത്തിയത്. ഇതു വലിയ മാറ്റം തന്നെയാണ്. ഭവന, വാഹന, വ്യക്തിഗത വായ്പകളെടുത്ത സാധാരണക്കാരുടെയെല്ലാം തിരിച്ചടവു തുക വർധിക്കും. മുതൽ മുടക്കുകൾ കുറയും. സാമ്പത്തിക വളർച്ചയ്ക്കു പ്രതികൂലമാവും. അതൊരു യാഥാർഥ്യം തന്നെയാണ്. എന്നാൽ, നാണയപ്പെരുപ്പം നേരിടാൻ ആഗോള തലത്തിൽ സ്വീകരിക്കപ്പെടുന്ന നയമാണു പലിശ വർധന. വിപണിയിലെ പണലഭ്യത കുറയ്ക്കുകയാണ് ഇതുവഴി ചെയ്യുന്നത്. നാണയപ്പെരുപ്പവും സാമ്പത്തിക വളർച്ചയും രണ്ടു വശങ്ങളായി നിർത്തിക്കൊണ്ടുള്ള നയസമീപനമാണ് എപ്പോഴും കേന്ദ്ര ബാങ്ക് സ്വീകരിക്കുക.
പരമാവധി ആറു ശതമാനം നാണയപ്പെരുപ്പം എന്നതാണ് കേന്ദ്ര ബാങ്ക് നിശ്ചയിച്ചിരിക്കുന്ന പരിധി. എന്നാൽ ഈ വർഷം ജനുവരി മുതൽ ആറു ശതമാനത്തിനു മുകളിലാണ് ചില്ലറ വ്യാപാര നാണയപ്പെരുപ്പം. മൂന്നു മാസമായി ഏഴു ശതമാനത്തിനു മുകളിൽ. ഏപ്രിലിൽ അത് 7.79 ശതമാനമായിരുന്നു; എട്ടു വർഷത്തെ ഉയർന്ന നില. ജൂണിൽ 7.01 ശതമാനമായി കുറഞ്ഞെങ്കിലും ഭീഷണി ഒഴിവായിട്ടില്ല. മൊത്ത വില സൂചിക അനുസരിച്ചുള്ള നാണയപ്പെരുപ്പം 15 മാസമായി ഇരട്ടയക്കത്തിലാണു നിൽക്കുന്നത്. ജൂണിൽ അത് 15.18 ശതമാനം. നാണയപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ സാമ്പത്തിക വ്യവസ്ഥയെ അതു താറുമാറാക്കും. സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതമയമാവും.
യുകെയിൽ ബാങ്ക് ഒഫ് ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം കേന്ദ്ര ബാങ്കിന്റെ വായ്പാ പലിശ നിരക്ക് അര ശതമാനം വർധിപ്പിച്ചിരുന്നു. ഇരുപത്തേഴു വർഷത്തിനിടെ ഒറ്റയടിക്ക് ഇത്രയും നിരക്കു വർധന ഇംഗ്ലണ്ടിൽ ആദ്യമാണ്. ഇതോടെ അവരുടെ അടിസ്ഥാന പലിശ നിരക്ക് 1.75 ശതമാനമായി ഉയർന്നു. 2008നു ശേഷം ആദ്യമായാണ് യുകെയിൽ കേന്ദ്ര ബാങ്കിന്റെ പലിശ നിരക്ക് ഇത്രയും ഉയരുന്നത്. അമെരിക്കയുടെ കേന്ദ്ര ബാങ്കായ യുഎസ് ഫെഡറൽ റിസർവും പലിശ കൂട്ടിക്കൊണ്ടിരിക്കുകയാണ്. തുടർച്ചയായി രണ്ടു തവണ അവർ 0.75 ശതമാനം വച്ച് നിരക്കു വർധിപ്പിച്ചു. ഇപ്പോൾ 2.25- 2.50 റേഞ്ചിലാണ് അവരുടെ അടിസ്ഥാന നിരക്ക്. 11 വർഷത്തിനിടെ ആദ്യമായി രണ്ടാഴ്ച മുൻപാണ് യൂറോപ്യൻ സെൻട്രൽ ബാങ്ക് അര ശതമാനം പലിശ കൂട്ടിയത്. യൂറോ കറൻസി ഉപയോഗിക്കുന്ന 19 രാജ്യങ്ങളുടെ കേന്ദ്ര ബാങ്ക് എന്ന നിലയിൽ ഈ മേഖലയിലെ നാണയപ്പെരുപ്പം നിയന്ത്രിക്കാൻ മറ്റൊരു മാർഗവും അവരുടെ മുന്നിലുണ്ടായിരുന്നില്ല. ലോക ട്രെൻഡിന് അനുസൃതമാണ് റിസർവ് ബാങ്കിന്റെയും നടപടി എന്നാണ് ഇതു കാണിക്കുക.
അതേസമയം, രാജ്യത്തിന്റെ ഈ സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്ക് നിഗമനം 7.2 ശതമാനത്തിൽ നിലനിർത്തിയിട്ടുണ്ട് കേന്ദ്ര ബാങ്ക്. കൊവിഡാനന്തര തിരിച്ചുവരവിന്റെ ഭാഗമായി നഗര മേഖലകളിൽ സാധനങ്ങൾക്കുള്ള ആവശ്യം വർധിക്കുന്നതായി ആർബിഐ ചൂണ്ടിക്കാണിക്കുന്നു. ഇതു പുരോഗതിയുടെ സൂചനയാണ്. ഗ്രാമങ്ങളിലെ സ്ഥിതിയും മെച്ചപ്പെടുകയാണ്. വിലക്കയറ്റത്തോടുള്ള പോരാട്ടത്തിൽ ലക്ഷ്യം കൈവരിക്കാനും വളർച്ചാ നിരക്ക് ഗണ്യമായി ഇടിയാതെ സൂക്ഷിക്കാനും കേന്ദ്ര ബാങ്കിന്റെയും കേന്ദ്ര സർക്കാരിന്റെയും പ്രവർത്തനങ്ങൾക്കു കഴിയട്ടെ.