Published:29 November 2022
മട്ടാഞ്ചേരി: കൊവിഡ് മഹാമാരിക്കു ശേഷം ടൂറിസം മേഖലയ്ക്കു പുത്തനുണർവേകി വിദേശ വിനോദ സഞ്ചാരികളുമായി ആദ്യ രാജ്യാന്തര ആഡംബര ടൂറിസ്റ്റ് കപ്പൽ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടു. എംഎസ് യൂറോപ്പ-2 എന്ന കപ്പലാണ് ഇന്നലെ രാവിലെ 7ന് ഗോവയിൽ നിന്നെത്തിയത്. 257 യാത്രക്കാരും 372 ജീവനക്കാരും ഉൾപെടെ 629 പേരാണ് കപ്പലിലുള്ളത്. ജർമനി, ഇറ്റലി, സ്വിറ്റ്സർലാൻഡ്, ഓസ്ട്രിയ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് കൂടുതലും.
താലപ്പൊലി, ശിങ്കാരി മേളം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ ഊഷ്മള സ്വീകരണമാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ഇന്ത്യ ടൂറിസം കൊച്ചിയും ചേർന്നൊരുക്കിയത്. സഞ്ചാരികൾ ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ചു. രാത്രി 10ഓടെ തായ്ലാൻഡിലേക്കു പോയി. സഞ്ചാരികൾക്കായി പുതിയ ക്രൂസ് ടെർമിനൽ തയാറായിരുന്നു. എമിഗ്രേഷൻ കൗണ്ടർ, കപ്പൽ ബർത്തിൽ തന്നെ കൂടുതൽ ആകർഷക സ്റ്റോറുകൾ എല്ലാം തുറമുഖ ട്രസ്റ്റ് ഒരുക്കിയിരുന്നു. ടൂറിസ്റ്റ് ബസ്, കാർ, ഓട്ടൊറിക്ഷയും എന്നിവയും സജീവമായിരുന്നു.
2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കൊച്ചിയിലേക്ക് ആഡംബര കപ്പലിൽ സഞ്ചാരികൾ എത്തുന്നത്. ഇതോടെ വിനോദ സഞ്ചാര മേഖലയിലെ പ്രധാന ക്രൂസ് ഹബ്ബുകളിലൊന്നായി വീണ്ടും കൊച്ചി ഉയരുകയാണ്. 16 കപ്പലുകളാണ് നവംബർ- മെയ് സീസണിൽ എത്തുക.
അസ്അമറ ക്വിസ്റ്റ്, സീബോൺ എൻകോർ, ഓഷ്യൻ നവട്ടിക, സിൽവർ സ്പിരിറ്റ് കപ്പലുകൾ അടുത്തമാസം എത്തും. ജനുവരിയിൽ 2, ഫെബ്രുവരിയിൽ 1, മാർച്ചിൽ 3, ഏപ്രിലിൽ 1, മെയിൽ 4 എന്നിങ്ങനെയാണ് ആഡംബര കപ്പലുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കൊവിഡാനന്തരം ആദ്യ ദിനങ്ങളിൽ എത്തുന്നത് ചെറിയ കപ്പലുകളാണ്. കേരളത്തിൽ ഒക്റ്റോബറോടെയാണ് ക്രൂസ് സീസൺ തുടങ്ങിയത്.