Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:02 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Comment

പാച്ചു അരങ്ങൊഴിഞ്ഞു കോവാലൻ മാത്രം ബാക്കി; സതീശൻ പാച്ചേനിയുടെ മര‌ണത്തിൽ നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി ജോജോ തോമസ്

Published:31 October 2022

രണ്ടുടുപ്പു മാത്രമുള്ളതു കൊണ്ടാണ് എന്നും ഖദര്‍ മാത്രമിടുന്നതെന്ന് എന്നോട് ദുഖം പങ്കുവെച്ചൊരാള്‍. എനിക്കു ആരെങ്കിലും വാങ്ങിത്തരുന്ന ഉടുപ്പ് ഇടയ്ക്കിടെ സ്വന്തമാക്കിപ്പോകാറുള്ളൊരാള്‍

മുതിർന്ന കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ മരണത്തിൽ നൊമ്പരപ്പെടുത്തുന്ന  കുറിപ്പുമായി മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസ്.

പ്രിയപ്പെട്ട സതീശേട്ടാ

കണ്ണീരോടെ ഞാനിതെഴുതുമ്പോള്‍ നിങ്ങളുടെ ഭൗതിക ശരീരം തീനാളങ്ങളായി എരിഞ്ഞമര്‍ന്നിട്ടുണ്ട്. ജീവിതം മുഴുവന്‍ തീതിന്നു ജീവിച്ച ഒരാള്‍, കൈപിടിച്ചു നടത്തിയ ഒരാള്‍ വിടപറയുമ്പോള്‍ അവസാനമായി കാണാതിരിക്കാന്‍ വയ്യാത്തതു കൊണ്ടാണ് ഞാന്‍ വന്നത്. മുംബൈയില്‍ നിന്നും ഹൈദരാബാദില്‍ ചെന്ന് അവിടെ കണക്ഷന്‍ ഫ്‌ളൈറ്റിനു കാത്തിരുന്ന രാത്രി മുഴുവന്‍ ഉറങ്ങാനാവാതെ ഞാനോര്‍ത്തത് നിങ്ങളെക്കുറിച്ചും നമ്മളൊന്നിച്ചു കഴിഞ്ഞ ആ പട്ടിണിക്കാലത്തെക്കുറിച്ചുമായിരുന്നു. ഒരു തീയിനും കെടുത്താനാവാത്ത എത്രയെത്ര ഓര്‍മ്മകളാണ് ഇനിയുള്ള കാലത്ത് എനിക്കുമാത്രമായുള്ളത്.

1990-93 കാലത്തെ പയ്യന്നൂര്‍ കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് ക്‌ളാസില്‍ സതീര്‍ഥ്യനായി എത്തിയ, പ്രായത്തില്‍ ജ്യേഷ്ഠനായ സതീശേട്ടന്‍. വരാന്തകളിലും, കാറ്റാടി മരതണലിരുന്നു സംഘടന കെട്ടിപ്പടുക്കുന്നതിന്റെ സ്വപ്‌നങ്ങള്‍ പങ്കുവെച്ചു നടന്ന രണ്ടു പേര്‍. കോണ്‍ഗ്രസിന്റെ ഗ്രൂപ്പിസത്തിന്റെ മൂര്‍ധന്യത്തില്‍ പിടിച്ചു വാങ്ങിയ സീറ്റില്‍ മത്സരിച്ചുവെങ്കിലും സതീശേട്ടനൊഴികെ മറ്റെല്ലാവരും ജയിച്ചു. കുതികാലു വെട്ടിയത് സ്വന്തം പാര്‍ട്ടിക്കാരെന്നറിഞ്ഞ് അന്ന് ഉറങ്ങാതെ പങ്കുവെച്ച ദുഖങ്ങള്‍.

അടുത്ത തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നമ്മള്‍ തീരുമാനിക്കുമെന്ന വാശിയില്‍ എടുത്ത തീരുമാനം. അടുത്ത വര്‍ഷം വര്‍ഷം സംഘടനയുടെ മുഴുവന്‍ നിയന്ത്രണവും പിടിച്ചെടുത്ത് സ്ഥാനാര്‍ഥികളെ തീരുമാനിച്ചു നടത്തിയ ചരിത്രപരമായ തിരഞ്ഞെടുപ്പ്. ഈയുള്ളവന്‍ ചെയര്‍മാനും സതീശേട്ടന്‍ കൗണ്‍സിലറുമായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് പിപി. പ്രകാശന്‍, ടിവി രാജേഷ് (മുൻ എംഎല്‍.എ), പി. സന്തോഷ്,  എന്നിവര്‍ നേതൃത്വം കൊടുത്ത് എസ്എഫ്‌ഐക്കു നേടാനായത് ഒറ്റസീറ്റ്. ഇന്നത്തെ ബിജെപി നേതാവും മുന്‍ കമ്യൂണിസ്റ്റുകാരനുമായ എ.പി അബ്ദുള്ളക്കുട്ടിക്കായിരുന്നു അന്ന് എസ്എഫ്‌ഐയുടെ തിരഞ്ഞെടുപ്പ് ചുമതല.

തിരഞ്ഞെുപ്പുകളില്‍ നിര്‍ഭാഗ്യരേഖ മാത്രമുണ്ടായിരുന്ന സതീശേട്ടന്‍ ജീവിതത്തിലാദ്യമായും അവസാനമായും വിജയിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. തുടര്‍ന്ന് നടത്തിയ സംഘടനാ പ്രവര്‍ത്തനങ്ങളുടെ മനോഹരമായ ചരിത്രം ഓര്‍മ്മയിലിങ്ങനെ ഇരമ്പുന്നുണ്ട്. എന്നും ഒന്നിച്ചു നടക്കുന്നതു കൊണ്ട് നമ്മളെ പാച്ചുവെന്നും കോവാലനെന്നും പേരിട്ടു വിളിച്ചു കലാലയത്തിലെ ചിലർ അതിലെ പാച്ചു അരങ്ങൊഴിഞ്ഞു. ഞാന്‍ മുഴുവന്‍ ഓര്‍മ്മളോടും കൂടി ബാക്കിയാവുന്നു.

രണ്ടുടുപ്പു മാത്രമുള്ളതു കൊണ്ടാണ് എന്നും ഖദര്‍ മാത്രമിടുന്നതെന്ന് എന്നോട് ദുഖം പങ്കുവെച്ചൊരാള്‍. എനിക്കു ആരെങ്കിലും വാങ്ങിത്തരുന്ന ഉടുപ്പ് ഇടയ്ക്കിടെ സ്വന്തമാക്കിപ്പോകാറുള്ളൊരാള്‍. പയ്യന്നൂരിലെ എവറസ്റ്റ് ലോഡ്ജിലെ മുറിയില്‍ ഉഷ്ണിക്കുന്ന രാത്രികളിലിരുന്നു ഒന്നിച്ചു സമര ഗാഥകള്‍ സ്വപ്‌നം കണ്ടവരായിരുന്നു നമ്മള്‍. പേപ്പര്‍ വിരിച്ച് എത്രയോ രാത്രികളില്‍ നമ്മള്‍ ബസ്റ്റാന്‍ഡുകളില്‍ കിടന്നുറങ്ങി. എത്രയോ തവണ സമരഭൂമികളില്‍ ഒന്നിച്ചു തല്ലുകൊണ്ടു. 
ഓര്‍മ്മകള്‍ അവസാനിക്കുന്നില്ലല്ലോ സതീശേട്ടാ...

മുംബൈയിലേക്കു ലാവണം പറിച്ചു മാറ്റിയ ശേഷം കൂടിക്കാഴ്ചകള്‍ കുറഞ്ഞുവെങ്കിലും എന്നും ഒരു ഫോണിന്റെ ഇരുതലയ്ക്കല്‍ നമ്മളുണ്ടായിരുന്നു. കുറച്ചു കാലം മുമ്പ് ഒരു വെളുപ്പാന്‍ കാലത്ത് ദാദറിലിറ്ങ്ങി വിളിച്ചപ്പോള്‍ ഞാനോടി വന്നു. പക്ഷേ മഴയില്‍ മുങ്ങിക്കിടന്ന ഹിന്ദ് മാതയിലെ ഇരുവശങ്ങളിലും നിന്ന് ദൂരക്കാഴ്ച മാത്രമേ അന്ന് സാധിച്ചുള്ളു.
പിന്നീട് എത്രയോ തവണ കണ്ടു  അവസാനം കണ്ടപ്പോഴും ഞാൻ അലസ്യമായി മുടി ചീവുന്നതിനെ കുറിച്ചു പറഞ്ഞു. മുൻപ് സ്ഥിരമായി അതിനെ കുറിച്ച്  ശാസിക്കുന്നതിനെ കുറിച്ച് അപ്പോഴും  ഓർത്തു. വീട്ടിൽ അമ്മയും പെങ്ങന്മാരും മാത്രമേയുള്ളൂ എന്ന് പറഞ്ഞ് ചുടലയിലെ സ്റ്റാൻഡിലേക്ക് അവസാനത്തെ ബസ്സ് പിടിക്കാൻ ഓടുന്ന സതീശേട്ടന്റെ അതേ കരുതൽ .

കെ സ് യു വില്‍ സംഘടന തിരഞ്ഞെടുപ്പ് നടക്കാതിരുന്ന ആ  സമയത്ത് കെ എസ് യു  യുണിറ്റ്‌ ഭാരവാഹി തിരഞ്ഞെടുപ്പ് മുന്നിൽ നിന്ന് നടത്തുകയും ഏകദേശം 780.കുട്ടികള്‍ പങ്കെടുത്ത വാശി ഏറിയ തിരഞ്ഞെടുപ്പില്‍ . ഇ എളിയവനായ എന്നെ പ്രസിഡന്‍റ് ആയി തിരഞ്ഞെടുക്കുകയും ചെയ്തു .. കെ എസ് യു കോളേജ് ചരിത്രത്തിൽ സ്ഥാനം പിടിച്ചു ഈ കാര്യം അന്നത്തെ കെ എസ് യു ജില്ലാ പ്രസിഡന്റും മേയറുമായ ടി.ഒ മോഹനൻ കഴിഞ ദിവസവും പറഞ്ഞു

ഓരോതിരഞ്ഞെടുപ്പുകള്‍ക്കുമൊടുവില്‍ നിര്‍ഭാഗ്യത്തിന്റെ പതിവു മേലങ്കിയില്‍ അവസാനിക്കുമ്പോഴും നിങ്ങള്‍ക്കു വേണ്ടി ഞങ്ങളനേകം പേര്‍ ദുഖിച്ചു. പാര്‍ട്ടിയില്‍ പടവുകള്‍ കയറുമ്പോള്‍ ഞങ്ങള്‍ ദൂരെ നിന്നു സന്തോഷിച്ചു. ഇടയ്ക്കിടെ ഫോണില്‍ സന്തോഷവും സങ്കടവും പങ്കിട്ടു. ചിലപ്പോള്‍ വഴക്കടിച്ചു. എങ്കിലും ഇടയ്ക്കിടെ തളര്‍ന്നു പോകുമ്പോള്‍ അപ്പുറം വിളിക്കാന്‍ നിങ്ങളുണ്ടല്ലോ എന്നൊരു തോന്നല്‍ വലിയൊരാശ്വാസമായിരുന്നു.

അവസാനമായി കാണാതിരിക്കാന്‍ എനിക്കാവാത്തതു കൊണ്ടാണ് വന്നത്. നിങ്ങള്‍ യാത്ര പറഞ്ഞു പോകുമ്പോള്‍ വലിയൊരു ശൂന്യത അവശേഷിക്കുന്നുണ്ട്. പെട്ടെന്ന് ഒറ്റയ്ക്കായി പോകുന്നുണ്ട്. ഒരു കാലത്തിന്റെ മുഴുവന്‍ ഓര്‍മ്മകളും ഇരച്ചു കയറുന്നുണ്ട്. കണ്ണ് നിറയുന്നുണ്ട്.

മറക്കില്ല ഈ ജീവിതകാലമത്രയും. അത്രയ്ക്കുണ്ടല്ലോ നമുക്കിടയില്‍ ഓര്‍മ്മകള്‍..
സ്വന്തം
ജോജോ! 
ജോ ജോ തോമസ്
ജനറൽ സെക്രട്ടറി എം പി സി സി 
(മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി)

 


വാർത്തകൾ

വാർത്തകൾ

Sign up for NewsletterCopyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top