Published:29 November 2022
ഉത്തർപ്രദേശ്: ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ പെട്ടിയിൽ പൂട്ടിയിട്ട് ക്രൂരത. രണ്ടാനമ്മക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 307 (കൊലപാതകശ്രമം) പ്രകാരമാണ് പ്രതിയായ ശിൽപിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതി ഗർഭിണിയാണെന്നും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.
തിങ്കളാഴ്ച വൈകുന്നേരമാണ് കുട്ടിയെ കാണാതായത്. പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ കുട്ടിയെ അബോധാവസ്ഥയിൽ പെട്ടിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. രണ്ടാനമ്മയാണ് തന്നെ പെട്ടിക്കുള്ളിൽ പൂട്ടിയിട്ടതെന്ന് പെൺകുട്ടി പിന്നീട് പൊലീസിന് മൊഴി നല്കിയതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പറഞ്ഞു.
പിതാവ് സോനു ശർമ്മ തന്റെ ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം പുതിയ വിവാഹം കഴിക്കുകയായിരുന്നു. ഇവർക്കൊപ്പമാണ് ആദ്യ ഭാര്യയിലുണ്ടായ കുട്ടിയും താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.