Published:28 November 2022
ഇങ്ങ് ഇന്ത്യയിൽ മാത്രമല്ല അങ്ങ് ഖത്തറിൽ നിന്നുവരെ സഞ്ജുവിന് പിന്തുണയറിയിച്ചുകൊണ്ടുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സഞ്ജുവിന്റെ ചിത്രമുള്ള ബാനറുമായാണ്. ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയത്തിൽ ആരാധകൻ എത്തിയത്.
രാജസ്ഥാൻ റോയൽസാണ് ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇന്ത്യൻ ടീമിന്റേയും രാജസ്ഥാൻ റോയൽസിന്റെയും ജേഴ്സിയിൽ നിൽക്കുന്ന സഞ്ജുവിന്റെ ചിത്രങ്ങളായിരുന്നു ബാനറിൽ. ‘സഞ്ജു സാംസൺ, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്', 'ഖത്തറിൽ നിന്നും ഒരുപാട് സ്നേഹത്തോടെ’, 'ഏത് ടീമെന്നോ ഏത് മാച്ചെന്നോ ഏത് കളിക്കാരനെന്നോ പരിഗണിക്കാതെ ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്' എന്നെല്ലാമായിരുന്നു ബാനറിലെ വാചകങ്ങൾ.
ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിന് പിന്നാലെ താരത്തിന് പിന്തുണയറിയിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. എന്നാലിപ്പോൾ ഖത്തറിൽ നിന്നുമുള്ള ആരാധകരുടെ പിന്തുണയാണ് സമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.