Published:30 November 2022
മുംബൈ: മഹാരാഷ്ട്ര എയർപോർട്ട് ഡെവലപ്മെന്റ് കമ്പനി (എംഎഡിസി) വിമാനത്താവളങ്ങളുടെ റൺവേ വികസിപ്പിക്കുമ്പോൾ എല്ലാ താലൂക്കുകളിലും ഹെലിപാഡുകളും നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ഗോസിഖുർദ്, കൊയാന അണക്കെട്ടുകളിലും കൊങ്കൺ മേഖലയിലും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ജലവിമാനങ്ങൾ ആരംഭിക്കുന്നതിനുള്ള ഒരു ഓപ്ഷൻ പര്യവേക്ഷണം ചെയ്യാനും അദ്ദേഹം എംഎഡിസിയോട് ആവശ്യപ്പെട്ടു.
എംഎഡിസിയുടെ 81-ാമത് ഡയറക്ടർ ബോർഡ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ഷിൻഡെ. "എല്ലാ താലൂക്കിലും ഒരു ഹെലിപാഡ് നിർമ്മിക്കുകയും അതിനുള്ള സ്ഥലം ഉടൻ നിശ്ചയിക്കുകയും വേണം. ഗുരുതരാവസ്ഥയിലുള്ള രോഗികളെ എയർലിഫ്റ്റ് ചെയ്യുന്നതിനുള്ള മെഡിക്കൽ സഹായത്തിനും ഹെലിപാഡ് ഉപയോഗിക്കും" ഷിൻഡെ പറഞ്ഞു. അമരാവതി, ഷിർദി, ഗോണ്ടിയ, രത്നഗിരി, സോലാപൂർ തുടങ്ങിയ വിമാനത്താവളങ്ങളേ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു.
സംസ്ഥാനത്ത് ആകെ 15 വിമാനത്താവളങ്ങളും 28 എയർസ്ട്രിപ്പുകളുമുണ്ട്. മുംബൈ, പൂനെ, നാഗ്പൂർ, ഔറംഗബാദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ അവയുടെ പൂർണ്ണ ശേഷിയിൽ ഉപയോഗിക്കുന്നുണ്ടെന്നും ഷിർദി വിമാനത്താവളത്തിൽ രാത്രി ലാൻഡിംഗ് സൗകര്യം ഒരുക്കുന്നതിനുള്ള നിർദ്ദേശം സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന് അയച്ചിട്ടുണ്ടെന്നും എംഎഡിസി വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ദീപക് കപൂർ പറഞ്ഞു.