Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 3:37 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Travel

life style, travel, travelogue, Mumbai, Matheran
Photo credits: Shailesh Kasare

വരൂ നമുക്ക് മല കയറാം..!! സഞ്ചാരികളുടെ സ്വപ്നഭൂമി 'മാതേരാനി'ലേക്ക്

Published:27 August 2022

# ഹണി വി ജി

പശ്ചിമഘട്ടത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 2625 അടി ഉയരത്തിലാണ് ഈ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. മുംബൈയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയും പൂനെയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുമാണ് ഈ പച്ചപ്പ് നിറഞ്ഞ പ്രദേശം.

"മഹാ" രാഷ്‌ട്ര, പേരുപോലെ തന്നെ എല്ലാം കൊണ്ടും അര്‍ത്ഥവത്തായ ഒരു സംസ്ഥാനമാണ് മഹാരാഷ്‌‌ട്ര. ഒരു വശം മുഴുവന്‍ കടലാണെങ്കില്‍ അകത്ത് മലകളും, പുഴകളും, കായലുകളും, അതിപുരാതന കോട്ടകളും കൊണ്ട് നിറഞ്ഞ ഭൂപ്രദേശം. ഇവയില്‍ പ്രധാനമായും ആളുകളെ ആകര്‍ഷിക്കുന്നത് ഹില്‍സ്റ്റേഷനുകളാണ്. എല്ലാ കാലവും സന്ദർശകരെ കൊണ്ട് നിറഞ്ഞിരിക്കും ഈ ഹില്‍ സ്റ്റേഷനുകൾ. മഹാബലെശ്വര്‍, മതേരാന്‍, ലോണവാല എന്നിവയാണ് മഹാരാഷ്‌ട്രയിലെ ചില പ്രധാന ഹില്‍ സ്റ്റേഷനുകള്‍ മനോഹരമായ മലനിരകളും, താഴ്വാരങ്ങളും, വെള്ളച്ചാട്ടങ്ങളും തടാകങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത.



വര്‍ഷത്തില്‍ അധിക സമയങ്ങളിലും തണുപ്പ് അനുഭവപ്പെടുന്നു എന്നുള്ളതും സഞ്ചാരികളെ എല്ലാ കാലത്തും ഇങ്ങോട്ട് കൂടുതല്‍ ആകര്‍ഷിക്കുന്നു. സമുദ്ര നിരപ്പില്‍ നിന്നും 2000 മുതല്‍ 5000 അടിവരെ മുകളിലാണ് പല ഹില്‍സ്റ്റേഷനുകളും. ഒട്ടേറെ ബോളിവുഡ് സിനിമകള്‍ക്ക് ഷൂട്ടിങ് പശ്ചാത്തലം കൂടിയാണ് ഈ ഹില്‍സ്റ്റേഷനുകള്‍. ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നും ഒട്ടനവധി സഞ്ചാരികള്‍ എല്ലാ കാലത്തും ഇവിടെക്ക് ഒഴുകി എത്താറുണ്ട്.



മുംബൈക്കടുത്തുള്ള ഏറ്റവും മനോഹരമായ ഒരു ഹില്‍ സ്റ്റേഷനാണ് മാതെരന്‍. മാതേരാനില്‍ ഒരിക്കലെങ്കിലും പോയിട്ടുള്ളവര്‍ ആ യാത്ര ഒരിക്കലും മറക്കില്ല. ട്രെയ്നില്‍ മുംബൈയില്‍ നിന്നും പുനെ പോകുമ്പോള്‍ കര്‍ജറ്റിന് മുന്നേ നെരല്‍ എന്ന ലോക്കല്‍ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ അവിടെ നിന്നും മാതേരാനിലേക്കു പോകാം. അവിടെ നിന്നാണ് മാതേരാനിലേക്കു ടോയ് ട്രെയ്നിന്‍റെ യാത്ര ആരംഭിക്കുന്നത്. ബ്രോഡ് ഗേജ് പാതയ്ക്ക് സമാന്തരമായി കുറച്ചു ദൂരം ഓടിയതിന് ശേഷം വലത്തേക്ക് തിരിഞ്ഞ് മലകയറ്റം ആരംഭിക്കും. നേരലില്‍ നിന്ന് മാതരനിലേക്കുള്ള 21 കിലോമീറ്റര്‍ താണ്ടാന്‍ ഈ ട്രെയ്നിൽ രണ്ട് മണിക്കൂര്‍ സമയമെടുക്കും. (മണ്‍സൂണ്‍ സമയത്ത് ട്രെയിന്‍ സര്‍വീസ് ഉണ്ടാകാറില്ല) എന്നാല്‍ ഈ സമയമെടുക്കല്‍ ഒരു നഷ്ടമായി തോന്നില്ല.

പ്രകൃതി സൗന്ദര്യം പരമാവധി ആസ്വദിച്ച് യാത്ര ചെയ്യാം എന്നതാണ് പ്രത്യേകത. പശ്ചിമഘട്ടത്തിലെ വനാന്തരങ്ങള്‍ക്കുള്ളിലൂടെയായിരിക്കും ഈ യാത്ര. മൂന്ന് സ്റ്റേഷനുകളാണ് ഇടയ്ക്കുള്ളത്. ജുമ്മാപട്ടി, വാട്ടര്‍പൈപ്, അമന്‍ ലോഡ്ജ്. ജുമ്മാപട്ടി റെയില്‍വേ സ്റ്റേഷന് സമീപം റോഡും റെയില്‍പ്പാളവും ഒന്നിക്കും. മുന്നോട്ട് പോകുമ്പോള്‍ വീണ്ടും രണ്ടാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന യാത്രയായിരിക്കും മലഞ്ചെരുവുകളിലൂടെയുള്ള ടോയ് ട്രെയിന്‍ യാത്ര. മലമുകളിലേക്ക് പാമ്പിനെ പോലെ ഇഴഞ്ഞിഴഞ് അതിമനോഹരമായ കാഴ്ച കള്‍ കണ്ടുള്ള യാത്ര വിവരിക്കാന്‍ കഴിയാത്തതാണ്.



നമുക്ക് ഏറ്റവും പരിചിതമായ ടോയ് ട്രെയിന്‍ ഒരുപക്ഷേ ഊട്ടിയിലെ പൈതൃക തീവണ്ടിയായിരിക്കും. നിരവധി സിനിമകളില്‍ ഈ ടോയ് ട്രെയിന്‍ കഥാപാത്രമായിട്ടുണ്ട്. റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ട്രെയിന്‍ യാത്ര കൂടുതല്‍ ദൈര്‍ഘ്യമേറിയതായിരിക്കും. എന്നാല്‍ ഇത്രയും സമയമെടുത്ത് കാഴ്ച്ചകള്‍ ആസ്വദിച്ച് മല കയറുന്നതാണ് നല്ലത്. ചിന്നംവിളിശബ്ദത്തെ അനുസ്മരിക്കുന്ന ഹോണടിയോടെ ട്രെയിന്‍ കട്ടപ്പുക തുപ്പി ഉയരങ്ങളലിലേക്ക് നീങ്ങുന്നു. ബ്രിട്ടീഷുകാര്‍ 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിലും പണികഴിപ്പിച്ച റെയില്‍ പാളങ്ങളിലൂടെയാണ് ഈ ട്രെയിനുകള്‍ മല കയറുന്നതും ഇറങ്ങുന്നതും. അക്കാലത്തെ നിർമാണ വൈഭവം ഈ ട്രാക്കുകളില്‍ നന്നായി മനസിലാക്കാന്‍ കഴിയും. നാരോ ഗേജില്‍ ഓടുന്ന ചെറിയ ട്രെയിനുകളായതിനാലാണ് ടോയ് ട്രയിനുകള്‍ എന്നറിയപ്പെടുന്നത്. ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുക എന്നതിലുപരി സ്ഥലങ്ങള്‍ കണ്ട് ആസ്വദിക്കുക എന്നതാണ് ഇത്തരം ട്രെയ്ന്‍ യാത്രകളുടെ ലക്ഷ്യം. പോകുന്ന വഴിയില്‍ പ്രകൃതി രമണീയമായ ചില സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന സ്റ്റേഷനുകളില്‍ ഇറങ്ങി ഫോട്ടോകളെടുക്കാനും അവസരം ലഭിക്കും.



യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ നാരോ ഗേജ് പാതയ്ക്ക് 21 കിലോമീറ്റര്‍ നീളമുണ്ട്. പശ്ചിമഘട്ടത്തിന്‍റെ പച്ചപ്പും വെള്ളച്ചാട്ടവുമൊക്കെ താണ്ടിയുള്ള ഈ ട്രെയ്ന്‍ യാത്ര പ്രകൃതി സ്നേഹിയായ സഞ്ചാരികളെ വിസ്മയിപ്പിക്കുന്നു. ഇനി ടോയ് ട്രെയ്ന്‍ ഇല്ലെങ്കില്‍ മൂന്ന് കി.മി കാട്ടിലൂടെ നടന്നും മല കയറാം. അല്ലെങ്കില്‍ കുതിര പുറത്തും എത്തിച്ചേരാം. സഞ്ചാരികള്‍ക്ക് എന്നും പുതുമ നിറഞ്ഞ കാഴ്ചകള്‍ സമ്മാനിക്കുന്ന സുന്ദരയിടമാണ് മാതെരന്‍. കാടും മലയും ചേരുന്ന അപൂര്‍വം പ്രദേശങ്ങളിലൊന്നാണിവിടം. ചുരം കയറുന്നതു മുതല്‍ മാതേരാന്‍റെ ദൃശ്യചാരുതയ്ക്ക് തുടക്കമാകും. ചെറുതും വലുതുമായ നൂല്‍മഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന ഈ ഹരിതഭൂവില്‍ എവിടേയ്ക്ക് കണ്ണുപായിച്ചാലും കാഴ്ചകളിലേക്കുള്ള കയറ്റിറക്കങ്ങളാണ്.



മഹാരാഷ്ട്രയിലെ അല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹില്‍ സ്റ്റേഷനുകളിലൊന്നാണ് മാതേരന്‍ എന്ന് പറയാം. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് മതേരന്‍. വിനോദസഞ്ചാര വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ലാത്ത ഏഷ്യയിലെ തന്നെ പൊല്യൂഷന്‍ ഇല്ലാത്ത ഏക ഹില്‍ സ്റ്റേഷന്‍ ആയത് കൊണ്ട് തന്നെ ഒരു പ്രത്യേക ഫീല്‍ അനുഭവിച്ചറിയാന്‍ കഴിയും. അവിടെ എത്തിച്ചേര്‍ന്നാല്‍ പ്രകൃതി ഒരുക്കിയ സൗന്ദര്യം നമ്മെ ആകര്‍ഷിക്കുക മാത്രമല്ല, നമ്മെ അവിടെ തന്നെ തളച്ചിട്ടേക്കാം. പശ്ചിമഘട്ടത്തിന്‍റെ മനംമയക്കുന്ന കാഴ്ചകള്‍ ആണ് എങ്ങും. സന്ദര്‍ശനത്തിന് യോഗ്യമായ അത്തരം മനോഹരമായ ഒരുപാട് സൈറ്റുകള്‍ തലങ്ങും വിലങ്ങും മാതേരനിലുണ്ട്. അറിയപ്പെടുന്ന പക്ഷി സങ്കേത കേന്ദ്രം കൂടിയാണ് മാതേരാന്‍. മുംബൈ, പുനെ നഗരങ്ങളുടെ സമീപത്തായതുകൊണ്ട് തന്നെ മതേരാന്‍ മുംബൈക്കാര്‍ക്കു പ്രിയ ഹില്‍ സ്റ്റേഷനാണ്. വാരാന്ത്യം യാത്രകള്‍ക്ക് പറ്റിയ സ്ഥലമായ മതേരന്‍ മഴക്കാല യാത്രയ്ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും സ്ഥലം കൂടിയാണ്. പ്രത്യകിച്ചും ട്രെക്കിങ് ഇഷ്ട്ടപ്പെടുന്നവര്‍ക്ക്. ചര്‍ക്കോലെ തടാകമാണ് ഇവിടത്തെ ഉല്ലാസത്തിനുള്ള മറ്റൊരു കേന്ദ്രം. കുട്ടികളോടൊപ്പം പൂന്തോട്ടത്തില്‍ കളിക്കാനും പക്ഷിനിരീക്ഷണത്തിനും വെറുതെ നടക്കാനും മറ്റുമായി നിരവധി ആയിരക്കണക്കിന് സഞ്ചാരികള്‍ വര്‍ഷംതോറും ഇവിടെയെത്തുന്നു.



പശ്ചിമഘട്ടത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 2625 അടി ഉയരത്തിലാണ് ഈ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. മുംബൈയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയും പൂനെയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുമാണ് ഈ പച്ചപ്പ് നിറഞ്ഞ പ്രദേശം. മുംബൈ നഗരത്തിന്‍റെ തിരക്കുകളില്‍ നിന്ന് രക്ഷപ്പെടാന്‍ അനുയോജ്യമായ സ്ഥലം കൂടിയാണിവിടം. ധാരാളംപേര്‍ വാരാന്ത്യങ്ങളില്‍ മാതെരനിലേക്ക് ട്രെയ്ന്‍ കയറാറുമുണ്ട്. കുന്നിന് മുകളിലെത്തിയാല്‍ അവിടെ 38 വ്യൂപോയിന്‍റുകളുണ്ട്. അവിടെ നിന്ന് നോക്കിയാല്‍ ചുറ്റിലുമുള്ള പ്രദേശവും നേരല്‍ ടൗണും കാണാനാകും. വ്യൂ പോയിന്‍റുകളിലൊന്നായ ലൂസ പോയിന്‍റില്‍ നിന്ന് നോക്കിയാല്‍ പ്രബല്‍ ഫോര്‍ട്ട് കാണാനാകും. വണ്‍ ട്രീ ഹില്‍ പോയിന്‍റ്, ഹാര്‍ട്ട് പോയിന്‍റ്, മങ്കി പോയിന്‍റ്, പോര്‍ക്കുപൈന്‍ പോയിന്‍റ്, രാംബാഗ് പോയിന്‍റ് തുടങ്ങിയവയാണ് മറ്റ് വ്യൂ പോയിന്‍റുകള്‍. ഹില്‍സ്റ്റേഷനില്‍ പഴയകാല ബ്രിട്ടീഷ് വാസ്തുശില്‍പ്പ വിദ്യയുപയോഗിച്ച് നിർമിച്ച കെട്ടിടങ്ങള്‍ കാണാനാകും. നിരവധി ഹോട്ടലുകളും ബംഗ്ലാവുകളുമൊക്കെ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നുമുണ്ട്. റോഡ് മാര്‍ഗം ഇവിടെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടാണ്. ടാര്‍ ചെയ്ത റോഡ് പ്രതീക്ഷിക്കരുത്. പേരിന് ഒരു വഴി മാത്രമാണുള്ളത്.



കുതിരവണ്ടികള്‍ മാത്രം മാതെരന് അടുത്തുള്ള ദിണ്ടി പോയിന്‍റ് വരെ വാന്‍ സര്‍വീസ് ലഭ്യമാകും. ഇവിടെ നിന്ന് റെയില്‍വേ ട്രാക്കിന് സമാന്തരമായി നടപ്പാതയുണ്ട്. ഒരു മണിക്കൂര്‍ നടന്നാല്‍ ഹില്‍സ്റ്റേഷനിലെത്താം. മുകളിലെത്തിയാല്‍ യാത്രയ്ക്കായി കുതിരവണ്ടികളും മനുഷ്യര്‍ വലിക്കുന്ന റിക്ഷകളും ലഭിക്കും. ഇതല്ലാതെ മറ്റ് വാഹനങ്ങള്‍ക്കൊന്നും ഇവിടേക്ക് പ്രവേശനമില്ല. ഈ കാലത്തും 800/1000 രൂപയ്ക്കു ഒക്കെ താമസിക്കാന്‍ ആയി അത്യാവശ്യം നല്ല ഹോട്ടലുകള്‍ ലഭ്യമാണ് അവിടം. മാതേരാനിലെ വളരെ നിഷ്കളങ്കരായ ഗ്രാമീണരുടെ സത്യസന്ധത മറ്റൊരു പ്രത്യേകതയാണ്.

കൊവിഡിന്‍റെ ആരംഭത്തില്‍ ലോക്ക്ഡൗൺ ദിനങ്ങളില്‍ അവിടെ കുടുങ്ങി പോയ ഒരുപാട് ട്രെയിനി വിദ്യാർഥികള്‍ക്കും, വിനോദ സഞ്ചാരികള്‍ക്കും ഗ്രാമീണവാസികളും ആദിവാസികളും ആശ്രയമായി എന്നത് വലിയ വാര്‍ത്ത ആയിരുന്നു. അവിടെ കുടുങ്ങിയ വിദ്യാർഥികള്‍ക്കു മാസങ്ങളോളം ഭക്ഷണം നല്‍കിയതും ഗ്രാമീണരായിരുന്നു. മഴക്കാലത്ത് മലനിരകള്‍ക്കിടയില്‍ നൂറുകണക്കിന് വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെടും. മണ്‍സൂണ്‍ സമയത്ത് എത്തിപ്പെട്ടാല്‍ വല്ലാത്ത ഒരു അനുഭൂതി യാണ്, ആവോളം ആ ലഹരി നുകരാം. അതേ ഇവിടെ വന്നാല്‍ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല പ്രകൃതിയുടെ സൗന്ദര്യം വേണ്ടുവോളം ആസ്വദിക്കാം, അനുഭവിക്കാം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top