Published:30 November 2022
ന്യൂഡൽഹി: എന്‍ഡി ടിവിയുടെ ഭൂരിപക്ഷം ഷെയറുകളും അദാനി ഗ്രൂപ്പ് കൈക്കലാക്കിയതോടെ ചാനലിന്റെ പ്രൊമോട്ടര്‍ കമ്പനിയായ ആര്.ആര്.പി.ആര് ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും മുതിർന്ന മാധ്യമ പ്രവർത്തകനായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവെച്ചു. ഇന്നലെ രാത്രിയാണ് ഇരുവരും രാജി സമർപ്പിച്ചത്.
പ്രണോയ് റോയിക്ക് ഇപ്പോഴും എൻഡിടിവിയിൽ പ്രൊമോട്ടർമാരായി 32.26 ശതമാനം ഓഹരിയുണ്ട്. വാർത്താ ചാനലിന്റെ ബോർഡിൽ നിന്ന് ഇദേഹം രാജിവച്ചിട്ടില്ല. ഇന്നലെ നടന്ന ആര്.ആര്.പി.ആര്.എച്ചിന്റെ യോഗത്തിന് പിന്നാലെയാണ് ഇരുവരുടെയും രാജിപ്രഖ്യാപനം.
കമ്പനി ബോര്‍ഡ് രാജി അംഗീകരിച്ചിട്ടുണ്ട്. സുദിപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്ന ചെങ്കല്‍വരയന്‍ എന്നിവരെ ഡയറക്ടര്‍മാരായും ആര്.ആര്.പി.ആര് ഹോള്‍ഡിങ് നിയമിച്ചു.ആർആർപിആർ വാർത്താ ചാനലിന്റെ 29.18 ശതമാനം ഓഹരിയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്നത്.
അതേസമയം അദാനി ഗ്രൂപ്പ് എന്‍ ഡി ടി വിയുടെ മറ്റ് ഓഹരി ഉടമകളില്‍ നിന്നും 26 ശതമാനം ഓഹരി കൂടി വാങ്ങാനുള്ള ഓപ്പണ്‍ ഓഫറുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ ആഗസ്റ്റിലാണ് അദാനി ഗ്രൂപ്പിന് ആര് ആര് പി എല്ലിന്റെ പൂര്‍ണ നിയന്ത്രണം ലഭിക്കുന്നത്. ഓപ്പണ്‍ ഓഫറായി വെച്ച 26 ശതമാനം ഓഹരി കൂടി ലഭിച്ചാല്‍ അദാനി ഗ്രൂപ്പിന് മൊത്തം ഓഹരി 55.18 ശതമാനമാകും. അങ്ങനെ വന്നാല്‍ അദാനി ഗ്രൂപ്പ് എന്‍ ഡി ടി വിയുടെ മാനേജ്മെന്റിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുന്നതിലേക്ക് ഇത് നയിക്കും.