Published:26 November 2022
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊണ്ടുവരാനൊരുങ്ങുന്ന ഡേറ്റ സംരക്ഷണ ബില്‍ ലോകത്തെ തന്നെ ഏറ്റവും മികച്ചതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് ഉചിതമായ സംരക്ഷണം നല്കാന് ബില്‍ ഉപകരിക്കും. ചില വിഷയങ്ങളിലൊഴികെ, വിവരാവകാശ അപേക്ഷയില്‍പോലും വ്യക്തിപരമായ വിവരങ്ങള്‍ ലഭിക്കില്ല.
പ്രധാനമായും മൂന്നു ലക്ഷ്യങ്ങളാണ് ബില്ലിനുള്ളത്. ഒന്ന്, ഉപഭോക്താക്കളുടെ ഡിജിറ്റലൈസ് ഡേറ്റ സംരക്ഷിക്കുക. രണ്ട്, ഡേറ്റ ഇക്കോണമിയുടെ ഭാഗമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്നവേഷന്‍ കമ്പനികള്‍ക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരിക, മൂന്ന്, സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ക്കും നിയമപാലകര്‍ക്കും അത്യാവശ്യഘട്ടങ്ങളില്‍ ഇത്തരം വ്യക്തിവിവരശേഖരം പരിശോധിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം നല്‍കുക.
ബില്ല് പാസായാല്‍ ഡേറ്റ സംരക്ഷണം സംബന്ധിച്ച മുഴുവന്‍ സംവിധാനത്തിന്റെയും സ്വഭാവം തന്നെ മാറും. ഇന്ന് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗം വര്‍ധിച്ചിട്ടുണ്ട്. അത് പല തലത്തിലാണ്. വലിയ കമ്പനികള്‍ അടക്കം ഇത്തരം ഡേറ്റ ദുരുപയോഗം ചെയ്യുന്നത് ആഗോളതലത്തില്‍ത്തന്നെ നടക്കുന്നതാണ്. അത് ഇവിടെ പൂര്‍ണമായും അവസാനിപ്പിക്കാനാണ് ഡേറ്റ സംരക്ഷണ ബില്‍ കൊണ്ടുവരുന്നത്.