Published:25 November 2022
മുംബൈ : ഛത്രപതി ശിവജിയെകുറിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത്സിങ് കോഷിയാര നടത്തിയ പരാമര്‍ശം വിവാദമായിരിക്കെ, ഗവര്‍ണര്‍ക്ക് പിന്തുണയുമായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത . എനിക്ക് ഗവര്‍ണറെ വ്യക്തിപരമായി അറിയാം. മഹാരാഷ്ട്രയില്‍ എത്തിയതിനു ശേഷമാണ് അദ്ദേഹം മറാഠി പഠിച്ചത്. അദ്ദേഹത്തിന് മറാഠികളെ വലിയ ഇഷ്ടമാണ്. എന്നാല്‍ അദ്ദേഹം പറയുന്നത് മറ്റൊരു രീതിയില്‍ പല സമയത്തും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം എപ്പോഴും മറാഠിവാദികളുടെ ഹൃദയത്തിലുണ്ടെന്നാണ് അമൃത വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഗവര്‍ണര്‍ വിവാദ പരാമര്‍ശം നടത്തിയത്. 'നേരത്തെ ആരാണ് നിങ്ങളുടെ മാതൃകയെന്നു ചോദിച്ചാല്‍ ജവഹര്‍ലാല്‍ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, മഹാത്മാഗാന്ധി എന്നിങ്ങനെ പറയാന്‍ നിരവധിപ്പേരുണ്ടായിരുന്നു. മഹാരാഷ്ട്രയിലാകട്ടെ നിരവധി വ്യക്തിത്വങ്ങള്‍ ഉള്ളതിനാല്‍ മറ്റെവിടെയും നോക്കേണ്ട. ഛത്രപതി ശിവജി പഴയകാല വ്യക്തിത്വങ്ങളില്‍ ഒരാളാണ്. ഇന്നത് ബി.ആര്.അബേദ്കര്, നിതിന്‍ ഗഡ്കരി എന്നിവരാണെന്നായിരുന്നു ഗവര്‍ണറുടെ പ്രസംഗം.
പരാമര്‍ശത്തിനു പിന്നാലെ മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്രത്തില്‍നിന്ന് ആമസോണ്‍ വഴി മഹാരാഷ്ട്രയിലേക്ക് അയച്ച പാഴ്സല്‍ എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന പ്രതിഷേധത്തിനിടെ ആവശ്യപ്പെട്ടിരുന്നു. എന്‍സിപിയും ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.