Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:04 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Reviews

കഥ ഇനിയാണ് ആരംഭിക്കാന്‍ പോകുന്നത് ; പൊന്നിയൻ ശെൽവം ഒരു മണിരത്നം മാജിക്

Published:01 October 2022

# റ്റിറ്റോ ജോർജ്

പ്രതികാരത്താല്‍ അന്ധയായ നന്ദിനിയായി ഐശ്വര്യ റായി കഥാപാത്രത്തെ അനായാസമായാണ് അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും കീഴടക്കിയിരിക്കുന്നത്. ചോളരാജകുമാരിയായി എത്തിയ തൃഷയുടെ കുന്തവിയും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് മികച്ച് നിന്നു. പൂങ്കുഴലി എന്ന അതിശക്തകഥാപാത്രമായി സൗന്ദര്യം കൊണ്ടും ആകാരവടിവ് കൊണ്ട് പ്രകടനം കൊണ്ടും ഐശ്വര്യലക്ഷ്മി നടത്തിയത് തന്‍റെ കരിയറിലെ തന്നെ ഗംഭീരപ്രകടനമാണ്.

മണിരത്‌നത്തിന്‍റെ 64 വര്‍ഷത്തെ സ്വപ്‌നം പൊന്നിയന്‍ ശെല്‍വന്‍ ഒടുവില്‍ തീയെറ്ററില്‍ എത്തുമ്പോള്‍ അത് ഒരു മഹാത്ഭുതമായി മാറുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും സാധാരണ സിനിമെയെന്ന അനുഭവമാണ്‌ പ്രേക്ഷകന് സമ്മാനിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന സിനിമയുടെ ആദ്യഭാഗം കണ്ടിറങ്ങുമ്പോള്‍ തികച്ചും നിരാശാജനകമായ അനുഭവമല്ല. കഥാപാത്രങ്ങളുടെ  ഇന്‍ട്രഡക്ഷന്‍ മാത്രമാണ് ആദ്യഭാഗത്ത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 

 വിക്രം, കാര്‍ത്തി,ജയംരവി, ജയറാം, ഐശ്യര്യ റായി, തൃഷ, ഐശ്വര്യാ ലക്ഷ്മി, ശോഭിതാ ധൂപാലെ, റഹ്മാന്‍, റിയാസ് ഖാന്‍, ശരത്കുമാര്‍, വിക്രം പ്രഭു, പ്രഭു, ലാല്‍, പാര്‍ത്ഥിപന്‍ , ബാബു ആന്‍റണി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത താരനിരയെയാണ് പ്രക്ഷേകന് മുമ്പിലേക്ക് കഥാപാത്രങ്ങളായി മണി രത്‌നം നല്‍കിയിരിക്കുന്നത്. കല്‍ക്കിയുടെ പൊന്നിയന്‍ ശെല്‍വന്‍ എന്ന നോവലിനെ ആസ്പദമാക്കി എടുത്തിരിക്കുന്ന ചിത്രം പൂര്‍ണമായും സിനിമാറ്റിക്കാണ്. ബാഹുബലിയോ മഗധീരയോ പ്രതീക്ഷിച്ച് ആ വഴി പോകേണ്ടതില്ലെന്ന് മാത്രം.

പ്രതികാരത്താല്‍ അന്ധയായ നന്ദിനിയായി ഐശ്വര്യ റായി കഥാപാത്രത്തെ അനായാസമായാണ് അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും കീഴടക്കിയിരിക്കുന്നത്. ചോളരാജകുമാരിയായി എത്തിയ തൃഷയുടെ കുന്തവിയും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് മികച്ച് നിന്നു. പൂങ്കുഴലി എന്ന അതിശക്തകഥാപാത്രമായി സൗന്ദര്യം കൊണ്ടും ആകാരവടിവ് കൊണ്ട് പ്രകടനം കൊണ്ടും ഐശ്വര്യലക്ഷ്മി നടത്തിയത് തന്‍റെ കരിയറിലെ തന്നെ ഗംഭീരപ്രകടനമാണ്.

സ്ത്രീകഥാപാത്രങ്ങളില്‍ നിന്ന് പുരുഷ കഥാപാത്രങ്ങളിലേക്ക് എത്തുമ്പോള്‍ വില്ലനായ ശരത് കുമാറും റഹ്മാനും പാര്‍ത്ഥിപനും അവരുടെ ഭാഗം പ്രകടനം കൊണ്ട് വേറിട്ടതാക്കി. നായകന്മാരിലേക്ക് എത്തുമ്പോള്‍ ഈ സിനിമയില്‍ തകര്‍ത്തത് കാര്‍ത്തിയുടെ വല്ലവരായന്‍ വന്ദ്യദേവനാണ്. ആദിത്യകരികാലന്‍റെ സുഹൃത്ത് എന്ന നിലയില്‍ എത്തുന്ന കാര്‍ത്തി തന്‍റെ സീനുകളെല്ലാം മികച്ചതാക്കി മാറ്റി. കരികാലനൊപ്പവും കുന്തവിക്കൊപ്പവും, അരുള്‍മൊഴിവര്‍മ്മനും , നന്ദിനിക്കും ചോളരാജാവിന് ഒപ്പവും തകര്‍ത്താടുവാന്‍ വന്ദ്യദേവനായി. 

 വിക്രത്തിന്റെ ആദിത്യ കരികാലന്‍ അദ്ദേഹത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കഥാപാത്രമെ അല്ല.  താന്‍ ഉള്ള സീനുകള്‍ തന്റേതാക്കി മാറ്റുവാനുള്ള കരവിരുത് മാറ്റാരെക്കാളും തനിക്കുണ്ടെന്ന് തെളിയിക്കുന്ന പ്രകടനമാണ് വിക്രം നടത്തിയിരിക്കുന്നത്. ചിത്രത്തിലെ നായകനും പ്രധാനകഥാപാത്രവുമായ ജയം രവി കൈയടക്കത്തോടെയാണ് തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ജയറാമിന്റെ ആഴ്‌വാര്‍ക്കടിയന്‍ നമ്പിയാണ് സിനിമയില്‍ കൈയടി നേടുന്ന മറ്റൊരു കഥാപാത്രം. 

 തോട്ടാധരണിയുടെ കലാസംവിധാനവും എ ആര്‍ റഹ്മാന്റെ സംഗീതവും ചിത്രത്തെ കൂടുതല്‍ ജിവസുറ്റതാക്കുന്നു. നന്ദിനിയും കുന്തവിയും തമ്മില്‍ കാണുന്ന രംഗത്ത് ഒരുക്കിയിരിക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് എടുത്ത് പറയേണ്ടതാണ്. ഐശ്വര്യാ റായ് എന്ന തഴക്കവും പഴക്കവും വന്ന അഭിനേത്രിയെ കടത്തി വെട്ടുന്ന പ്രകടനമാണ് തൃഷ  ഈ സീനുകളില്‍ നടത്തിയിരിക്കുന്നത്.  മസാലകള്‍ ചേര്‍ക്കാതെ താന്‍ ഉള്ളില്‍ കണ്ട കഥയെ അവതരിപ്പിക്കുന്നതില്‍ മണിരത്‌നത്തിലെ സൂപ്പര്‍ ഡയറക്ടര്‍ വിജയിച്ചുവെന്ന് തന്നെ പറയാം.

രവിവര്‍മ്മന്‍റെ കാമറയ്ക്കും കൊടുക്കണം കൈയടി. ആദ്യഭാഗത്തില്‍ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി അപ്രതീക്ഷിത എന്‍ഡിംഗാണ് മണിരത്‌നം സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സും മണിരത്‌നത്തിന്‍റെ ബോംബെ ടാക്കീസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

 എംജിആര്‍ മുതല്‍ കമല്‍ഹാസനും രജനികാന്തും ആഗ്രഹിച്ച ചിത്രം തീയെറ്ററില്‍ എത്തുമ്പോള്‍ അത് തമിഴ് സിനിമയുടെ വലിപ്പം ലോകത്തോട് വിളിച്ച് പറയുകയാണ്. ഗസ്റ്റ് റോളില്‍ അഭിനയിക്കാന്‍ പോലും തയാറാണെന്ന്  സാക്ഷാല്‍ രജനി മണിരത്‌നത്തോട് പറഞ്ഞിട്ടും തന്‍റെ സിനിമയ്ക്ക് അത് ചിലപ്പോള്‍  ബാധ്യതയായേക്കുമെന്ന് കരുതി നോ പറഞ്ഞ മണിരത്‌നം തന്നെയാണ്  ഈ സിനിമയുടെ ഹീറോ.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top