Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 9:33 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Football

Saudi Arabia VS Argentina, Fifa World Cup Football 2022

ഓഫ് സൈഡ് വിദ്യയിൽ അറബ് വസന്തം...!

Published:23 November 2022

# ഇ. രുദ്രൻ

അർജന്‍റൈൻ ആരാധകരുടെ നെഞ്ചുപിടച്ചിലിന് ഇനിയും ശമനമായിട്ടുണ്ടാവില്ല. ഈ ലോകകപ്പിലുടനീളം ഇതിന്‍റെ ഓർമകളുണ്ടാവും. കളത്തിലിറങ്ങുന്ന ഒരു വമ്പൻ ടീമും എതിരാളികളെ ഇനി ചെറുതായി കാണില്ല, തീർച്ച. 

സ്റ്റണ്ണിങ് ഗെയിം...! ഫുട്ബോൾ ലോകം സ്തംഭിച്ചു നിൽക്കുന്നു, മെസിയുടെ അർജന്‍റീനയെ സൗദി കുട്ടികൾ കൊമ്പുകുത്തിച്ചതു കണ്ട്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന്. വീമ്പു പറയാൻ ചരിത്രമൊന്നുമില്ലാത്ത, ലോകകപ്പിൽ ഇതുവരെ മൂന്നു "ചെറിയ' വിജയങ്ങൾ മാത്രമുണ്ടായിരുന്ന സൗദി അറേബ്യ ലോകോത്തര ടീമിനെയാണ് തകിടം മറിച്ചിരിക്കുന്നത്. രണ്ടാം പകുതിയുടെ അഞ്ചു മിനിറ്റിനുള്ളിൽ രണ്ടു ഗോളുകൾ നേടി 2-1ന് മെസിപ്പടയെ അവർ പിന്നിലാക്കിയ ശേഷമുള്ള മത്സരം ഫുട്ബോൾ പ്രേമികൾ കണ്ടു തീർത്തത് ശ്വാസമടക്കി നിന്നാണ്. അർജന്‍റൈൻ ആരാധകരുടെ നെഞ്ചുപിടച്ചിലിന് ഇനിയും ശമനമായിട്ടുണ്ടാവില്ല. ഈ ലോകകപ്പിലുടനീളം ഇതിന്‍റെ ഓർമകളുണ്ടാവും. കളത്തിലിറങ്ങുന്ന ഒരു വമ്പൻ ടീമും എതിരാളികളെ ഇനി ചെറുതായി കാണില്ല, തീർച്ച. 

പത്താം മിനിറ്റിൽ തന്നെ മെസിയുടെ പെനൽറ്റി ഗോളിനു പിന്നിലായ സൗദി അറേബ്യ ഒന്നാം പകുതിയിൽ തന്നെ തകർന്നു പോകാതെ രക്ഷിച്ചത് ഓഫ് സൈഡ് നിർണയിക്കാൻ ഫിഫ പുതുതായി ഏർപ്പെടുത്തിയ അൾട്രാ-സെൻസിറ്റിവ് സാങ്കേതിക വിദ്യയാണ്. സെമി- ഓട്ടൊമേറ്റഡ് ഓഫ് സൈഡ് ടെക്നോളജി. ഈ ലോകകപ്പിലെ ആദ്യ "ഗോൾ' തന്നെ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓഫ് സൈഡ് വിധിച്ചത് വിവാദമായിരുന്നു. ഉദ്ഘാടന മത്സരത്തിൽ ഖത്തറിനെതിരേ ഇക്വഡോറിനു വേണ്ടി മൂന്നാം മിനിറ്റിലേ വലൻസിയ നേടിയ ഹെഡർ "ഗോൾ' ഓഫ്സൈഡെന്നു വിധിച്ചത് പുതിയ സാങ്കേതിക വിദ്യയാണ്. അതേ സാങ്കേതിക വിദ്യ തുടർച്ചയായി മൂന്നു അർജന്‍റൈൻ "ഗോളുകളാ'ണ് ഓഫ് സൈഡാക്കിയത്. വിശ്വോത്തര താരങ്ങളെ ഓഫ് സൈഡ് കെണിയിൽ വീഴ്ത്താൻ സൗദിക്കാർ വിദഗ്ധ തന്ത്രം മെനഞ്ഞിരുന്നു എന്നതും വാസ്തവം. തലനാരിഴ വ്യത്യാസത്തിനുള്ള ഓഫ്സൈഡുകളും അനായാസം കണ്ടെത്തും എന്നതിനാൽ ഇത്തവണത്തെ ലോകകപ്പ് അതുകൊണ്ടു തന്നെ ചർച്ച ചെയ്യപ്പെടുമെന്നു കരുതണം.

ഓരോ സ്റ്റേഡിയത്തിലും 12 ക്യാമറകളാണ് പുതിയ സാങ്കേതിക വിദ്യയുടെ പ്രവർത്തനത്തിനായി ഫിഫ സ്ഥാപിച്ചിരിക്കുന്നത്. ഇവ 90 മിനിറ്റും പന്ത് ട്രാക്ക് ചെയ്യും. പന്ത് എവിടെയെന്നു കൃത്യമായി മനസിലാക്കാനും കളിക്കാരൻ ഓഫ് സൈഡ് ആണോ എന്നറിയാനും പന്തിനുള്ളിൽ സെൻസറുമുണ്ട്. അതു ശേഖരിക്കുന്ന വിവരങ്ങൾ സെക്കൻഡിൽ 500 തവണയാണ് കൺട്രോൾ റൂമിൽ എത്തുന്നത്. കളിക്കാരൻ ഓഫ് സൈഡ് പൊസിഷനിലാണെങ്കിൽ കൺട്രോൾ റൂമിനു മുന്നറിയിപ്പു ലഭിക്കുന്നു. ഇങ്ങനെ മെസിയും മാർട്ടിനസും ഓഫ് സൈഡ് കെണിയിൽ കുരുങ്ങിയപ്പോഴേ അർജന്‍റീനയുടെ കാലക്കേടു തെളിഞ്ഞു. ഓഫ് സൈഡ് ജാഗ്രതയിലെ കുറവിന് അവർ കനത്ത വില നൽകേണ്ടിവന്നു. മത്സരത്തിൽ മൊത്തം ഏഴ് ഓഫ് സൈഡുകളിലാണ് അർജന്‍റീന കുരുങ്ങിയത്. 

 എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിലെ സൗദിയുടെ പ്രകടനം ഒരു സാങ്കേതിക വിദ്യയുടെ സഹായത്തിലും കൂട്ടിക്കെട്ടാവുന്നതല്ല. അഞ്ചു മിനിറ്റിനിടയിലെ രണ്ടു ഗോളുകൾ ശൈലി മാറ്റിയ ആക്രമണ ഫുട്ബോളിന്‍റേതായിരുന്നു. പിന്നീടുള്ള പ്രതിരോധവും ഒന്നാം ക്ലാസ്. അവസാന നിമിഷമെങ്കിലും ഗോളടിച്ച് അർജന്‍റീന മാനം കാക്കുമെന്നു പ്രതീക്ഷിച്ചു കാത്തിരുന്ന ആരാധക ലക്ഷങ്ങളെയാണു സൗദി ഗോളി അമ്പരപ്പിച്ചുകളഞ്ഞത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top