Published:26 November 2022
ദോഹ: ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനത്തിൽ നെതർലൻഡ്സിനെ സമനിലയിൽ തളച്ച് ഇക്വഡോർ. ഗ്രൂപ്പ് എയിലെ ആവേശകരമായ മത്സരം അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. കളിതുടങ്ങി ആറാം മിനിറ്റിൽ കോഡി ഗാക്പോയുടെ കിടിലന്‍ ഗോളിൽ നെതർലൻൻഡ്സ് ലീഡെടുത്തപ്പോൾ പിന്നീട് കണ്ടത് ഇക്വഡോറിൻ്റെ മറ്റൊരു മുഖമാണ്. മത്സരം ആദ്യ പകുതി അവസാനിക്കുമ്പോൾ ലീഡ് നില 1-0
ആഘോഷങ്ങൾ തീരും മുൻപേ രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ വലൻസിയ ഇക്വഡോറിന് വേണ്ടി വലകുലുക്കി. 49-ാം മിനിറ്റിലായിരുന്നു ആ സമനില ഗോൾ. ഈ ലോകകപ്പിലെ വലൻസിയയുടെ മൂന്നാം ഗോളായിരുന്നു ഇത്. പക്ഷേ ആ സമനിലയിൽ തൃപ്തരല്ലായിരുന്നു ഇക്വഡോർ. പിന്നീട് പലതവണ നെതർലൻഡ്സ് ഗോൾ വലകുലുക്കാൻ കഴിവതും ശ്രമിച്ചുകൊണ്ടിരുന്നു. 59–ാം മിനിറ്റില്‍ ഗോൺസാലോ പ്ലാറ്റായുടെ മിന്നൽ ഷോട്ട് ബാറിൽ തട്ടി തെറിച്ചു പോയപ്പോൾ ലീഡെന്ന സ്വപ്നം വിഫലമായി. അതേസമയം മത്സരത്തിൻ്റെ വലൻസിയ പരുക്കേറ്റ് പുറത്തായത് ഇക്വഡോറിന് ആശങ്കയായി മാറിയിട്ടുണ്ട്.