Published:29 November 2022
ന്യൂഡല്‍ഹി : ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ 'ദ് കശ്മീര്‍ ഫയല്‍സി'നെ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച ഇസ്രയേലി ചലച്ചിത്രകാരന് നാദവ് ലാപിഡിനെ വിമര്‍ശിച്ച് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നാഒര്‍ ഗിലോണ്‍. 'ടിറ്ററില്‍ പോസ്റ്റ ചെയ്ത കുറിപ്പില്‍ ഗലോണ് ഇന്ത്യയോട് ക്ഷമ പറഞ്ഞിട്ടുണ്ട് .
കശ്മീര്‍ ഫയല്‍സിനെ പ്രചാരവേലാ ചിത്രമെന്നും അശ്ലീലമെന്നും വിശേഷിപ്പിച്ച ലാപിഡ്, ചലച്ചിത്ര മേളയുടെ ജൂറി പാനലിലേക്ക് അദ്ദേഹത്തെ ക്ഷണിച്ച ഇന്ത്യയെ അപമാനിച്ചു. ഞാനൊരു ചലച്ചിത്ര വിദഗ്ധനല്ല, പക്ഷേ ചരിത്രസംഭവങ്ങളെപ്പറ്റി ആഴത്തില്‍ പഠിക്കാതെ സംസാരിക്കുന്നത് മര്യാദകേടും വിവേകശൂന്യവുമാണെന്ന് എനിക്കറിയാം. ഇന്ത്യക്ക് ഇപ്പോഴും അതൊരു മുറിവാണ്.
കാരണം അതിനാല്‍ ബാധിക്കപ്പെട്ടവര്‍ ഇപ്പോഴും ഇവിടെയുണ്ട്. അവരിപ്പോഴും അതിനു വില കൊടുക്കുന്നുമുണ്ട്. ജൂതവംശഹത്യയെയും അതു പ്രമേയമായ സിനിമ 'ഷിന്‍ഡ്ലേഴ്സ് ലിസ്റ്റി'നെയും ലാപിഡ് സംശയിക്കുന്നു എന്ന മട്ടില്‍ ഇന്ത്യയില്‍ പ്രതികരണങ്ങളുണ്ടാകുന്നുണ്ട്. അതെന്നെ വേദനിപ്പിക്കുന്നു. ലാപിഡിന്റെ വാക്കുകള്‍ക്ക് ന്യായീകരണമില്ല. ഞാന്‍ അതിനെ അപലപിക്കുന്നു. ലാപിഡിന്റെ മോശം പെരുമാറ്റത്തിന് ഇന്ത്യയോട് മാപ്പു പറയുന്നെന്നും ഗിലോണ്‍ വ്യക്തമാക്കി