Published:18 August 2022
മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണല്ലോ ശ്രീകൃഷ്ണൻ. ശ്രാവണമാസ കൃഷ്ണപക്ഷ അഷ്ടമി, രോഹിണി നക്ഷത്രമാണ് ജന്മദിനം. അതായത് ശ്രീകൃഷ്ണ ജയന്തി ഇക്കൊല്ലം ഓഗസ്റ്റ് 18നാണ്. പൂർണാവതാരമായ ശ്രീകൃഷ്ണ ഭഗവാൻ ജനിച്ച ദിവസമാണിന്ന്. ദ്വാപരയുഗത്തിന്റെ അവസാനവും കലിയുഗത്തിന്റെ തുടക്കത്തിലുമാണ് ശ്രീകൃഷ്ണൻ അവതരിച്ചത്.
ധർമത്തിന്റെ നിലനിൽപ്പിനും ഭഗവാനിൽ ശരണം പ്രാപിക്കാനുമുള്ള ഒരു അവസരം കൂടിയാണ് ശ്രീകൃഷ്ണ ജയന്തി. എല്ലാ ദേവന്മാരിലും ജഗദ്ഗുരുവായി അറിയപ്പെടുന്ന ഏക ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ശ്രീകൃഷ്ണന്റെ ഉപാസനയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും അവയുടെ ശാസ്ത്രവും മനസിലാക്കാം.
ശ്രീകൃഷ്ണൻ: (ആ)കർഷണം കരോതി ഇതി. അതായത് ആകർഷണ ശക്തി ഉള്ളതാരോ അവനെയാണ് കൃഷ്ണൻ എന്നു വിളിക്കുന്നത്.
ശ്രീകൃഷ്ണ ഭഗവാന്റെ ശ്ലോകം
""കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണതഃ ക്ലേശ നാശായ
ഗോവിന്ദായ നമോ നമഃ
വസുദേവ സുതം ദേവം
കംസ ചാണൂര മർദനം
ദേവകീ പരമാനന്ദം
കൃഷ്ണം വന്ദേ ജഗദ്ഗുരും''.
അർഥം: വസുദേവ പുത്രനായ കൃഷ്ണന്, എല്ലാ ദുഃഖങ്ങളും അകറ്റുന്ന പരമാത്മാവിന്, ശരണാഗതി പ്രാപിക്കുന്നവരുടെ എല്ലാ ക്ലേശങ്ങളും പ്രയാസങ്ങളും ഇല്ലാതാക്കുന്ന ഗോവിന്ദന് എന്റെ വിനീതമായ നമസ്കാരം. വസുദേവന്റെ പുത്രനും കംസൻ, ചാണൂരൻ മുതലായ അസുരന്മാരെ നിഗ്രഹിക്കുന്നതും, ദേവകിക്ക് പരമാനന്ദം നൽകുന്നതും സമ്പൂർണ ലോകത്തിന് ഗുരുസ്ഥാനത്തിലും ആയ ശ്രീകൃഷ്ണ ഭഗവാനെ ഞാൻ വന്ദിക്കുന്നു.
ഈ ശ്ലോകത്തിൽ തന്നെ ഭഗവാന്റെ പല ഗുണങ്ങളെക്കുറിച്ചു വർണിച്ചിട്ടുണ്ട്. അവയെ സ്മരിച്ചുകൊണ്ട് ഭഗവാനെ നമിക്കുമ്പോൾ നമുക്ക് ഉള്ളിൽ ഭഗവാനോട് അപാരമായ ഭക്തി അനുഭവിക്കാൻ സാധിക്കും.
ശ്രീകൃഷ്ണൻ - ഉത്തമ മാതൃക
ആദർശ പുത്രൻ: സ്വമാതാപിതാക്കളായ വസുദേവനെയും ദേവകിയെയും വളർത്തച്ഛനമ്മമാരായ നന്ദഗോപനെയും യശോദയെയും ശ്രീകൃഷ്ണൻ തന്റെ പെരുമാറ്റരീതികളിലൂടെ സന്തോഷം നൽകിയിരുന്നു.
ആദർശ ബന്ധു: ശ്രീകൃഷ്ണൻ സ്വന്തം ജ്യേഷ്ഠനായ ബലരാമനെ സദാ മാനിച്ചിരുന്നു.
ആദർശ ഭർത്താവ്: ഒരു ഭാര്യയെ സംതൃപ്തയാക്കാൻ തന്നെ വിഷമമാണെന്നിരിക്കെ, കൃഷ്ണൻ 16,008 ഭാര്യമാരെയും തൃപ്തരാക്കിയിരുന്നു. നാരദൻ ഈ ഭാര്യമാർക്കിടയിൽ കലഹമുണ്ടാക്കാൻ ശമ്രിച്ചു എങ്കിലും പരാജയപ്പെടുകയാണുണ്ടായത്.
ആദർശ പിതാവ്: പുത്രന്മാരും അവരുടെ മക്കളും അയോഗ്യമായി പെരുമാറിയതിനാൽ, യാദവ യുദ്ധ സമയത്ത് ശ്രീകൃഷ്ണൻ തന്നെ അവരെ വധിച്ചു. അവതാരങ്ങൾക്കും ദേവന്മാർക്കുമിടയിൽ സ്വന്തം കുലക്ഷയം ചെയ്ത അവതാരം ശ്രീകൃഷ്ണൻ മാത്രമാണ്.
ആദർശ സുഹൃത്ത്: ദ്വാരകയിലെ രാജാവായിട്ടും ശ്രീകൃഷ്ണൻ നിർധനനും ബാല്യകാല സുഹൃത്തുമായ കുചേലനെ അതീവ സ്നേഹത്തോടെ സ്വാഗതം ചെയ്തു. പാണ്ഡവരുമായി ഉണ്ടായിരുന്ന മൈത്രി കാരണം അവരെ വേണ്ടപ്പോഴെല്ലാം സഹായിക്കുകയും ചെയ്തു.
അന്യായം സഹിക്കാത്തവൻ (തേജസ്വി): കംസൻ, ജരാസന്ധൻ, കൗരവർ തുടങ്ങിയവരുടെ അനീതിയെ ഉന്മൂലനം ചെയ്യാൻ ശ്രീകൃഷ്ണൻ സ്വയം പോരാടുകയും മറ്റുള്ളവരെ പോരാടാൻ സഹായിക്കുകയും ചെയ്തു.
ജന്മാഷ്ടമിയുടെ മഹത്വം
ജന്മാഷ്ടമിക്ക് അന്തരീക്ഷത്തിൽ ശ്രീകൃഷ്ണ തത്വം മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ആയിരം മടങ്ങ് കൂടുതൽ കാര്യക്ഷമമായിരിക്കുമെന്നാണു വിശ്വാസം. അതിനാൽ ഈ തിഥിയുടെ അന്ന് ഓം നമോ ഭഗവതേ വാസുദേവായ എന്ന നാമം പരമാവധി ജപിക്കുന്നത് നല്ലതാണ്. കൂടാതെ ശ്രീകൃഷ്ണന്റെ ഭക്തിഭാവത്തോടു കൂടിയ ഉപാസനയും അന്ന് ചെയ്താൽ ശ്രീകൃഷ്ണ തത്വവും ഭഗവാന്റെ അനുഗ്രഹവും ലഭിക്കും. ഇതാണ് ആധ്യാത്മിക തലത്തിൽ നമുക്കുണ്ടാകുന്ന ഗുണം.
ജന്മാഷ്ടമിക്ക് അന്തരീക്ഷത്തിൽ ജലതത്വം (പഞ്ചമഹാഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയിലെ ജലതത്വം) അധികമായിരിക്കും. അത് ശരീരത്തിലെ പഞ്ചപ്രാണങ്ങളുടെ പ്രവാഹത്തിന് പോഷകമായിരിക്കും. ഇത് മനസിൽ ഉത്സാഹം വർധിപ്പിച്ച് ശരീരത്തിന്റെ കാര്യശേഷി കൂട്ടുന്നു.
ഈ ദിവസം ഉപവാസം ചെയ്താൽ സ്ത്രീകൾക്ക് ശുദ്ധി-അശുദ്ധി, ആർത്തവം എന്നിവ കാരണം ഉണ്ടായിട്ടുള്ള പ്രയാസങ്ങൾ ഇല്ലാതാകും.
ശ്രീകൃഷ്ണന്റെ പൂജ
ശ്രീകൃഷ്ണ ജന്മം മധ്യരാത്രി 12 മണിക്കാണ് ആഘോഷിക്കുന്നത്. കാരണം അന്നേരമാണ് ഭഗവാൻ ജനിച്ചത്. മധ്യരാത്രിക്ക് ശ്രീകൃഷ്ണ വിഗ്രഹം അല്ലെങ്കിൽ ചിത്രത്തിൽ പഞ്ചോപചാരം അല്ലെങ്കിൽ ഷോഡശോപചാര പൂജ സമർപ്പിക്കുക.
എന്തെങ്കിലും കാരണവശാൽ ശ്രീകൃഷ്ണനു പൂജ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ മാനസപൂജ ചെയ്യുക. ഉപചാരങ്ങൾ അർപ്പിക്കുന്നതായി സങ്കൽപ്പിക്കുക. ഭഗവാൻ ഭക്തിയാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് നാം മനസിൽ സങ്കൽപ്പിച്ചാലും അത് ഭഗവദ്പാദങ്ങളിൽ സമർപ്പിക്കപ്പെടുന്നു. രാത്രി പൂജ ചെയ്യാൻ കഴിയില്ലെങ്കിൽ സന്ധ്യയ്ക്കു പൂജ ചെയ്ത് പ്രാർഥിച്ചാലും മതി.
അപവാദങ്ങളും യാഥാർഥ്യവും
രാധാ-കൃഷ്ണ ബന്ധം:
രാധയുടെ പ്രീതിയെ (ഭക്തിയെ) പ്രേമമാണെന്ന് കരുതി ഈ ബന്ധം ലൈംഗികതയിലും ലൗകികതയിലും അടിസ്ഥാനമായതാണെന്ന് പറയുന്നതിലുള്ള വ്യർഥത അന്നത്തെ ശ്രീകൃഷ്ണന്റെ പ്രായം അറിയുമ്പോൾ വ്യക്തമാകും. ഗോകുലം വിട്ടുപോകുമ്പോൾ ശ്രീകൃഷ്ണനു പ്രായം വെറും ഏഴുവയസായിരുന്നു; അതായത് രാധയും കൃഷ്ണനും തമ്മിലുള്ള ബന്ധം മൂന്നു മുതൽ ഏഴു വയസു വരെ മാത്രമായിരുന്നു.
ഭാര്യമാർ:
ശ്രീകൃഷ്ണന്റെ ഏറ്റവും പ്രിയങ്കരിയായ റാണി രുക്മിണിയായിരുന്നു. ഭഗവാന്റെ മറ്റ് ഏഴു പ്രധാന ഭാര്യമാർ സത്യഭാമ, ജാംബവതി, കാളിന്ദി, മിത്രവിന്ദ, സത്യ, ഭദ്ര, ലക്ഷ്മണ എന്നിവർ. എട്ടു റാണിമാർ അഷ്ടധാപ്രകൃതിയെ സൂചിപ്പിക്കുന്നു. അഷ്ടധാപ്രകൃതി എന്നത് പഞ്ചമഹാഭൂതങ്ങളായ ഭൂമി, ജലം, തേജസ്, വായു, ആകാശം എന്നിവയും മനസ്, ചിത്തം, ബുദ്ധി എന്നിവയും ചേർന്നുള്ള എട്ട് തത്വങ്ങൾ. ഈ എട്ട് തത്വങ്ങളും കൃഷ്ണന്റെ അധീനതയിലാണ് എന്നാണ് ഇതിന്റെ ആന്തരാർഥം. നരകാസുരന്റെ തടവിൽനിന്നും മോചിപ്പിച്ച 16,000 കന്യകകൾക്ക് സമൂഹത്തിൽ അംഗീകാരം ലഭിക്കാൻ ശ്രീകൃഷ്ണൻ അവരെ വിവാഹം കഴിച്ചു. ഈ 16,000 കന്യകകളെന്ന് പറയുന്നത് ശരീരത്തിലെ ശക്തി വാഹിനികളായ 16,000 നാഡികളാണ്.
മറ്റുള്ളവരുടെ ക്ഷേമം
ചിലർ കൃഷ്ണന്റെ ശീലങ്ങളെ നിന്ദിക്കുന്നു; പക്ഷേ, കൃഷ്ണൻ എല്ലാം മറ്റുള്ളവരുടെ ക്ഷേമത്തിനു വേണ്ടിയാണ് ചെയ്തിരുന്നത്. മറ്റുള്ളവർക്കായി ചിലപ്പോൾ നിയമങ്ങൾ പോലും കൃഷ്ണൻ ലംഘിച്ചിരുന്നു. ജരാസന്ധ വധം, സുഭദ്രാ അപഹരണം, 16,000 കന്യകമാരെ വിവാഹം കഴിക്കുക തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.
നിസ്വാർഥൻ
കംസനെയും മറ്റു പല അധാർമിക രാജാക്കന്മാരെയും വധിച്ചതിനുശേഷവും സ്വർണ നഗരമായ ദ്വാരക സ്ഥാപിച്ചതിനു ശേഷവും ശ്രീകൃഷ്ണൻ രാജപദവി സ്വീകരിച്ചില്ല. എങ്കിലും ശ്രീകൃഷ്ണൻ ആ കാലഘട്ടത്തിലെ കിരീടമണിയാത്ത ചക്രവർത്തിയായിരുന്നു.
ധർമം പുനഃസ്ഥാപിക്കുക
"എവിടെ കൃഷ്ണനുണ്ടോ, അവിടെ ധർമമുണ്ട്. എവിടെ ധർമം ഉണ്ടോ, അവിടെ വിജയം സുനിശ്ചിതമാണ്. എന്നാൽ ദുര്യോധനൻ ധർമം അനുഷ്ഠിച്ചില്ല, ആയതിനാൽ അവന്റെ കൂടെ ശ്രീകൃഷ്ണ ഭഗവാൻ ഇല്ലായിരുന്നു. കൃഷ്ണനില്ലാത്തതിനാൽ അവർക്ക് വിജയവുമില്ലായിരുന്നു'' എന്നാണു വേദവ്യാസ മാമുനി എഴുതിയത്.
പ്രാർഥന
ജന്മാഷ്ടമിക്ക് ഭഗവാൻ ശ്രീകൃഷ്ണന്റെ പാദങ്ങളിൽ സമ്പൂർണ ശരണാഗതിയോടെ ഇപ്രകാരം പ്രാർഥിക്കുക,
""ഹേ ശ്രീകൃഷ്ണാ, ഞങ്ങളിൽ നിന്നും അങ്ങു തന്നെ ഭക്തിഭാവത്തോടു കൂടി സാധന ചെയ്യിച്ചെടുത്താലും. ധർമസംസ്ഥാപനത്തിന്റെ അതിശേഷ്ഠ്രമായ ഈശ്വരകാര്യത്തിൽ ഞങ്ങളെ പങ്കാളിയാക്കിയാലും. അർജുനനെപ്പോലെ അതിരില്ലാത്ത ഭക്തി ഞങ്ങളിലും ഉളവാക്കിയാലും, എന്ന് അവിടുത്തെ പാദങ്ങളിൽ മനസോടെ പ്രാർഥിക്കുന്നു''.
ഈ ശ്രീകൃഷ്ണ ജയന്തി ദിനവും ഭഗവാനെ മനസോടെ വിളിച്ച്, ഭഗവാന്റെ സാന്നിധ്യം അനുഭവിക്കുവാൻ ശ്രമിച്ച്, ഭഗവദ് ഭക്തിയിൽ ആഘോഷിക്കാം.