Published:28 November 2022
ദോഹ: നെയ്മറില്ലാത്ത കാനറികളെ രക്ഷിക്കാൻ കാസിമിറോ അവതരിച്ചു. രണ്ടാം പകുതിയിൽ മധ്യനിര താരം കാസെമിറോയാണ് ഗോളിലൂടെ മഞ്ഞക്കിളികൾ പതിവുതെറ്റിക്കാതെ പ്രീക്വാർട്ടറിൽ പറന്നിരുന്നു. 83–ാം മിനിറ്റിൽ റോഡ്രിഗോയുടെ അസിസ്റ്റിൽ നിന്ന് കാസെമിറോ തൊടുത്ത ഷോട്ട് സ്വിസ് പ്രതിരോധ താരത്തിൽ തട്ടി വലയിലെത്തി.
പരുക്കേറ്റു പുറത്തായ നെയ്മാറുടെ അഭാവം ബ്രസീലിന്റെ കളിയിൽ ആദ്യപകുതിയിൽ നിഴലിച്ചു. വേഗത കുറഞ്ഞ മുന്നേറ്റങ്ങൾ പലതും സ്വിസ് താരങ്ങൾ അനായാസം പ്രതിരോധിച്ചു. 12–ാം മിനിറ്റിൽ ബ്രസീലിനു ഗോൾ നേടാൻ ലഭിച്ച സുവർണാവസരവും പാഴാക്കി. പക്വെറ്റയിൽനിന്ന് ഫ്ലിക് പാസായി പന്തു ലഭിച്ച റിചാർലിസന് സ്വിസ് പോസ്റ്റിനു മുൻപിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ അവസരം ലഭിച്ചു. എന്നാൽ പന്ത് വിനീഷ്യസിനു കട് ബാക്ക് ചെയ്തു നൽകാനാണ് താരം ശ്രമിച്ചത്. സ്വിസ് പ്രതിരോധ താരം നികോ എല്‍വെദി പന്തു രക്ഷപെടുത്തി.
കാസെമിറോയുടേയും ഫ്രെഡിന്റേയും വൺ ടച്ച് പാസ് റിചാർലിസന് വീണ്ടുമൊരു അവസരം ഒരുക്കി നൽകിയെങ്കിലും നീക്കം ഗോൾകിക്കിൽ അവസാനിച്ചു. ആദ്യ പകുതിയുടെ 20 മിനിറ്റുകൾ പിന്നിടുമ്പോഴും ബ്രസീലും സ്വിറ്റ്സർലൻഡും ഒപ്പത്തിനൊപ്പമുള്ള പ്രകടനമായിരുന്നു. 27–ാം മിനിറ്റിൽ വിനീസ്യൂസിന്റെ വോളി സ്വിസ് ഗോളി യാൻ സോമർ രക്ഷിച്ചു. 25 വാര അകലെനിന്ന് റാഫീഞ്ഞ എടുത്ത ഷോട്ടും യാൻ സോമർ പിടിച്ചെടുത്തു. 37–ാം മിനിറ്റിൽ മിലിറ്റാവോയുടെ ഒരു ഗോൾ ശ്രമം സ്വിസ് താരം ഷാക്ക ബ്ലോക്ക് ചെയ്തു. റാഫിഞ്ഞയെടുത്ത കോർണറിൽനിന്ന് ഗോൾ നേടാനുള്ള തിയാഗോ സില്‍വയുടെ ശ്രമവും ലക്ഷ്യത്തിലെത്തിയില്ല. സ്വിസ് പ്രതിരോധ താരം നികോ എല്‍വെദിയുടെ ബ്ലോക്കിൽ പന്തു ഗോൾ പോസ്റ്റിലെത്തിയില്ല. ആദ്യപകുതി അവസാനിച്ചപ്പോൾ സ്റ്റേഡിയം 974ൽ ഗോൾ പിറന്നില്ല. ആദ്യ പകുതിയിൽ ഒരു ഗോൾ ശ്രമം മാത്രമാണ് സ്വിറ്റ്സർലൻഡിൽനിന്നുണ്ടായത്.
രണ്ടാം പകുതിയിൽ തുടക്കത്തില്‍ തന്നെ പക്വെറ്റയ്ക്ക് പകരം ബ്രസീല്‍ റോഡ്രിഗോയെ ഇറക്കി. രണ്ടാം പകുതി തുടങ്ങിയതും സ്വിറ്റ്സര്‍ലന്‍ഡ് ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫിനിങ്ങില്‍ പോരായ്മ വന്നു. 57-ാം മിനിറ്റില്‍ ബ്രസീലിന്റെ റിച്ചാര്ലിസണ് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല.
64-ാം മിനിറ്റില്‍ ബ്രസീല്‍ ഗോളടിച്ചെങ്കിലും വാറിന്റെ സഹായത്തോടെ റഫറി ഓഫ് സൈഡ് വിളിച്ചു. കാസെമിറോയുടെ പാസില്‍ വിനീഷ്യസ് ജൂനിയറാണ് വലകുലുക്കിയത്. ഗോള്‍ അനുവദിക്കുകയും ചെയ്തു. പിന്നീട് വാറിലൂടെ രംഗം പുനഃപരിശോധിച്ച് ഗോൾ അല്ലെന്ന് ഉറപ്പിക്കുകയായിരുന്നു. പിന്നീട് മത്സരം സമനിലയിലേക്ക് നീങ്ങിയപ്പോഴാണ് കാസിമിറോ ഗോളിലൂടെ കാനറികൾ വിജയം പിടിച്ചെടുത്തത്