Published:30 November 2022
മുംബൈ: വരാനിരിക്കുന്ന ബിഎംസി തിരഞ്ഞെടുപ്പിൽ ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെയും പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജൻ അഘാഡിയും സഖ്യമുണ്ടാക്കുമെന്ന് ഏതാണ്ട് ഉറപ്പായി. സംസ്ഥാന വിബിഎ അധ്യക്ഷ രേഖ താക്കൂറാണ് ഇക്കാര്യം ഇന്നലെ സ്ഥിരീകരിച്ചത്.
ബിജെപിയെയും ബാലാസാഹെബാഞ്ചി ശിവസേനയെയും(ഷിൻഡെ വിഭാഗം) നേരിടാനുള്ള തീരുമാനത്തിൽ ശിവശക്തിയും ഭീം ശക്തിയും തമ്മിലുള്ള ഒരു കൂട്ടുകെട്ട് ഒരുപാട് ഗുണം ചെയ്യുമെന്ന് ഒരു സേന വിഭാഗം (ഉദ്ധവ് വിഭാഗം) മുതിർന്ന നേതാവ് ഇന്നലെ പറയുകയുണ്ടായി.
ശിവസേന യുബിടി നേതാവ് സുഭാഷ് ദേശായിയുമായി രണ്ട് കൂടിക്കാഴ്ച്ചകൾ നടത്തിയിട്ടുണ്ടെന്നും ഞങ്ങൾ സഖ്യം രൂപീകരിക്കാൻ തയ്യാറാണെന്നും ഠാക്കൂർ പറഞ്ഞു. വിബിഎ സംസ്ഥാന കമ്മിറ്റി അംഗം മഹേന്ദ് റൊക്കഡെ, മുംബൈ മേഖലാ പ്രസിഡന്റ് അബുൽ ഹസൻ, റീജിയണൽ പ്രസിഡന്റ് നിലേഷ് വിശ്വകർമ എന്നിവർ ശിവസേന യുബിടി നേതാവ് സുഭാഷ് ദേശായിയുമായും മറ്റ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയതായും അവർ സ്ഥിരീകരിച്ചു.
ഈ കൂടിക്കാഴ്ചകയിൽ പുതിയ തീരുമാനങ്ങൾ എടുത്തു, ഒരുമിച്ച് പ്രവർത്തിക്കാൻ തന്നെ തീരുമാനിച്ചുവെന്നാണ് വി ബി എ നേതാവ് പറഞ്ഞത്.
ഠാക്കൂർ പറയുന്നതനുസരിച്ച്, സേനാ നേതാവ് ദേശായി പ്രകാശ് അംബേദ്കറെ കണ്ടിരുന്നുവെന്നും നിർദിഷ്ട സഖ്യത്തിന്റെ രീതികൾ ചർച്ച ചെയ്യാൻ ഇരുവരും തമ്മിൽ രണ്ട് പ്രാവശ്യം കൂടിക്കാഴ്ചകൾ നടന്നതായും ആവർത്തിച്ചു.