"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:05 August 2022
ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ ഇന്നു തെരഞ്ഞെടുക്കുകയാണ്. ആരായിരിക്കും പുതിയ ഉപരാഷ്ട്രപതി എന്നതിന്, പാര്‍ലമെന്റിലെ രണ്ടുസഭകളിലെയും അംഗങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിക്കുന്നതാരെയോ ആ വ്യക്തി എന്നാണുത്തരം. വൈകുന്നേരം വോട്ടെണ്ണും.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് അംഗങ്ങളും സംസ്ഥാന നിയമസഭാംഗങ്ങളും വോട്ട് ചെയ്യുക എന്ന നടപടിക്രമമാണുള്ളത്. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും പ്രതിനിധി എന്നാണു സങ്കൽപം. ഭരണഘടന പ്രകാരം പാര്‍ലമെന്റിലെ ഇരു സഭകളിലെയും അംഗങ്ങളാണു വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടത്. നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട് എന്നുള്ളതാണിവിടെ പ്രത്യേകത.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും, സ്വന്തമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന സ്വകാര്യ ബില്ലിന്മേല് വോട്ടിങ് വന്നാല്‍ അതിലും മാത്രമേ നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടവകാശമുള്ളൂ. ഭരിക്കുന്ന ബിജെപി നേതൃത്വത്തിനും പ്രതിപക്ഷത്തുള്ളവര്‍ക്കും വേണ്ടി രണ്ടു സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. ഭരണപക്ഷ സ്ഥാനാർഥി മുൻ പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കറും, പ്രതിപക്ഷ സ്ഥാനാർഥി മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മാര്‍ഗരറ്റ് ആല്‍വയുമാണ്.
നിലവിലെ എണ്ണത്തില്‍ ഭരണപക്ഷത്തിന്റെ പ്രതിനിധി ജഗദീപ് ധന്‍കര്‍ ജയിക്കുമെന്നുറപ്പാണ്. 20 പാര്‍ട്ടികള്‍ ധന്‍കറിനും, 18 പാര്‍ട്ടികള്‍ ആല്‍വയ്ക്കും പിന്തുണ നൽകുന്നു. എന്നാൽ, പാര്‍ട്ടികളുടെ എണ്ണം നോക്കിയല്ലല്ലോ വോട്ടിങ് നില. 500 എംപിമാരുടെ വോട്ടെങ്കിലും ധന്‍കര്‍ക്കും 200 വോട്ട് ആല്‍വയ്ക്കും ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. പ്രതിപക്ഷ കൂട്ടായ്മയുടെ പാളിച്ചകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ സസൂക്ഷ്മം പഠിക്കുകയാണ്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാർഥിക്ക് ലഭിക്കുന്ന വോട്ടിന്റെ ശതമാനമാണ് എല്ലാവരും വളരെ ഗൗരവത്തില്‍ നോക്കിക്കാണുന്നത്.
ഭരണഘടന പ്രകാരം രാജ്യത്തു രാഷ്ട്രപതി കഴിഞ്ഞാല്‍ ഉപരാഷ്ട്രപതിയാണു രണ്ടാമൻ, ഏതർഥത്തിലും. എല്ലാ ഉപരാഷ്ട്രപതിമാരെയും പാര്‍ലമെന്റ് അംഗമായാണു കണക്കാക്കുന്നത്. ഉപരിസഭയായ രാജ്യസഭയുടെ അധ്യക്ഷനുമായിരിക്കും ഉപരാഷ്ട്രപതി. 2017 മുതല്‍ എം. വെങ്കയ്യ നായിഡു ആണ് ഈ പദവിയിൽ. 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാർഥി ഗോപാൽകൃഷ്ണ ഗാന്ധിയെ വോട്ടെടുപ്പിലൂടെ തന്നെ തോല്‍പ്പിച്ചാണ് ബിജെപി മുൻ ദേശീയ അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായത്. ഇന്ത്യന്‍ പൗരനായ 35 വയസുള്ള, രാജ്യസഭാംഗമാകാൻ നിശ്ചയിച്ചിട്ടുള്ള യോഗ്യതകളുള്ള ആര്‍ക്കും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാം എന്നാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. അഞ്ചുവര്‍ഷമാണു കാലാവധി.
ഉപരാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം നാലുലക്ഷം രൂപയാണ്. കൂടാതെ ദിവസ വേതനവുമുണ്ട്. എല്ലാ വിശാല ആഡംബര സൗകര്യങ്ങളോടും കൂടിയ ഔദ്യോഗിക വസതിയും ആവശ്യത്തിനുള്ള സഹായികളും സുരക്ഷാ ജീവനക്കാരും ഉണ്ടായിരിക്കും. വൈദ്യ സംരക്ഷണവും യാത്രകളുമടക്കം എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ സൗജന്യമായി നല്‍കും. രാജ്യസഭയുടെ അധികാരോത്ഭൂതമായ (എക്സ്- ഒഫിഷ്യോ) അദ്ധ്യക്ഷനാണ് ഉപരാഷ്ട്രപതി. രാജ്യസഭയിലെ എല്ലാ ബില്ലുകളും പ്രമേയങ്ങളും അദ്ദേഹത്തിന്റെ അനുമതിയോടെ മാത്രമേ അവതരിപ്പിക്കാനാവൂ. അതേസമയം, രാജ്യസഭയിലെ അംഗമല്ലാത്തതിനാല്‍ അദ്ദേഹത്തിന് വോട്ടവകാശമില്ല. രാഷ്ട്രപതിക്കാണ് ഉപരാഷ്ട്രപതി രാജി സമര്‍പ്പിക്കേണ്ടത്.
ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയാണ് ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്. അദ്ദേഹം 1952 മെയ് 13 മുതല്‍ 10 വര്‍ഷത്തോളം സേവനമനുഷ്ഠിച്ചു. രണ്ടുതവണ തുടര്‍ച്ചയായി അദ്ദേഹം ഈ സ്ഥാനത്തിരുന്നു. എസ്. രാധാകൃഷ്ണന് സോവിയറ്റ് യൂണിയനിലെ ഇന്ത്യയുടെ രണ്ടാമത്തെ അംബാസഡറായിരുന്നുവെന്നതും, ബനാറസ് ഹിന്ദു സർവകലാശാലയുടെ നാലാമതു വൈസ് ചാന്സലായിരുന്നു എന്നുള്ളതും എടുത്തു പറയേണ്ടതാണ്. അധ്യാപകവൃത്തിയില്‍ മാതൃകയായ അദ്ദേഹത്തിന്റെ ഓർമയ്ക്കാണ് രാജ്യം അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപക ദിനമായി ആഘോഷിക്കുന്നത്. രണ്ടാം ഉപരാഷ്ട്രപതി ഡോ. സക്കീര്‍ ഹുസൈന്. അദ്ദേഹം 1962 മുതല്‍ 1967 വരെ അഞ്ചു വര്‍ഷക്കാലം ആ പദവിയിലുണ്ടായിരുന്നു. കേരള ഗവര്‍ണര്‍ ആയിരുന്ന വി.വി. ഗിരിയാണ് മൂന്നാമത് ഉപരാഷ്ട്രപതി. അദ്ദേഹം ഉപരാഷ്ട്രപതിയായിരുന്ന സമയത്ത് ഡോ. സക്കീര്‍ ഹുസൈന് രാഷ്ട്രപതിയായി. രാഷ്ട്രപതി സ്ഥാനത്ത് ഇരിക്കവെ സക്കീര്‍ ഹുസൈന്റെ അകാല മരണം കാരണം ഉപരാഷ്ട്രപതി വി.വി. ഗിരി രാഷ്ട്രപതിയായി.
ഗോപാല്‍ സ്വരൂപ് പാത്തക്കാണ് നാലാമത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ചുവര്‍ഷക്കാലം അദ്ദേഹം പദവി വഹിക്കുന്ന കാലയളവില്‍ വി.വി. ഗിരിയും, ഫക്രുദ്ദീന്‍ അലി അഹമ്മദുമായിരുന്നു ഇന്ത്യയുടെ രാഷ്ട്രപതിമാരായായിരുന്നത്. ബി.ഡി. ജെട്ടി അഞ്ചാം ഉപരാഷ്ട്രപതിയാകുമ്പോള്‍ ഫക്രുദ്ദീന്‍ അലി അഹമ്മദും നീലം സഞ്ജീവറെഡ്ഡിയുമായിരുന്നു രാഷ്ട്രപതിമാർ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന മുഹമ്മദ് ഹിദായത്തുള്ള അഞ്ചുവര്‍ഷം ഉപരാഷ്ട്രപതി ആയിരുന്നു. ഇന്ത്യയുടെ 11ാം സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം. ഹിദായത്തുള്ളയ് ക്കുശേഷം ആര്. വെങ്കിട്ടരാമന് രണ്ടുവര്‍ഷം 327 ദിവസം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി. പിന്നീട് ഡോ. ശങ്കര്‍ദയാല്‍ ശര്‍മ ഉപരാഷ്ട്രപതിയായപ്പോള്‍ വെങ്കിട്ടരാമന് രാഷ്ട്രപതിയായി മാറി. ശങ്കര്‍ദയാല്‍ ശര്‍മ ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാഷ്ട്രപതിയായി മാറിയപ്പോള്‍ മലയാളിയായ കെ.ആര്. നാരായണനായിരുന്നു ഉപരാഷ്ട്രപതി. പിന്നീടു നാരായണന് രാഷ്ട്രപതിയായിരിക്കെ കിഷന്‍കാന്ത് ഉപരാഷ്ട്രപതിയായി. ഇന്ത്യയുടെ പത്താമത് ഉപരാഷ്ട്രപതിയായ കിഷന്‍കാന്ത് ആ സ്ഥാനത്ത് ഇരിക്കെ അന്തരിച്ചു. ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ആയിരുന്നു അദ്ദേഹം. ചണ്ഡീഗഡില്‍ നിന്നുള്ള ലോക്സഭാ അംഗവും ഹരിയാനയില്‍ നിന്ന് രണ്ടുതവണ രാജ്യസഭാ അംഗവുമായിരുന്നു.
11ാം ഉപരാഷ്ട്രപതിയായി എത്തിയത് രാജസ്ഥാനിൽ മൂന്നുതവണ ബിജെപി മുഖ്യമന്ത്രിയായിരുന്ന ഭൈരോൺ സിങ് ഷെഖാവത്താണ്. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കും മുമ്പ് 2007 ജൂലൈ 21ന് അദ്ദേഹം രാജിവച്ചു. പിന്‍ഗാമിയായി പിന്നീട് വന്നത് ഡോ. മുഹമ്മദ് ഹമീദ് അന്‍സാരിയായിരുന്നു. അദ്ദേഹം മൂന്ന് രാഷ്ട്രപതിമാരുടെ കീഴില്‍ ഉപരാഷ്ട്രപതിയായി ഇരുന്നിട്ടുണ്ട് എന്ന സവിശേഷതയുമുണ്ട്. പ്രഥമ ഉപരാഷ്ട്രപതി എസ്. രാധാകൃഷ്ണനെപ്പോലെ അന്‍സാരിയും 10 വര്‍ഷം ഉപരാഷ്ട്രപതി സ്ഥാനത്ത് സേവനമനുഷ്ഠിച്ചു. അന്‍സാരിക്കു ശേഷം വന്ന വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് മാറുന്ന സമയമാണിപ്പോള്‍.
ആദ്യ വൈസ് പ്രസിഡന്റായിരുന്ന എസ്. രാധാകൃഷ്ണന് 1962 മെയ് 13ന് ഇന്ത്യയുടെ രാഷ്ട്രപതിയായി. രണ്ടാം ഉപരാഷ്ട്രപതിയായിരുന്ന സക്കീര്‍ ഹുസൈന് മൂന്നാമത്തെ രാഷ്ട്രപതിയായി. ഉപരാഷ്ട്രപതി തലത്തിൽ നിന്നു രാഷ്ട്രപതിയായവര്‍ ഒട്ടേറെയുണ്ട്. വി.വി. ഗിരിയും, മുഹമ്മദ് ഹിദായത്തുള്ളയും, ഫക്രുദീന്‍ അലി അഹമ്മദും, ആര്. വെങ്കിട്ടരാമനും, ശങ്കര്‍ദയാല്‍ ശര്‍മയും, കെ.ആര്. നാരായണനും അങ്ങനെ രാഷ്ട്രപതിയായവരാണ്. എന്നാല്‍ നീലം സഞ്ജീവ റെഡ്ഡി, ഗ്യാനി സെയിൽ സിങ്, ഡോ. എ.പി.ജെ. അബ്ദുല്‍ കലാം, പ്രതിഭാ പട്ടേല്‍, ഡോ. പ്രണബ് കുമാർ മുഖര്‍ജി, രാംനാഥ് കോവിന്ദ് തുടങ്ങിയവരും, ഇപ്പോള്‍ രാഷ്ട്രപതിയായ ദ്രൗപതി മുർമുവും ഉപരാഷ്ട്രപതിയാകാതെ രാഷ്ട്രപതിയായവരാണ്. ഉപരാഷ്ട്രപതിയാകുന്നവര് പിന്നീട് രാഷ്ട്രപതിയാകുന്ന പ്രവണത കുറച്ചുകാലങ്ങളായി ഇല്ലാതായിരിക്കുകയാണ്. ഇപ്പോള്‍ ജയിച്ചു വരുന്ന ഉപരാഷ്ട്രപതി ആരായിരുന്നാലും, ആ വ്യക്തി നാളെ രാഷ്ട്രപതിയാകും എന്ന് പ്രതീക്ഷിക്കുക വയ്യ.