Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 11:13 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Interviews

Kanthara movie, Color Grading, Exclusive Interview

കാന്താരയ്ക്ക് നിറംപകര്‍ന്ന രമേഷ് സി പി ഇവിടെയുണ്ട്

Published:12 November 2022

# പി.ജി.എസ് സൂരജ്

കഥാപരമായി നോക്കുമ്പോള്‍ ഓരോ സിനിമയും ഓരോ നിറങ്ങളിലൂടെ പറയാനായിരിക്കും സംവിധായകനും ക്യാമറാമാനും തീരുമാനിചിട്ടുണ്ടാവുക. കഥാപാത്രങ്ങളുടെ വികാരങ്ങളെ അതിന്‍റെ തീവ്രതയോടെ അവതരിപ്പിക്കാനും അത് പ്രേക്ഷകരില്‍ എത്തിക്കാനും സിനിമയില്‍ നിറങ്ങള്‍ക്ക് ചെറുതല്ലാത്ത സ്വാധീനമുണ്ട്.

ഛായാഗ്രാഹകന്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ മിഴിവും ചാരുതയും നല്‍കുക എന്നതാണ് സിനിമയില്‍ ഒരു കളര്‍ഗ്രേഡിംഗ് കലാകാരന്‍റെ ജോലി. ഫിലിം നെഗറ്റീവിന്‍റെ കാലം മുതല്‍ തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ കഴിയാത്ത മേഖലയാണ് കളര്‍ ഗ്രേഡിംഗ് എന്നത്. അടുത്തിടെ തരംഗമായി മാറിയ കാന്താര എന്ന കന്നഡ ചിത്രത്തിന് വേണ്ടി കളര്‍ ഗ്രേഡിംഗ് നിര്‍വഹിചത് ഒരു മലയാളിയാണ്. കൊച്ചിയിൽ സ്ഥിര താമസക്കാരനായ രമേഷ് സി.പി 9 വര്‍ഷത്തോളമായി ലാല്‍ മീഡിയയില്‍ സീനിയർ കളറിസ്റ്റായി ജോലി ചെയ്തുവരുന്നു. 

ഇടുക്കി ഗോള്‍ഡ്‌, കുമ്പളങ്ങി നൈറ്റ്സ്, ഇതിഹാസ, മണ്‍സൂണ്‍ മംഗോസ്, അജഗജാന്തരം, ജോജി, ആറാട്ട്, 777 ചാര്‍ളി തുടങ്ങിയ നൂറ്റി അന്‍പതിലധികം ചിത്രങ്ങള്‍ക്ക് വേണ്ടി രമേഷ് കളറിംഗ് നിര്‍വ്വഹിച്ചിട്ടുണ്ട്. തന്‍റെ സിനിമ വിശേഷങ്ങളെക്കുറിച്ചും സിനിമയിലെ കളര്‍ ഗ്രേഡിംഗ് എന്ന മേഖലയെക്കുറിച്ചും രമേഷ് സി പി മെട്രോ വാര്‍ത്തയോട് സംസാരിക്കുന്നു.

എന്താണ് കളര്‍ ഗ്രേഡിംഗ്?

ഒരു സിനിമയുടെ കഥാസന്ദര്‍ഭത്തിനും പശ്ചാത്തലത്തിനും അനുസരിച്ച് ചില നിറങ്ങള്‍ നല്‍കുക എന്നതാണ് കളര്‍ ഗ്രേഡിംഗ് കലാകാരന്‍ സിനിമയില്‍ ചെയ്യുന്ന ജോലി. കഥാപരമായി നോക്കുമ്പോള്‍ ഓരോ സിനിമയും ഓരോ നിറങ്ങളിലൂടെ പറയാനായിരിക്കും സംവിധായകനും ക്യാമറാമാനും തീരുമാനിചിട്ടുണ്ടാവുക. കഥാപാത്രങ്ങളുടെ വികാരങ്ങളെ അതിന്‍റെ തീവ്രതയോടെ അവതരിപ്പിക്കാനും അത് പ്രേക്ഷകരില്‍ എത്തിക്കാനും സിനിമയില്‍ നിറങ്ങള്‍ക്ക് ചെറുതല്ലാത്ത സ്വാധീനമുണ്ട്.

കളര്‍ ഗ്രേഡിംഗ്  സിനിമയില്‍ എങ്ങനെയാണ് ചെയ്യുന്നത്? വിശദമായി പറയാമോ?

ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ സംവിധായകനും ക്യാമറമാനും ചേര്‍ന്ന് സിനിമയ്ക്ക് വേണ്ടി ഒരു കളര്‍ പാലറ്റ് തീരുമാനിക്കും. അതായത് സിനിമയുടെ കഥയ്ക്ക്‌ ചേരുന്ന രീതിയില്‍ ചില  നിറങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കളര്‍ ശ്രേണി ഉണ്ടാക്കും. സിനിമ ചിത്രീകരിക്കുമ്പോള്‍ പരമാവധി ഈ കളറുകളെയോ ഈ കളറുകളുമായി ചേരുന്ന കളറുകളെയോ ഉള്‍ക്കൊളിച്ചുകൊണ്ടായിരിക്കും ചിത്രീകരണം നടക്കുക. ഉദാഹാരണത്തിന് ഒരു സിനിമ ഓറഞ്ച് - ഗോള്‍ഡന്‍ കളര്‍ ടോണില്‍ ആയിരിക്കും പറയാന്‍ ശ്രമിക്കുന്നത് എങ്കില്‍ ചിത്രീകരണം മുതല്‍ തന്നെ ക്യാമറമാനും സംവിധായകനും അതനുസരിച്ചുള്ള ലൈറ്റുകളും പശ്ചാത്തലവും സൃഷ്ട്ടിച്ചാണ് മുന്നോട്ട് പോകുന്നത്. കഥാപാത്രങ്ങളുടെ വസ്ത്രങ്ങളും ചുറ്റുമുള്ള പശ്ചാത്തലവും എല്ലാം തന്നെ ഓറഞ്ച് - ഗോള്‍ഡന്‍ കളറുമായി ചേര്‍ന്ന് പോകുന്നവയായിരിക്കും. ചിത്രീകരണം നടക്കുമ്പോള്‍ ഫ്രെയിമിനുള്ളില്‍ വരുന്ന ആവശ്യമില്ലാത്ത കളറുകളിലുള്ള എല്ലാ വസ്തുക്കളും ഒഴിവാക്കുന്നു.

ചിത്രീകരണത്തിന് ശേഷം ക്യാമറയില്‍ നിന്നും റിക്കോർഡ്  ചെയ്ത ഹൈ ക്വാളിറ്റിയിലുള്ള ദൃശ്യങ്ങള്‍ ( high resolution videos ) എഡിറ്റിങ്ങിനു വേണ്ടി എച്.ഡി ക്വളിറ്റിയിലേയ്ക്കു മാറ്റുന്നു (convert). വേഗത്തില്‍ ഫലപ്രദമായി എഡിറ്റ് ചെയ്യുന്നതിന് വേണ്ടിയാണ്  8kയിലും 4kയിലും ചിത്രീകരിച്ച ദൃശ്യങ്ങള്‍ എച്.ഡി ക്വാളിറ്റിയിലേയ്ക്ക് മാറ്റുന്നത്. അതിന് ശേഷം എഡിറ്റിംഗ് എന്ന സിനിമയുടെ ഏറ്റവും പ്രധാനമായ പ്രക്രിയയാണ് നടക്കുന്നത്. 

ഫൈനല്‍ എഡിറ്റ് ചെയ്ത വിഷ്വല്‍സ് അടങ്ങിയ ഫൈലിനെ ക്വിക് ടൈം എന്ന ഫൈല്‍ ഫോര്‍മാറ്റിലേക്ക് മാറ്റിയതിന് ശേഷം എക്സ്.എം.എല്‍, ഇ.ഡി.എല്‍, എ.എ.എഫ് എന്നിവയിലേതെങ്കിലും ഒരു ടെക്സ്റ്റ് ഫൈലിലേയ്ക്ക് കൂടി മാറ്റുന്നു. ഈ എക്സ്.എം.എല്‍ ഫൈലുകള്‍ ഉപയോഗിച്ചാണ് ക്യാമറയില്‍ നിന്നും ഡയറക്റ്റ് ചിത്രീകരിച്ച ഹൈക്വാളിറ്റി വിഷ്വല്‍സുമായി ലിങ്ക് ചെയ്യുന്നത്. ഈ ഒറിജിനല്‍ ഹൈ ക്വാളിറ്റി 4k വിഷ്വല്‍സിലാണ് കളറിംഗ് ചെയ്യുന്നത്. എഡിറ്റിങ്ങിനു ശേഷം നടക്കുന്ന ഈ കളറിംഗ് പ്രക്രിയകള്‍ എല്ലാം തന്നെ ഉയര്‍ന്ന നിലവാരത്തില്‍ സജ്ജീകരിച്ചിരിക്കുന്ന മറ്റൊരു കമ്പ്യൂട്ടർ സംവിധാനത്തിലായിരിക്കും ചെയ്യുന്നത്. കാമറമാന്‍റെയും സംവിധായകന്‍റെയും നിര്‍ദേശപ്രകാരം കളറിംഗ് ആര്‍ട്ടിസ്റ്റ് കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ കളറിംഗ് ചെയ്യുന്നു. ഈ കളറിംഗ് സ്യൂട്ടുകളില്‍ നിന്നാണ് തീയേറ്ററില്‍ നമ്മള്‍ കാണുന്ന ഏറ്റവും മികച്ച നിലവാരത്തിലുള്ള ഫൈനല്‍ ഔട്ട്‌ പുറത്തിറക്കുന്നത്.  

എത്രവര്‍ഷമായി താങ്കള്‍ കളര്‍ ഗ്രേഡിംഗ് മേഖലയില്‍ ജോലിചെയ്യുന്നു?

15 വര്‍ഷമായി ഞാന്‍ കളര്‍ഗ്രേഡിംഗ് രംഗത്ത്‌ ജോലിചെയ്യുന്നു. മുബൈയിലെ ക്യൂ ലാബ്‌ സ്റ്റുഡിയോയില്‍ ത്രീ ഡി അനിമേറ്ററായിട്ടാണ് ഞാന്‍ കരിയര്‍ ആരംഭിക്കുന്നത്. ത്രീ ഡി മേഖലയില്‍ മികവ് തെളിയിച്ചതുകൊണ്ട് തന്നെ കളര്‍ ഗ്രേഡിംഗ് മേഖലയിലേക്ക് അവര്‍ എനിക്ക് ട്രെയിനിംഗ് നല്‍കി. ആ സമയത്ത് വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ക്ക് മാത്രമായിരുന്നു മുഴുവനായി കളറിംഗ് ചെയ്തിരുന്നത്. മറ്റ് സിനിമകള്‍ക്കൊക്കെ ഗാനരംഗങ്ങള്‍ക്ക് വേണ്ടിയോ ട്രയിലറുകള്‍ക്ക് വേണ്ടിയോ മാത്രമായിരുന്നു കളറിംഗ് ചെയ്തിരുന്നത്. അക്കാലത്ത് കളറിംഗ് ചെയ്യുക എന്നത് വളരെ ചിലവുകൂടിയതും സങ്കീര്‍ണവുമായ ഒരു പ്രക്രിയയായിരുന്നു. ക്യാമറയില്‍ നിന്നും ഷൂട്ട്‌ ചെയ്ത ഫിലിം നെഗറ്റീവ് കളര്‍ അനലൈസര്‍ എന്ന മെഷീനിലേയ്ക്ക് ലോഡ് ചെയ്തതിനു ശേഷം കളറിംഗ് ചെയ്യേണ്ട ഷോട്ടുകള്‍ യഥാക്രമം മാര്‍ക്ക് ചെയ്യുന്നു. അതിന് ശേഷം മാര്‍ക്ക് ചെയ്ത ഷോട്ടുകളുടെ ബ്രൈറ്റ്നസും പ്രാഥമിക വര്‍ണ്ണങ്ങളായ പച്ച നീല ചുവപ്പ് ( RGB) എന്നിവ ആവശ്യാനുസരണം അഡ്ജസ്റ്റ് ചെയ്യുന്നു. ഇതിന് ശേഷം ഗ്രേഡ് ചെയ്ത വാല്യൂസ് ഒരു ഫ്ലോപ്പി ഡിസ്കിലേയ്ക്ക് മാറ്റുന്നു. ഈ ഫ്ലോപ്പി ഡിസ്ക്കില്‍ രേഖപ്പെടുത്തിയ ഡേറ്റയും നെഗറ്റീവും ചേര്‍ന്നാണ് ഫിലിം പോസറ്റീവായി പ്രിന്‍റ് ചെയ്തു വരുന്നത്. ഈ പറയുന്നതിനപ്പുറം അതിസങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണത്. 

ഇന്നത്തെക്കാലത്ത് താരതമ്യേന വളരെ സുഖമമായ രീതിയിലാണ് കളറിംഗ് ചെയ്യുന്നത്. ഫോട്ടോഷോപ്പ് പോലെ നമുക്ക് ഇഷ്ട്ടമുള്ള ഭാഗങ്ങള്‍ സെലക്ട്‌ ചെയ്തതിന് ശേഷം വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. പുതിയ സോഫ്റ്റ്‌വെയറുകളിൽ അനന്തമായ സാധ്യതകളാണുള്ളത്.

ഈ ഡിജിറ്റല്‍ കാലത്തും കളര്‍ഗ്രേഡിംഗ് എന്നത് നല്ല ചിലവുള്ള ജോലിയാണല്ലോ?

അതേ. പ്രധാനമായും കളറിംഗ് ചെയ്യുന്ന കമ്പ്യൂട്ടറുകള്‍ക്ക് വലിയ വിലയാണ് നല്‍കേണ്ടത്. ഡാവിഞ്ചി റിസോള്‍വ്, ബെയിസ് ലൈറ്റ്, ആട്ടോ ഡസ്ക് ലസ്റ്റര്‍ തുടങ്ങിയ സോഫ്റ്റ്‌വെയറുകളിലാണ് ലോകമെമ്പാടും ഇപ്പോള്‍ കളര്‍ഗ്രേഡിംഗ് ചെയുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള പ്രൊജകറ്ററിലോ എച്.ഡി.ആര്‍ കോംപാക്‌റ്റബിള്‍ സംവിധാനത്തിലുള്ള സ്ക്രീനുകളിലോ (Monitor) നോക്കിയാണ് കളറിസ്റ്റ് ക്യാമറമാന്‍റെ നിര്‍ദേശപ്രകാരം വേണ്ട കളറുകള്‍ നല്‍കുന്നത്. ഫോര്‍ കെ നിലവാരത്തിലുള്ള ഇത്തരം ലേസര്‍ പ്രൊജക്റ്ററുകള്‍ക്ക് മാത്രം  85 ലക്ഷം രൂപയോളം വിലയുണ്ട്. 

നമ്മള്‍ നിത്യേന കാണുന്ന തീയേറ്ററുകളിലേയും  ടി.വി യിലേയും മൊബൈല്‍ ഫോണുകളിലേയും സ്ക്രീനുകളിലൊക്കെ തന്നെ പല രീതിയിലുള്ള കളര്‍ ടോണുകളിലായിരിക്കും ദൃശ്യങ്ങള്‍ കാണുന്നത്. എന്നാല്‍ കളര്‍ ഗ്രേഡിംഗ് ചെയ്യുന്ന സ്ക്രീനുകളില്‍  കൃത്യമായ അനുപാതത്തില്‍ ആയിരിക്കും നിറങ്ങള്‍ സെറ്റ് ചെയ്തിരിക്കുന്നത്. അതായത് ചുവപ്പ് കളറിനു കൃത്യമായ ഒരു വാല്യൂ ഉണ്ട്. ആ വാല്യൂ ആയിരിക്കും ഈ പ്രൊജക്റ്ററുകളില്‍ കാണപ്പെടുക. കളര്‍ കാലിബ്രേഷന്‍ എന്നാണ് അതിനെപ്പറയുന്നത്‌ (colour calibration). അത്തരം സ്ക്രീനുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരു കളറിസ്റ്റിന് ശരിയായ രീതിയില്‍ ഗ്രേഡ് ചെയ്യാന്‍ സാധിക്കൂ. ഈ പ്രൊജക്റ്ററുകള്‍ കൃത്യമായ ഇടവേളകളില്‍ റീ സെറ്റ് ചെയ്തുകൊണ്ടേയിരിക്കണം. അല്ലെങ്കില്‍ കുറേ ഉപയോഗിച്ച് കഴിയുമ്പോള്‍ പ്രൊജക്റ്ററുകളുടെ കളര്‍ വാല്യൂസ് മറിപ്പോക്കാന്‍ സാധ്യതയുണ്ട്. 

കളര്‍ഗ്രേഡിംഗ് ചെയ്യുന്ന പ്രത്യേക പാനലിന്  മാത്രം 35 ലക്ഷം രൂപയോളം വിലവരുന്നുണ്ട്. ഏകദേശം ഒന്നരകോടിയോളം രൂപ മുതല്‍ മുടക്കിയാല്‍ മാത്രമേ നമുക്ക് നല്ലൊരു ഗ്രേഡിംഗ് സ്റ്റുഡിയോ ആരംഭിക്കുവാന്‍ കഴിയൂ. ഡാവിഞ്ചി റിസോള്‍വ് എന്ന സോഫ്റ്റ്‌വെയര്‍ ആണ് ഞാന്‍ ഉപയോഗിക്കുന്നത്. മറ്റ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്ന സ്റ്റുഡിയോകള്‍ ആരംഭിക്കുവാന്‍ രണ്ടര കോടി രൂപയോളം ചിലവ് വരും.

ഡിജിറ്റല്‍ സിനിമയ്ക്ക് മുന്‍പ് ഫിലിം ക്യാമറ ഉപയോഗിച്ചുള്ള സിനിമ നിര്‍മ്മാണത്തെ എങ്ങനെയാണ് താങ്കള്‍ വിലയിരുത്തുന്നത്?

90കളിലൊക്കെ ഇറങ്ങിയ പല സിനിമകളും ഇന്ന് വീണ്ടും കാണുമ്പോള്‍ ആണ് അന്നത്തെ ക്യാമറ  സങ്കേതങ്ങളൊക്കെ എത്രത്തോളം മികച്ചതാണെന്ന് മനസിലാവുന്നത്. പല സിനിമകളും കാണുമ്പോള്‍  അടുത്തിടെ ചിത്രീകരിച്ചപോലെയുള്ള ഒരു ഫ്രഷ് ഫീല്‍ നമുക്ക് തരുന്നുണ്ട്. അന്ന് ചിത്രീകരണ സമയത്ത് തന്നെ കൃത്യമായ ലൈറ്റുകള്‍ ഉപയോഗിച്ച് കളര്‍ ടോണുകള്‍ സൃഷ്ട്ടിക്കാറുണ്ട്. ചിത്രീകരണത്തിന് ശേഷം അനലൈസര്‍ വച്ച് കളര്‍ നിയന്ത്രിക്കാന്‍ പരിമിതി ഉള്ളതുകൊണ്ട് തന്നെ ഷൂട്ട് ചെയ്യുന്ന സമയത്ത് സീനുകള്‍ക്കാവശ്യമായ കളറുകള്‍ പ്രത്യേക ലൈറ്റിംഗ് സംവിധാനം ഉപയോഗിച്ച് സൃഷ്ട്ടിക്കുന്നതായിരുന്നു പതിവ്.

ഇതുവരെ ചെയ്തതില്‍ മറക്കാന്‍ കഴിയാത്ത സിനിമകള്‍?
 
 ഓരോ സിനിമകളും നമുക്ക് ഓരോ അനുഭവങ്ങളാണ് നല്‍കുന്നത്. അങ്ങനെ നോക്കുമ്പോള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന അനവധി സിനിമകളുണ്ട്. കുമ്പളങ്ങി നൈറ്റ്സ് ആണ് മറക്കാന്‍ കഴിയാത്തൊരു സിനിമ. കുമ്പളങ്ങി എന്ന ഗ്രാമത്തിന്‍റെ തനിമ ചോരാതെ തന്നെ സ്ക്രീനില്‍ കാണിക്കാന്‍ കഴിഞ്ഞു എന്നാണ് വിശ്വസം. ഡാവിഞ്ചി റിസോള്‍വിന്‍റെ നിര്‍മ്മാതാക്കളായ ബ്ലാക്ക് മാജിക് കമ്പനിയുടെ വെബ്സൈറ്റില്‍ കുമ്പളങ്ങി നൈറ്റ്സില്‍ ചെയ്ത കളറിംഗിന്‍റെ രീതികളെക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇന്ത്യയില്‍ നിന്ന് മൊത്തമായി നാലോ അഞ്ചോ  പേരുടെ വിവരങ്ങളാണ് മെല്‍ബണ്‍ ആസ്ഥാനമായ ബ്ലാക്ക് മാജിക് കമ്പനിയുടെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മണ്‍സൂണ്‍ മങ്കോസ്, ഇടുക്കി ഗോള്‍ഡ്‌, അജഗജാന്തരം, എബ്രഹാമിന്‍റെ സന്തതികള്‍, സുഡാനി ഫ്രം നൈജീരിയ, ടൂ കണ്ട്രീസ്, മായാ നദി, ഇതിഹാസ, 777 ചാര്‍ളി, കാന്താര തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ എനിക്ക് അത്യാവശ്യം പേര് നേടിത്തന്നവയാണ്.

സിനിമയ്ക്ക് പുറത്തുള്ള ഒരാളോട് താങ്കള്‍ ചെയ്യുന്നത് എന്ത് ജോലിയാണെന്നായിരിക്കും പറയുക?

ഇന്നത്തെക്കാലത്ത് സിനിമയിലെ എല്ലാ മേഖലകളെക്കുറിച്ചും മിക്കവാറും പ്രേക്ഷകര്‍ക്കും അറിവുണ്ടാകും. എന്നാല്‍ ചിലര്‍ ചോദിക്കുന്നത് എഡിറ്ററാണോ എന്നാണ്. സാധാരണക്കാര്‍ക്കൊക്കെ കളര്‍ ഗ്രേഡിംഗ് എന്ന് പറഞ്ഞാല്‍ മനസിലാവില്ല. ഫോട്ടോഷോപ്പ് ഒക്കെ ഉദാഹരണം പറഞ്ഞാണ് അപ്പോള്‍ ഞാന്‍ സംസാരിക്കുക. അപ്പോള്‍ പലര്‍ക്കും എന്താണ് സിനിമയിലെ കളറിംഗ് എന്ന് ഏകദേശ ധാരണ കിട്ടും.

കാന്താര എന്ന സിനിമയില്‍ പ്രവര്‍ത്തിച്ച അനുഭവം ?

കാന്താരയുടെ ഛായഗ്രാഹകനായ അരവിന്ദ് കശ്യപുമായി ഹീറോ, 777 ചാര്‍ളി എന്നീ രണ്ട് സിനിമകളില്‍ ഞാന്‍ നേരത്തെ വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഈ രണ്ട് സിനിമകളിലേയും കളറിംഗ് ഇഷ്ട്ടപെട്ടതുകൊണ്ടാണ് കാന്താരയും എന്നെ തന്നെ ഏല്‍പ്പിക്കുന്നത്. വലിയ തയ്യാറെടുപ്പുകളോടെയാണ് കാന്താരയുടെ ചിത്രീകരണം ആരംഭിച്ചത് തന്നെ. ചിത്രീകരണത്തിന് മുന്‍പ് തന്നെ അനവധി ക്യാമറ ടെസ്റ്റുകള്‍ നടത്തിയിരുന്നു. മിക്കവാറും സീനുകളൊക്കെ തന്നെ കാടിനുള്ളില്‍ വച്ചായതുകൊണ്ട് ലൈറ്റിംഗ് എന്നത് വലിയ വെല്ലുവിളി ആയിരുന്നു. തീപന്തവും പിടിച്ച് കാടിനുള്ളിലൂടെ ദൈവക്കൊലം ഓടുന്ന ചില ഷോട്ടുകള്‍ ചിത്രത്തിലുണ്ട്. ആ സമയത്തെ ലൈറ്റപ്പ് ആയിരുന്നു ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയത്. ഏത് ക്യാമറയില്‍ ചിത്രീകരിക്കുമ്പോള്‍ ആണ് ഈ ദൃശ്യങ്ങള്‍ കൃത്യവും വ്യക്തവും ആയി ലഭിക്കുക എന്ന്  നേരത്തെ തന്നെ അറിയണമായിരുന്നു.

റെഡ്,അലക്സ , സോണി തുടങ്ങിയ പല കമ്പനികളുടെയും ക്യാമറകള്‍ ഉപയോഗിച്ച് ടെസ്റ്റ് ഷൂട്ട്‌ നടത്തിയതിന് ശേഷമാണ് ചിത്രീകരണത്തിലേക്ക് കടന്നത്‌. ആരി അലക്സ എല്‍.എഫ് ക്യാമറയില്‍ സിഗ്നേച്ചര്‍ പ്രൈം ലെന്‍സിലാണ് കാന്താര ചിത്രീകരിച്ചത്. റിഷഭ് ഷെട്ടിയുടെ ഇന്‍ട്രോ ഷോട്ട് ഒന്നില്‍ക്കൂടുതല്‍ ക്യാമറ വച്ചാണ് ഷൂട്ട്‌ ചെയ്തിരിക്കുന്നത്. ഒന്നിലധികം ക്യാമറയില്‍ നിന്ന് ഒരേസമയം ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ കളര്‍ ചെയ്യാന്‍ എപ്പോഴും അല്‍പ്പം ബുദ്ധിമുട്ടാണ്. കാരണം ഓരോ ക്യാമറയിലും ഓരോ കളര്‍ ടോണിലായിരിക്കും ദൃശങ്ങള്‍ റെക്കോർഡ്  ചെയ്യുക. എല്ലാ ദൃശ്യങ്ങള്‍ക്കും കൂടി ഒറ്റ ടോണ്‍ ഉണ്ടാക്കുക എന്നത് സങ്കീര്‍ണ്ണമായ ജോലിയാണ്. കാമറാമാനായ അരവിന്ദ് കശ്യപ് അതിമനോഹരമായിട്ടാണ് കാന്താരക്ക് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത്.

എന്താണ് ഒരു കളറിസ്റ്റിന് വേണ്ട അടിസ്ഥാന സവിശേഷതകള്‍?

ആദ്യം വേണ്ടത് കളര്‍സെന്‍സാണ്. കളര്‍ കോമ്പിനേഷന്‍ എന്താണെന്ന് വ്യക്തമായി തന്നെ അറിയണം. ഷോട്ട് മാച്ചിംഗ് എന്നതാണ് മറ്റൊന്ന്. ഒരു പ്രത്യേക സ്ഥലത്ത് കാണിക്കുന്ന സീന്‍ ചിലപ്പോള്‍ ഷൂട്ട്‌ ചെയ്യുന്നത് വ്യത്യസ്ഥ ദിസവങ്ങളിലും വ്യത്യസ്ഥ കാലാവസ്ഥയിലും ആയിരിക്കും. എന്നാല്‍ കളറിംഗ് ചെയ്യുന്ന സമയത്ത് ആ സീനിലെ എല്ലാ ഷോട്ടുകള്‍ക്കും ഒരേ കളര്‍ ടോണ്‍ കൊണ്ട് വരേണ്ടത് ഒരു കളറിസ്റ്റിന്‍റെ ഉത്തരവാദിത്തമാണ്. ലോകത്തിലെ വിവിധ ദൃശ്യ സംസ്കരങ്ങളിലുള്ള സിനിമകള്‍ കാണുക എന്നതും പ്രധാനം തന്നെ. മറ്റൊന്ന് വായനയാണ്. വായനയിലൂടെ നമ്മള്‍ മനസിലാക്കുന്ന ഭാവനാലോകത്തിന് അതിരുകളില്ലല്ലോ.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top