Published:28 November 2022
ദോഹ : ഖത്തർ ലോകകപ്പിലെ ആദ്യ വിജയവും ആദ്യ ഗോളും തേടി ഇറങ്ങിയ ക്രൊയേഷ്യയ്ക്ക് ക്യാനഡയ്ക്കെതിരെ വമ്പൻ ജയം. ആദ്യ മത്സരത്തിൽ ഗോളുകൾ അടിക്കാതെ സമനിലയിൽ പിരിയേണ്ടി വന്ന ക്രൊയേഷ്യ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കാനഡയെ തോല്പിച്ച് സമാധാനം കണ്ടെത്തി.
ആന്ദ്രേ ക്രാമറിച്ചും രണ്ട് ഗോളും ലിവാജയും മയെറും ഓരോ ഗോൾ വീതവും നേടിയപ്പോൾ രണ്ട് ഗോളിനും വഴിയൊരുക്കിയ ഇവാന് പെരിസിച്ചും കാനഡയുടെ അന്ധകാരായി. കാനഡയുടെ ആശ്വാസ ഗോൾ അൽഫോൺസോ ഡേവിസ് സ്വന്തമാക്കി. ഇതോടെ കാനഡ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റോടെ ക്രൊയേഷ്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.
മത്സരം ആരംഭിച്ച രണ്ടാം മിനിറ്റിൽ ക്രൊയേഷ്യയെ ഞെട്ടിച്ച് കാനഡ അവരുടെ ആദ്യ ഗോൾ നേടി.
തേജോൺ ബുചാനൻ പെനൽറ്റി ഏരിയയിലേക്ക് ക്രൊയേഷ്യ താരങ്ങളായ ലോവ്റൻ, ജുറാനോവിച്ച് എന്നിവർക്കിടയിലൂടെ നൽകിയ ക്രോസിൽ അൽഫോൻസോ ഡേവിസിൻ്റെ ഹെഡർ ക്രൊയേഷ്യയുടെ വലകുലുക്കി. ഗോൾ കീപ്പർ ലിവാകോവിച്ചിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇത് കുറച്ചൊന്നുമല്ല ക്രൊയേഷ്യയെ വിറപ്പിച്ചത്. പിന്നീട് കളിയുടെ ഗതി മാറി. ക്രൊയേഷ്യ തങ്ങളുടെ ആക്രമണങ്ങളുടെ അമ്പുകൾ ഓരോന്ന് തൊടുത്തു വിട്ടു.
36–ാം മിനിറ്റിൽ കാനഡ പെനൽറ്റി ഏരിയയുടെ ഇടതു മൂലയിലൂടെ ഇവാൻ പെരിസിച്ചിച്ച് ആന്ദ്രേജ് ക്രമാരിചിന് പാസ് നൽകി. നിമിഷ നേരംകൊണ്ട് ക്രമാരിച് പന്ത് ഗോൾ പോസ്റ്റിലേക്ക് പായിച്ചു. ഗോൾ സമനില. ഗോൾ നേടിയ എട്ടാം മിനിറ്റിൽ പ്രതിരോധ നിരയെ കടന്ന് ലിവാജ ക്രൊയേഷ്യയുടെ രണ്ടാം ഗോൾ നേടി. 70–ാം മിനിറ്റിൽ പെനൽറ്റി ഏരിയയിൽനിന്ന് ഇവാൻ പെരിസിച്ച് നൽകിയ പാസിൽ ക്രമാരിച്ച് മൂന്നാം ഗോളും പാസ്സാക്കി. 94–ാം മിനിറ്റിൽ കാനഡ പ്രതിരോധ താരം കമാൽ മില്ലറുടെ പിഴവു മുതലെടുത്ത് ലവ്റോ മാജർ നാലാം ഗോൾ സ്വന്തമാക്കി. രണ്ടാം തോല്‍വി വഴങ്ങിയതോടെ കാനഡയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾക്ക് തിരശീല വീണു. ഡിസംബർ ഒന്നിന് മൊറോക്കോയ്ക്കെതിരെയാണ് കാനഡയുടെ അവസാന മത്സരം.