Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:33 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Religious

Kalpathi Radhotsavam, Special story

കല്പാത്തി രഥോത്സവം: കനകസഭയിലെ അപർണ നാട്യം

Published:11 November 2022

# ഡോ. സഞ്ജീവൻ അഴീക്കോട്

ഋഷഭവാഹനത്തിലുള്ള ഗ്രാമപ്രദക്ഷിണം. വിവിധ ക്ഷേത്രങ്ങളിൽ നിന്നു എഴുന്നള്ളിയെത്തുന്ന കൂറ്റൻ രഥങ്ങൾ ഗ്രാമവീഥികളിലേക്ക്. ഒടുവിൽ ദേവരഥങ്ങളുടെ മഹാ സംഗമം.. പല്ലക്കിൽ കച്ചേരി, കാളകെട്ടിയ പല്ലക്കിൽ ഗ്രാമപ്രദക്ഷിണം... വേദോപനിഷദ് മന്ത്രങ്ങളാൽ മുഖരിതമാകും 
ഉത്സവ ദിനരാത്രങ്ങൾ..

നിറ വിളക്ക് തെളിഞ്ഞു
ഉത്സവക്കൊടിയുയർന്നു.
വിശാലാക്ഷി സമേതനായ കല്പാത്തിവിശ്വനാഥന്
ഇത് രഥോത്സവം.
സാക്ഷാൽ കാശി ക്ഷേത്ര ഗോപുരത്തെ പ്രതീകാത്മമാക്കി ആവാഹിച്ച കൂറ്റൻ രഥങ്ങൾ ഇതാ അഗ്രഹാര വീഥികളിലേക്ക് . 

വിശാലാക്ഷി സമേതനായ കാശി വിശ്വനാഥനും വിശാലാക്ഷി ദേവിയും ഗണപതി ഭഗവാനും തേരിറങ്ങി എഴുന്നള്ളുകയായി..ഒപ്പം ലക്ഷ്മി നാരായണ പെരുമാളും. ഭക്തസഹസ്രങ്ങൾ ത്രിലോക നാഥനെ കാണാൻ അഗ്രഹാര വീഥികളിലേക്ക് ...അറുനൂറു വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച ആരാധനാ വഴക്കം. ലോകപ്രശസ്തമായ കല്പാത്തി രഥോത്സവം. 

ഋഷഭവാഹനത്തിലുള്ള ഗ്രാമപ്രദക്ഷിണം. വിവിധ ക്ഷേത്രങ്ങളിൽ നിന്നു എഴുന്നള്ളിയെത്തുന്ന കൂറ്റൻ രഥങ്ങൾ ഗ്രാമവീഥികളിലേക്ക്. ഒടുവിൽ ദേവരഥങ്ങളുടെ മഹാ സംഗമം.. പല്ലക്കിൽ കച്ചേരി, കാളകെട്ടിയ പല്ലക്കിൽ ഗ്രാമപ്രദക്ഷിണം... വേദോപനിഷദ് മന്ത്രങ്ങളാൽ മുഖരിതമാകും 
ഉത്സവ ദിനരാത്രങ്ങൾ..

കല്പാത്തി അഗ്രഹാര ക്ഷേത്രങ്ങളിലെ അതി പ്രധാന സ്ഥാനങ്ങളിൽ ഒന്നാണ് വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ കനക സഭ. വിശാലാക്ഷി ശ്രീകോവിലിനു തൊട്ടടുത്താണിത്. ഉത്സവമൂർത്തികൾക്ക് വച്ചു പൂജ നടത്തുന്ന ശ്രീകോവിൽ. ശിവ പാർവതിമാരും ഗണപതിയും വല്ലി, -ദേവയാനി സമേതരായുളള സുബ്രഹ്മണ്യനും നടരാജമൂർത്തിയുമടങ്ങുന്ന ശിവകുടുംബം സാക്ഷാൽ ചിദംബരനാട്യത്തിന്റെ നാട്യശാസ്ത്രത്തിന്റെ ആദിമൂല സ്ഥാനത്തെ സ്വർണ മണ്ഡപത്തെ പ്രതീകവത്കരിക്കും കനകസഭ. 

 

അതെലാസ്യവും താണ്ഡവവും ചേർന്ന അർദ്ധനാരീശ്വര നൃത്ത ഭൂമി. താണ്ഡവവും ലാസ്യവും ചേർന്നതാണല്ലോ ഭാരതീയനൃത്തം. നടരാജൻ്റെ പ്രദോഷ നൃത്തവും താണ്ഡവവും നടന്തയും അതിപ്രശസ്തം. ത്രിലോക മാതാവിനെ അമൂല്യ രത്നഖചിതമായ സ്വർണ സിംഹാസനത്തിൽ ഇരുത്തി  കൈലാസത്തിൽ നൃത്തമാടിയ ശൂലപാണി. വീണയുമായി സരസ്വതി ഓടക്കുഴലുമായി ഇന്ദ്രൻ , ഇലത്താളവുമായി ബ്രഹ്മാവ്, ഗാനങ്ങൾ പാടി ലക്ഷ്മിയും മദ്ദളം കൊട്ടി വിഷ്ണു.. ദേവന്മാരുംഗന്ധർവ യക്ഷകിന്നരന്മാരും അപ്സരസുകളും അമരന്മാരും സിദ്ധന്മാരും പതംഗങ്ങളം ഉരഗങ്ങളും സർവ ചരാചരങ്ങളും സന്നിഹിതരായി ശിവന്റെ സന്ധ്യാ നൃത്തം - ആ പ്രദോഷ നൃത്തത്തെ ശിവ പ്രദോഷ സ്തോത്രത്തിൽ വിശദീകരിച്ചിട്ടുണ്ട്.

ശിവൻ താമസഭാവത്തിൽ നടത്തുന്നതാണ് താണ്ഡവം. -ശിവ താണ്ഡവം. ചുടല പറമ്പുകളിൽ പത്തു കൈകളോടെയുള്ള രൂപത്തിൽ പത്നീ സമേതനായാണ് ശിവൻ താണ്ഡവ നൃത്തമാടുന്നത്. മറ്റൊരു പ്രധാന നൃത്തമാണ് നടരാജൻ്റെ നടന്ത നൃത്തം. ചിദംബരത്തെ സ്വർണ്ണ മണ്ഡപത്തിൽ സഭയ്ക്ക് മുമ്പാകെ അവതരിപ്പിക്കുന്ന നൃത്തം - ചിദംബരനാട്യം.

പ്രപഞ്ചത്തിൻ്റെ കേന്ദ്ര സ്ഥാനമായി ചിദംബരം സങ്കല്പിക്കപ്പെടുന്നു.നാട്യശാസ്ത്രത്തിൻ്റെ ഉത്ഭവ കഥയുമായി ബന്ധപ്പെട്ട താണ് താണ്ഡവം. നാട്യത്തിൽ നൃത്തം പ്രയോഗിച്ചത് ശിവൻ്റെ നിർദ്ദേശത്താലാണത്രെ . ബ്രഹ്മാവിൻ്റെ ആജ്ഞപ്രകാരം ഭരതമുനി ത്രിപുര ദാഹം എന്ന ഡിമം അവതിരിപ്പിച്ചപ്പോൾ അതിൽ നൃത്തം കൂടി ചേർക്കാൻ പറഞ്ഞത്രെ. അപ്രകാരം ശിവൻ തണ്ഡുവിനെ വിളിച്ച് ഭരതമുനിയെ നൃത്തം അഭ്യസിപ്പിക്കാൻ നിർദ്ദേശിച്ചു. തണ്ഡു പഠിപ്പിച്ചതിനാൽ ഇത് താണ്ഡവം എന്നറിയപ്പെട്ടു.  താണ്ഡവം ഉദ്ധതനൃത്തമാണ്.  പാർവതിയുടെ നൃത്തം. ലാസ്യവും. ഇതു രണ്ടും കൂടി ചേരുമ്പോഴാണ് നൃത്ത പൂർണിമ.

ശിവൻ്റെ പഞ്ച ക്രിയകളെയാണ് നടരാജനൃത്തം പ്രതീകവത്കരിക്കുന്നത്.സൃഷ്ടി, സ്ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം. ചുരുക്കത്തിൽ പ്രപഞ്ച സംബന്ധിയായ പ്രവർത്തനമാണ് നടരാജനൃത്തത്തിൻ്റെ പ്രതിപാദ്യം.ഇത് കാലികവും കാലാതീതവുമാണ്.

ശൈവസിദ്ധാന്ത ദാർശനികനായ  തിരുമൂല നായനാർ തിരുമന്ത്രത്തിൽ ശിവന്റെ ദിവ്യനടനത്തെക്കുറിച്ച് തന്ത്രം ഒമ്പതിൽ പറയുന്നുണ്ട്. - [തിരുക്കൂത്ത് ദർശനം - ശിവാനന്ദക്കൂത്ത് - സുന്ദരക്കൂത്ത്.. ]

സർവ ദൃശ്യം 
തവ രൂപം ദേവാ... എവിടെ നോക്കുമ്പോഴും ആ രൂപം മാത്രം..
ചിത്- അംബരം - ചിദംബരം
 ചിതാകാശം -

ശിവാനന്ദനടനത്തിൽ തെളിയുന്ന ആചിദംബര രഹസ്യം വിശാലാക്ഷി സമേതനായ വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ കനകസഭയിപകർന്നാടുകയാണ്. ക്ഷേത്രത്തിലെ ഉത്സവമൂർത്തികളെ പ്രതിഷ്ഠിച്ച കനകസഭയിൽ നടക്കുന്ന നാട്യ സമർപ്പണത്തിലൂടെ...ഇക്കുറിയും ആ പതിവ് തെറ്റിച്ചില്ല. നാദസ്വര കച്ചേരിയും സോപാന സംഗീതവും നാട്യവും ... കൊടിയേറ്റദിനത്തിൽ വൈകീട്ടു ചന്ദ്രഗ്രഹണമായതിനാൽ പിറ്റേന്ന് ബുധനാഴ്ച സന്ധ്യക്കായിരുന്നു കനകസഭയിൽനാട്യം.

ഷോഡശോപചാര പൂജയും ദീപാരാധനയും വിശേഷ അലങ്കാരവു യാഗശാല പൂജയും കഴിഞ്ഞാണ്  അരങ്ങുണർന്നത്. വിഖ്യാത നർത്തകി ഡോ.പദ്മ സുബ്രഹ്മണ്യം ചിട്ടപ്പെടുത്തിയ ഭരതനാട്യ ചുവടുമായി തെന്നിന്ത്യൻ നർത്തകി  അപർണ ശർമ്മ ഇ.ജെ. കല്ലമ്പലമെത്തി. മുത്തുസാമി ദീക്ഷിതരുടെ ഗണേശ കൃതി
 ചക്രവാക രാഗത്തിൽ ആദിതാളത്തിൽ , നാട്യത്തിനു തുടക്കമായി. തുടർന്ന് ശങ്കരാഭരണത്തിൽ ആദിതാളത്തിൽ പാപനാശം ശിവന്റെ കരുണൈ വർണവും  ആദി ശങ്കരാചാര്യരുടെ രാജരാജേശ്വരി അഷ്ടകം രാഗമാലികയിൽ ആദിതാളത്തിലുമായി അരങ്ങിലാടിയതോടെ ശിവനടനത്തിൻ്റെ പൗർണമി പ്രകാശമായി.

ദാരികാസുര നിഗ്രഹ ശേഷം കാളിയുടെകോപം ശമിക്കാൻ നൃത്തം ചവുട്ടിയ പരമശിവൻ ഇതാ അരങ്ങിലേക്ക് . ശിവ നൃത്തം കണ്ടപ്പോൾ  കാളിയും ചുവടു വയ്ക്കുകയായി. കാളിയും ശിവനും തമ്മിൽ പിന്നെ നടന്നത് പൊരിഞ്ഞ മത്സരം..

കനകസഭനർത്തകി ആരംഗം ഏകാകിയായി ഇവിടെ ആടി ഫലിപ്പിക്കുകയാണ്. ഒടുവിൽ കാളി ശിവനു മുന്നിൽ  അടിയറവ് പറഞ്ഞു. തുടർന്ന് ഗണപതിയും സുബ്രഹ്മണ്യനു മടങ്ങുന്ന ശിവകുടുംബാംഗങ്ങളെ നൃത്തം പഠിപ്പിക്കുന്ന രംഗത്തോടെയാണ് കനക സഭയിൽ മംഗളം പാടി നാട്യം സമർപ്പിതമാകുന്നത്. 

മായാമാളവഗൗളത്തിൽ ആദിതാളത്തിൽ മുത്തു താണ്ഡവർ രചിച്ച കൃതിയെ ആധാരമാക്കി ഡോ.പദ്മ സുബ്രഹ്മണ്യം സംവിധാനം ചെയ്ത അപർണ ൾർമ്മയുടെ നാട്യം - കനക സഭ അക്ഷരാർത്ഥത്തിൽ തന്നെ ആ  അപർണ നാട്യത്തിൽ ലയിച്ചിരുക്കുകയായിരുന്നു. ശിവൻ്റെ പ്രദോഷ നൃത്തവും താണ്ഡവവും നടന്തയും സഹൃദയ മനസ്സിലേക്ക് പ്രതിഷ്ഠിക്കപ്പെട്ട കനകസഭ നാട്യം.

 ലാസ്യവും താണ്ഡവവും ചേർന്നഅർദ്ധനാരീശ്വര ഭാവ സങ്കല്പത്തെ പ്രേക്ഷകരിലേക്ക് ആവാഹിക്കും നൃത്തം. വിശാലാക്ഷി സമേതനായ കാശി വിശ്വനാഥ സ്വാമിയുടെ ഉത്സവമൂർത്തിയെ സാക്ഷി നിർത്തി കാളി കീഴടങ്ങുന്ന രംഗം അപർണ ശർമ്മ തന്മയത്വത്തോടെ അവതരിപ്പിച്ചു. ചിദംബര ദർശനത്തെ നാട്യശാസ്ത്രത്തിലൂടെ അനുഭവവേദ്യമാക്കിയ നൃത്തച്ചുവടുകൾ.

കല്പാത്തി രഥോത്സവത്തിൽ താന്ത്രിക അനുഷ്ഠാനത്തോടൊപ്പം  പ്രദോഷ സന്‌ധ്യയിൽ 
ശ്രീ കോവിൽ നടയിൽ നാട്യം സംവിധാനം ചെയ്ത പൂർവികരെ നമിക്കാം. അതെ നാട്യശാസ്ത്രത്തിൻ്റെ ഉത്പത്തി ഓർമ്മിപ്പിച്ച് ബ്രഹ്മാനന്ദ സാക്ഷാത്കാരത്തിലേക്ക്  നയിക്കുകയാണ്
കല്പാത്തി ഉത്സവമൂർത്തി .അപർണ ശർമ്മ പകർന്നാടിയതും ആ സന്ദേശം തന്നെ. ശൈവസിദ്ധാന്തത്തിന്റെ തിരുമന്ത്ര ദർശനം തഞ്ചാവൂർ ശാസ്ത്ര യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോ.പദ്മ സുബ്രഹ്മണ്യത്തിന്റെ കീഴിൽ നൃത്തത്തിൽ എം.എഫ്.എ കരസ്ഥമാക്കി.

നൃത്ത ഇതിഹാസമായിരുന്ന ഗുരു ഗോപിനാഥിൻ്റെ ശിഷ്യ കോട്ടയം സി.വി. ഭവാനി ചെല്ലപ്പന്റെ കീഴിലാണ് നൃത്തം പഠിച്ചത്. ഗുരു ഗോപിനാഥിൻ്റെ കേരള നടനം തനിമയോടെ സംരക്ഷിക്കാനും പുതു തലമുറക്ക് പകർന്നു നല്കാനുമുള്ള ഗവേഷണ പഠനത്തിലാണ് അപർണ ശർമ്മ. തിരുവനന്തപുരം കല്ലമ്പലം പെരിയ മന ഇല്ലത്ത് ഈശ്വര ശർമ്മയുടെയും ഗീത അന്തർജ്ജനത്തിന്റെയും ഇളയ മകളും തിരുവിതാംകൂറിലെ സംസ്കൃത പണ്ഡിതനായിരുന്ന കരകുളം കൃഷ്ണൻ പോറ്റിയുടെ പേരമകളുമാണ്.

ഒഡീഷ - കൊണാർക്ക്ഇന്റർനാഷണൽ നൃത്ത ശിരോമണി പുരസ്കാരം , ഭാരതീയ കലാശ്രീ രത്ന കലാമണി അവാർഡ് തുടങ്ങി വിവിധ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. കൊല്ലൂർ മൂകാംബിക, തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളിലും നിരവധിയാഗ വേദികളിലും നാട്യ സമർപ്പണം നടത്തിയിട്ടുമുണ്ട് അപർണ ശർമ്മ ഇ.ജെ. കല്ലമ്പലം. കേരള നടനത്തെക്കുറിച്ചുള്ള തന്റെപഠനത്തിന്റെ ആദ്യ ഭാഗം ഉടൻ തന്നെ പുസ്തക രൂപത്തിൽ പുറത്തിക്കാനുള്ള ഒരുക്കത്തിലാണ് നർത്തകി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top