Published:29 November 2022
തിന്മയിലൂടെ ജീവിത വിജയം നേടുന്ന നായകന്റെ കഥയുമായി തിയറ്ററില്‍ എത്തിയ ചിത്രമാണ് "മുകുന്ദനുണ്ണി അസോസിയേറ്റ്സ്'. കണ്ടു ശീലിച്ച വാര്‍പ്പ് മാതൃകയിലുള്ള നായക കഥാപാത്രം വിട്ടെറിഞ്ഞ് വേറിട്ട അഭിനയ ശൈലിയുമായി വിനീത് ശ്രീനിവാസന് ആദിമധ്യാന്തം മുകുന്ദനുണ്ണിയായി നിറഞ്ഞാടി.മലയാള സിനിമയില്‍ അധികം പ്രതിപാദിച്ച് കണ്ടിട്ടില്ലാത്ത പ്രമേയത്തെ കയ്യടക്കത്തോടെ സംവിധാനം നിര്‍വഹിച്ചത് എഡിറ്ററായ അഭിനവ് സുന്ദര്‍ നായക് ആണ്. തന്റെ കന്നി ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായകന് എന്ന പേരെടുക്കാന്‍ കഴിഞ്ഞ അഭിനവ് മെട്രൊ വാര്‍ത്തയോട് സംസാരിക്കുന്നു.
എങ്ങനെയാണ് മുകുന്ദനുണ്ണി ആസോസിയേറ്റ്സ് എന്ന ചിത്രത്തിന്റെ ആശയത്തിലേയ്ക്ക് വരുന്നത്?
ആദ്യ സിനിമ ചെയ്യാന്‍ വേണ്ടി അനവധി കഥകളിലൂടെ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്.ജീവിതത്തില്‍ ഉണ്ടാകുന്ന എന്തെങ്കിലും അനുഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സിനിമ ചെയ്യാനായിരുന്നു എനിക്കിഷ്ട്ടം.അത് ചിലപ്പോള്‍ നെഗറ്റീവും പോസിറ്റീവും ആകാമല്ലോ.അത്തരത്തില്‍ എനിക്കുണ്ടായ ചില അനുഭവങ്ങളാണ് മുകുന്ദനുണ്ണിയിലൂടെ ഞാന്‍ ലോകത്തോട് പറഞ്ഞത്.ഇങ്ങനെയും ഇവിടെ ചിലത് സംഭവിക്കുന്നുണ്ട് എന്ന് ജനത്തെ അറിയിക്കണം. അത് പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. ആദ്യം മനസിലേയ്ക്ക് വന്നത് ക്ലൈമാക്സ് ഭാഗം മാത്രമായിരുന്നു.അതിന് ശേഷം കോ.റൈറ്റര്‍ ആയ വിമല്‍ ഗോപാലകൃഷ്ണനുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് കേന്ദ്ര കഥാപാത്രത്തെ വക്കീലാക്കം എന്ന് തീരുമാനിക്കുന്നത്. ജീവിത വിജയം നേടുന്ന വിഷയമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.
ജീവിത വിജയം നേടുന്ന എല്ലാവരും സത്യസന്ധമായ വഴികളിലൂടെ സഞ്ചരിച്ച് തന്നെയാണോ വിജയം നേടുന്നത് എന്ന ആശയത്തെ മുനിര്‍ത്തിയുള്ള ചോദ്യങ്ങള്‍ സമൂഹത്തിന്റെ മുന്നിലേയ്ക്ക് വയ്ക്കുക എന്നതായിരുന്നു മുകുന്ദനുണ്ണിയിലൂടെ ഞാന്‍ പറയാനുദ്ദേശിച്ചത്.വക്കീലന്മാരും പൊലീസും ഇന്‍ഷുറന്‍സ് കമ്പനികളും കൂടി ചേര്‍ന്നുള്ള ഒരു മാഫിയയെക്കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്.
ഇത്തരമൊരു പശ്ചാത്തലം മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു.അതുകൊണ്ട് തന്നെ അല്‍പ്പം കൗതുകത്തോടെയും രസകരവുമായി ഞങ്ങള്‍ക്ക് ഈ പാശ്ചാത്തലത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മൂന്ന് മാസത്തോളം ഗവേഷണം നടത്തിയതിന് ശേഷമാണ് ഞങ്ങള്‍ ഈ ഭാഗങ്ങള്‍ എല്ലാം തന്നെ എഴുതി തീര്‍ത്തത്. എന്നാല്‍ ചിത്രത്തിന്റെ പ്രധാന ആശയത്തെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു ഭാഗം മാത്രമായിരുന്നു ഈ മാഫിയ.
സിനിമയില്‍ ആദ്യാവസാനം നായകനായ വിനീത് ശ്രീനിവാസന്റെ ശബ്ദ വിശദീകരണം ഉണ്ടല്ലോ?
ശരിക്കും അത്തരത്തിലൊരു ഐഡിയ കിട്ടിയത് ചിത്രീകരണം കഴിഞ്ഞ് എഡിറ്റ് ചെയ്യുന്ന സമയത്താണ്. കുശാഗ്രബുദ്ധിക്കാരായ ഇത്തരം ആളുകള്‍ പുറത്ത് അധികം സംസാരിക്കുന്നവരായിരിക്കില്ല. എല്ലാം ഉള്ളിലൊതുക്കി രഹസ്യമായി പ്രവര്‍ത്തിക്കുന്നവരായിരിക്കും. ആദ്യ ഭാഗത്ത് തിരക്കഥയില്‍ കുറച്ചുകൂടി ഡയലോഗ് ഉണ്ടായിരുന്നു. മുകുന്ദനുണ്ണി എപ്പോഴും ഒരു അന്തര്‍മുഖനായിരുന്നു. ചിന്തിക്കുന്നതൊന്നും പുറത്തറിയുകയോ പുറത്ത്കാണിക്കുകയോ ചെയ്യില്ല.അങ്ങനെയുള്ള ഒരു കഥാപാത്രത്തെക്കൊണ്ട് സിനിമയില്‍ അധികം ഡയലോഗ് പറയിപ്പിക്കുന്നതില്‍ കാര്യമില്ലന്ന് തോന്നി.
അതുകൊണ്ടാണ് എഡിറ്റ് സമയത്ത് അയാള്‍ പറയുന്ന പല ഡയലോഗുകളും ഒഴിവാക്കിയത്. നേരത്തെ തീരുമാനിച്ച സിനിമയുടെ മൊത്തം രൂപഘടനയും എഡിറ്റില്‍ പൊളിച്ച് മാറ്റിയതിന് ശേഷമാണ് ഇപ്പോഴത്തെ ഈ രീതി അവലംബിച്ചത്. ഞാന്‍ തന്നെയാണ് എഡിറ്റ് സമയത്ത് ശബ്ദം നല്‍കിയത്. മനോധർമ്മം അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് എനിക്കെപ്പോഴും ഇഷ്ട്ടം.ഞാന്‍ ഒരിക്കലും മുന്‍ധാരണയോടെ ഒരു കാര്യത്തെ ഉറപ്പിക്കുന്ന ആളല്ല.അവസാന നിമിഷംവരെ അത് മാറ്റത്തിന് വിധേയമായിക്കൊണ്ടേയിരിക്കും. അതാണ് രസവും ഹരവും നല്‍കുന്നത്.
മുകുന്ദനുണ്ണിയുടെ കഥ വിനീത് ശ്രീനിവാസനിലേയ്ക്ക് എത്തുന്നത് എങ്ങനെയാണ്?
കുറേ വര്‍ഷമായ് എനിക്ക് വിനീത് ശ്രീനിവാസനെ അറിയാം. അദ്ദേഹം സംവിധാനം നിര്‍വഹിച്ച "തിര' എന്ന ചിത്രത്തില്‍ ഞാന്‍ സംവിധാന സഹായി ആയിരുന്നു.മുകുന്ദനുണ്ണിയുടെ കഥ ഞാന്‍ ആദ്യം മറ്റൊരു നടനെ വച്ച് ചെയ്യാനായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്.തിരക്കഥ എഴുതി കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ വിനീതേട്ടന്റെ മുന്നില്‍ വായിച്ച് കേള്‍പ്പിച്ചിരുന്നു.അദ്ധേഹത്തിന്റെ ചില അഭിപ്രായങ്ങളും കൂടി കേട്ടതിന് ശേഷമാണ് ഞാന്‍ ആ നടനെ കാണാന്‍ പോയത്. എന്നാല്‍ ആ നടന് നേരത്തെ കരാര്‍ ഒപ്പിട്ട നിരവധി സിനിമകള്‍ ചെയ്ത് തീര്‍ക്കാനുണ്ടായിരുന്നു.അതുകൊണ്ട് തന്നെ മറ്റൊരു താരത്തെ തേടേണ്ടി വന്നു.
മറ്റ് താരങ്ങളെയൊന്നും കിട്ടിയില്ലെങ്കില്‍ ഞാന്‍ തന്നെ വന്ന് അഭിനയിക്കാമെന്ന് വിനീതേട്ടന് നേരത്തെ തന്നെ എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ കഥ പറഞ്ഞ മറ്റ് താരങ്ങള്‍ക്കെല്ലാം അവരുടേതായ തിരക്കുകള്‍ ഉണ്ടായിരുന്നു.എന്റെ സിനിമ മാത്രം ഒരു കാരണവുമില്ലാതെ വൈകിക്കൊണ്ടേയിരുന്നു. ഒടുവില്‍ വിനീതേട്ടനെ തന്നെ സമീപിച്ചു. നേരത്തെ കുറച്ചുകൂടി ബഡ്ജറ്റ് കൂടുതലുള്ള ഒരു കഥയായിരുന്നു മുകുന്ദനുണ്ണിയുടേത്.വിനീത് ശ്രീനിവാസനെ നായകനാക്കിയപ്പോള്‍ വീണ്ടും സിനിമയുടെ ബഡ്ജറ്റ് പല സ്ഥലങ്ങളിലും വെട്ടിക്കുറച്ചു. ചിത്രീകരണം തുടങ്ങിയപ്പോള്‍ നമുക്ക് തോന്നിയത് മൂന്ന് വര്‍ഷം മുന്നേ തന്നെ നമുക്ക് വിനീതേട്ടനെ തന്നെ കണ്ടാല്‍ മതിയെന്നായിരുന്നു.
നെഗറ്റീവ് ഷെയിടുള്ള നായകന്റെ കഥ പറയുന്നത് പൊതുവേ അല്‍പ്പം വെല്ലുവിളി നിറഞ്ഞ ഒന്നാണല്ലോ?
ജീവിത വിജയത്തെക്കുറിച്ചുള്ള ചില ചോദ്യങ്ങള്‍ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുക എന്നതാണ് ഞാന്‍ ഉദ്ദേശിച്ച ഒരേ ഒരു കാര്യം.ഞാന്‍ പറയാനുദ്ദേശിച്ച കാര്യത്തെക്കുറിച്ച് എനിക്ക് വ്യക്തയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും എനിക്ക് പ്രശ്നമില്ലായിരുന്നു.
നായകനെപ്പോലെ തന്നെ നായികയും നെഗറ്റീവാണല്ലോ?
ജീവിത വിജയം നേടുന്ന എല്ലാവരും ജനുവിനായിട്ടുള്ളവര് അല്ല എന്നായിരുന്നു ഞങ്ങളുടെ ആദ്യ ചിന്ത. അതോടൊപ്പം തന്നെ അത്തരം വ്യക്തികള്‍ക്ക് എല്ലാ സപ്പോര്‍ട്ടും നല്കി കൂടെ നില്ക്കാന് ഒരു സ്ത്രീ സാന്നിധ്യവും ഉണ്ടാവും. അത് മിക്കപ്പോഴും അവരുടെ ഭാര്യമാര്‍ ആയിരിക്കും.ലോകത്ത് അത്തരം നിരവധി ഉദാഹരണങ്ങളും ഉണ്ടല്ലോ.ഭര്‍ത്താവ് എത്ര മോശക്കാരനാണെങ്കിലും അവര്‍ ഒരു വലിയ കൈത്താങ്ങായി കൂടെതന്നെ ഉണ്ടാവും.വിജയിച്ച ഓരോ പുരുഷന്റെയും പിന്നില്‍ ഒരു സ്ത്രീയുണ്ട് (Behind every successful man there is a woman) എന്ന് പറയുമ്പോള്‍ അതില്‍ നന്മ മാത്രമല്ല തിന്മയും കൂടി ഉള്‍ക്കൊള്ളുന്നതായിരിക്കും.അത് തന്നെയാണ് മുകുന്ദനുണ്ണിയുടെ ഭാര്യയും ചെയ്യുന്നത്. മുകുന്ദനുണ്ണി ചെയ്യുന്ന എല്ലാ തിന്മയ്ക്കും അവര്‍ കൂട്ട് നില്ക്കുന്നു.
വളരെ വ്യത്യസ്ഥമായ രീതിയില്‍ ആയിരുന്നല്ലോ മുകുന്ദനുണ്ണിയുടെ മേക്കിംഗ്?
എനിക്കിഷ്ട്ടമുള്ള രീതിയിലുള്ള എല്ലാ പരീക്ഷണങ്ങളും എനിക്ക് ഈ സിനിമയില്‍ ചെയ്യാന്‍ കഴിഞ്ഞു.അതിനുള്ള എല്ലാ സ്വാതന്ത്ര്യവും എനിക്ക് നിര്‍മ്മാതാക്കളായ ജോയ് മൂവീസ് തന്നിരുന്നു.എന്നെ അത്രയ്ക് വിശ്വസം ഉള്ളതുകൊണ്ടായിരിക്കാം അവര്‍ ഇതിനെല്ലാം സമ്മതിച്ചത്. അഭി എന്തിനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ഒരു ഘട്ടത്തില്‍പ്പോലും അവര്‍ ചോദിച്ചിട്ടില്ല. സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി 1:1 എന്ന സ്ക്രീന്‍ റേഷ്യൂവില് ആണ് സിനിമ തിയെറ്ററില്‍ കാണാന്‍ കഴിയുക.
മുകുന്ദനുണ്ണിയുടെ കഥാപാത്രത്തിലേയ്ക്ക് കൂടുതല്‍ ഫോക്കസ് കൊണ്ടുവരുവാൻ വേണ്ടിയാണ് പ്രധാനമായും സ്ക്രീന്‍ റേഷ്യൂവില് മാറ്റം വരുത്തിയത്.അതുപോലെ തന്നെ ഈ സിനിമയില്‍ ലൊക്കേഷന്‍സ് പൊതുവേ കുറവായിരുന്നു.മുകുന്ദനുണ്ണിയുടെ വീട്, ആശുപത്രി, പോലീസ് സ്റ്റേഷന് തുടങ്ങിയ ചുരുക്കം ചില ലൊക്കേഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിങ്ങനെ മാറി മാറി കാണിക്കുമ്പോള്‍ ചിലപ്പോള്‍ ഒരു വിഷ്വല്‍ ലാഗ് അനുഭപെട്ടേക്കാം. പ്രേക്ഷകര്‍ അത് ആ രീതിയില്‍ പറയില്ല എങ്കിലും അവരുടെ മനസ്സില്‍ അത് അറിയാതെ തന്നെ വരും. ആ ലാഗ് ഒഴിവാക്കാന്‍ കൂടിയാണ് സ്ക്രീന്‍ റെഷ്യൂവില് മാറ്റം വരുത്തിയത്.
വിനീത് ശ്രീനിവാസന് എന്ന വ്യക്തിയെക്കുറിച്ച്?
വളരെ തുറന്ന ചിന്താഗതിക്കാരനായ ഒരാളാണ് വിനീതേട്ടന്.നമുക്ക് വളരെ ഫ്രീ ആയി എന്ത് വേണമെങ്കിലും ചേട്ടനോട് പറയാം. സംവിധായകന് പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുക്കുന്ന ഒരു നടനാണ് അദ്ദേഹം.ഈ സിനിമയില്‍ നായകന് പറയുന്ന പല കാര്യങ്ങളോടും വിനീതേട്ടന് യോജിപ്പില്ല. എന്നാല്‍ ഒരു വിയോജിപ്പും പറയാതെ തന്നെ അദ്ദേഹം ഈ സിനിമയില്‍ അഭിനയിച്ചു. മറ്റ് നായക നടന്മാര്ക്കൊന്നും ഇല്ലാത്ത ഒരു മേന്മയായി ഞാനതിനെ കാണുന്നു.എന്റെ ചിന്ത എന്താണോ അത് ചെയ്യാന്‍ വിടുക എന്ന പോളിസി ആയിരുന്നു വിനീതേട്ടന്.
സിനിമ അവസാനിക്കുന്നത് തിന്മ ചെയ്യുന്ന നായകന് വിജയിക്കുന്നതായിട്ടാണല്ലോ?
അതേ. തിന്മ ചെയ്യുന്നവരും ഈ ലോകത്ത് വിജയിക്കുന്നുണ്ട് എന്ന് തന്നെയാണ് ഞങ്ങള്‍ പറഞ്ഞു വയ്ക്കുന്നത്.തിന്മ ചെയ്യുന്ന നായകനെ മഹത്വവല്‍ക്കരിക്കുന്നു എന്ന രീതിയില്‍ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാല്‍ മുകുന്ദനുണ്ണിയുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് കഥ പറയാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. അതുവരെ സിനിമ കാണുന്ന പ്രേക്ഷകന് ചിലപ്പോള്‍ ആ ഭാഗത്തോട് യോജിക്കാന്‍ കഴിയില്ലായിരിക്കാം. പക്ഷേ മുകുന്ദനുണ്ണി വളരെ സന്തോഷവാനാണ്.
എങ്ങനെയാണ് സിനിമയിലേയ്ക്ക് വന്നത്?
ഞാന്‍ ഒരു എഡിറ്റര്‍ ആണ്. ഗോദ,ആനന്ദം എന്നിവ മലയാളത്തിലും ഉറിയടി, കുരങ്ങ്ബൊമൈ എന്നി ചിത്രങ്ങള്‍ തമിഴിലും എഡിറ്റ് ചെയ്തിട്ടുണ്ട്. വിനീത് ശ്രീനിവാസന്റെ കൂടെ തിര എന്ന ചിത്രത്തില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തിരക്കഥ എഴുതുന്ന സമയത്ത് തന്നെ ചിത്രീകരിക്കാന്‍ പോകുന്ന സീനിനെക്കുറിച്ച് നമുക്കൊരു മുന്‍ധാരണ ലഭിക്കാന്‍ സഹായിച്ചത് ഞാനൊരു എഡിറ്റര്‍ ആയതുകൊണ്ടാണ്.