Published:26 November 2022
ചെന്നൈ: ഭൗമനിരീക്ഷണ ഉപഗ്രഹം (ഇഒഎസ്-6) ഓഷ്യൻസാറ്റ് ഉൾപ്പെടെ ഒമ്പത് ഉപഗ്രഹങ്ങളെയും ബഹിരാകാശത്തെത്തിക്കാനുള്ള പിഎസ്എൽവി- സി54 ദൗത്യം ഇന്ന്. രാവിലെ 11.56നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്നാണു വിക്ഷേപണം. ഇന്നലെ രാവിലെ 10.26ന് 25 മണിക്കൂറും 30 മിനിറ്റും നീളുന്ന കൗണ്ട് ഡൗൺ ആരംഭിച്ചു. ഒന്നാം ഭ്രമണപഥത്തിലെത്തുമ്പോൾ ഓഷ്യൻസാറ്റ് പിഎസ്എൽവിയിൽ നിന്നു വേർപെടും. ദൗത്യത്തിലെ മറ്റ് എട്ടെണ്ണവും നാനോഉപഗ്രഹങ്ങളാണ്. ഇവയെ അതത് ഉപഗ്രഹ ഉടമകൾ നിർദേശിച്ച സൂര്യസ്ഥിര ഭ്രമണപഥങ്ങളിൽ നിക്ഷേപിക്കും.
321 ടൺ ആണ് 44.4 മീറ്റർ നീളമുളള പിഎസ്എൽവി-സി54 ബഹിരാകാശത്തെത്തിക്കുന്നത്. പിഎസ്എൽവി- എക്സ്എൽ പതിപ്പിന്റെ 24ാം വിക്ഷേപണമാണിത്. വിക്ഷേപിച്ച് 20 മിനിറ്റിനുള്ളിൽ 742 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാകും ഓഷ്യൻസാറ്റിനെ എത്തിക്കുന്നത്. തുടർന്ന് 516 കിലോമീറ്റർ ഉയരത്തിലേക്കു മടങ്ങുന്ന പിഎസ്എൽവി അവിടെ ആദ്യ നാനോ ഉപഗ്രഹം സ്ഥാപിക്കും. അവസാന ഉപഗ്രഹത്തെ 528 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാകും സ്ഥാപിക്കുന്നത്.
ഓഷ്യൻസാറ്റ് പരമ്പരയിൽ മൂന്നാം തലമുറയിലെ ഉപഗ്രഹമാണ് ഇഒഎസ്-6. സമുദ്രനിരീക്ഷണം, കാറ്റിന്റെ ഗതി തുടങ്ങിയവ നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിന്റെ ദൗത്യം. ഓഷ്യൻസാറ്റ് 2 നൽകുന്ന സേവനങ്ങളുടെ തുടർച്ചയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.