Published:18 August 2022
"നീതി നടപ്പാക്കാനാണ് കോടതികൾ... അതുകൊണ്ടാണ് അവയെ നീതിപീഠം എന്ന് വിളിക്കുന്നത്'. നിയമത്തിന് നേരെ കണ്ണടച്ച് ഒരു പൊലീസ് ഓഫീസർ നീതിനടപ്പാക്കുന്ന ത്രില്ലറാണ് പുതുമുഖ താരങ്ങളുമായി മലയാളികളുടെ പ്രിയസംവിധായകൻ ലാൽജോസ് വെള്ളിത്തിരയിലെത്തിച്ച "സോളമന്റെ തേനീച്ചകൾ'. മലയാളത്തിലെ ഒരു പ്രമുഖ ചാനൽ റിയാലിറ്റി ഷോയിലെ യുവതാരങ്ങളെ അണിനിരത്തിയാണ് ലാൽ ജോസ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കൊച്ചി നഗരത്തിലെ ഒരു പൊലീസ് സ്റ്റേഷനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. പൊലീസ് ക്വാട്ടേഴ്സിൽ താമസിക്കുന്ന സോഷ്യൽ മീഡിയയിലൊക്കെ ആക്റ്റീവായ രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർ സുജാ എസ് (ദർശന എസ്. നായർ), ഗ്ലൈനാ തോമസ് (വിൻസി അലോഷ്യസ്). ഇവരിൽ ഒരാൾ സ്റ്റേഷൻ ഡ്യൂട്ടിയിലും മറ്റൊരാൾ ട്രാഫിക്കിലുമാണ് ജോലി ചെയ്യുന്നത്. ഒരു രാത്രി സ്റ്റേഷനിലെ സിഐ ബിനു അലക്സ് (ആഡിസ് ആന്റണി അക്കര) മരിച്ചനിലയിൽ കണ്ടെത്തുന്നു. പിന്നാലെ ഈ കേസ് അന്വേഷണത്തിന്റെ പ്രത്യേക ചുമതലയുമായി എത്തുകയാണ് സിഐ സോളമൻ (ജോജു ജോർജ്).
പുതുമുഖങ്ങളുടെ പരിചയ സമ്പത്തിന്റെ കുറവ് ചിത്രത്തിന്റെ ആദ്യ പകുതിയിൽ വ്യക്തമാണ്. വിൻസി അലേഷ്യസും, എസ്ഐ ആയി തിരശീലയിൽ എത്തുന്ന ജോണി ആന്റണിയും മാത്രമാണ് അൽപമെങ്കിലും മികവ് പ്രകടിപ്പിച്ചിട്ടുള്ളത്. മറ്റെല്ലാ യുവതാരങ്ങളും ചാനൽ റിയാലിറ്റി ഷോയുടെ സ്കിറ്റിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്ന് തോന്നും. എന്നാൽ ലാൽ ജോസ് എന്ന സംവിധായകനും ഇവരെ കൈയടക്കത്തോടെ സ്ക്രീനിൽ അവതരിപ്പിക്കുന്നതിൽ ഏറെ പണിപ്പെട്ടിട്ടുണ്ടെന്ന് വ്യക്തം. ജോജു ജോർജ് സ്ക്രീനിൽ വരുന്നതോടെയാണ് സിനിമയ്ക്ക് സ്വാഭാവിക താളം കൈവരുന്നത്. പിന്നീട് പ്രണയത്തിന്റെ ട്രാക്ക് വിട്ട് ത്രില്ലർ സ്വഭാവത്തിലേക്ക് കടക്കുന്ന സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്.
ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, വിന്‍സി അലോഷ്യസ് എന്നിവർക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളായ ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന് ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ എന്നിവർ വേഷമിട്ടിരിക്കുന്നു. ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദര്‍ശന സുദര്ശന്, ശംഭു, ആഡിസ് ആന്റണി അക്കര, ശിവ പാര്‍വതി, രശ്മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം, ബാലേട്ടന് തൃശൂര്‍ ശരണ്‍ജിത്ത്, ഷാനി, അഭിനവ് മണികണ്ഠന്, ഖാലിദ് മറിമായം, ഹരീഷ് പേങ്ങന്, ദിയ, ചാക്കോച്ചി, ഷൈനി വിജയന്, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്, ഷഫീഖ്, സലീം ബാബ, മോഹനകൃഷ്ണന്, ലിയോ, വിമല്‍, ഉദയന്‍, ഫെര്വിന് ബൈതര്‍, രജീഷ് വേലായുധന്, അലന് ജോസഫ് സിബി, രാഹുല്‍ രാജ്, ജയറാം രാമകൃഷ്ണ, ജോജോ, ശിവരഞ്ജിനി, മെജോ, ആദ്യ, വൈഗ, ആലീസ്, മേരി, ബിനു രാജന്, രാജേഷ്, റോബര്‍ട്ട് ആലുവ, അഭിലോഷ്, അഷറഫ് ഹംസ എന്നിങ്ങനെയാണ് താരനിര.
എല്‍ ജെ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിർവഹിക്കുന്നു. തിരക്കഥ പി ജി പ്രഗീഷ്, സംഗീതം വിദ്യാസാഗര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന് നമ്പ്യാര്‍, ഗാനരചന വിനായക് ശശികുമാര്‍, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, എഡിറ്റിങ് രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്ട്രോളര് രഞ്ജിത്ത് കരുണാകരന്, കലാസംവിധാനം അജയ് മാങ്ങാട്, ഇല്ലുസ്ട്രേഷന്‍ മുഹമ്മദ് ഷാഹിം, വസ്ത്രാലങ്കാരം റാഫി കണ്ണാടിപ്പറമ്പ്, മേക്കപ്പ് ഹസ്സന് വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ രാഘി രാമവര്‍മ്മ, ക്യാമറ അസോസിയേറ്റ് ഫെര്വിന് ബൈതര്‍, സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍ ജിസന്‍ പോള്‍. പിആര്‍ഒ എ എസ് ദിനേശ്.